News

ലൈംഗികാതിക്രമം ചെറുക്കുന്നതിനിടെ മലയാളി യുവതി കൊല്ലപ്പെട്ട സംഭവം; കടുത്ത പ്രതികരണവുമായി നടി പാർവതി തിരുവോത്ത്

ബെംഗളൂരുവിൽ തൊഴിലുടമയുടെ ക്രൂരമർദനത്തിന് ഇരയായി മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ശക്തമായ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. തെരുവുനായ സംരക്ഷണ കേന്ദ്രം നടത്തിയിരുന്ന കൊല്ലം സ്വദേശിനി സുനിത സ്മിത (47) കൊല്ലപ്പെട്ട സംഭവത്തിലാണ് താരം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ തന്റെ ദുഃഖവും രോഷവും പങ്കുവെച്ചത്.

ലൈംഗികാതിക്രമ ശ്രമം ചെറുക്കുന്നതിനിടെയാണ് സുനിതയെ തൊഴിലുടമ ക്രൂരമായി മർദിച്ചതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സംഭവത്തിൽ പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്യാത്തതിനെ പാർവതി ചോദ്യം ചെയ്തു. “ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും സ്നേഹവും അനുകമ്പയുമുള്ള സ്ത്രീകളിൽ ഒരാൾ തന്റെ കൊലയാളിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരിക്കുന്നു. ഇതറിഞ്ഞതുമുതൽ എനിക്ക് കരച്ചിൽ നിയന്ത്രിക്കാനായിട്ടില്ല,” എന്ന് താരം കുറിച്ചു.

സുനിതയുടെ ജീവിതം ഏറെ സംഘർഷഭരിതമായിരുന്നുവെന്നും, ഭർത്താവിനും മകനും കൂടാതെ 167 നായകളെയും സംരക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു അവർ എന്നും പാർവതി പറഞ്ഞു. നിരവധി ആക്രമണങ്ങൾ നേരിട്ടിട്ടും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന സുനിത, പിന്നീട് വരുമാന ആവശ്യത്തിനായാണ് തൊഴിൽ തേടിയത് എന്നും അവർ ചൂണ്ടിക്കാട്ടി.

“ദയയുള്ള ഹൃദയം അവളെ മരണത്തിലേക്ക് നയിച്ചോ? ഇതെങ്ങനെ സംഭവിക്കുന്നു?” എന്നിങ്ങനെ വികാരഭരിതമായ കുറിപ്പുകളും താരം പങ്കുവെച്ചു. സ്ത്രീസുരക്ഷ സംബന്ധിച്ച സമൂഹത്തിന്റെ സമീപനത്തെയും നിലവിലെ സംവിധാനങ്ങളെയും കുറിച്ചും പാർവതി വിമർശനം ഉയർത്തി.

ബെംഗളൂരുവിന് സമീപമുള്ള ഉൾഗ്രാമത്തിലെ നായ സംരക്ഷണ കേന്ദ്രത്തിലാണ് സംഭവം നടന്നത്. ദീപക് കൃഷ്ണൻ എന്ന വ്യക്തിയാണ് സുനിതയെ ജോലിക്കായി എത്തിച്ചതെന്ന് റിപ്പോർട്ടുണ്ട്. ലൈംഗികാതിക്രമ ശ്രമം ചെറുത്തതോടെ ഇയാൾ സുനിതയെ ക്രൂരമായി മർദിച്ചതായാണ് വിവരം. ഗുരുതരമായി പരിക്കേറ്റ സുനിത പിന്നീട് ചികിത്സയ്ക്കിടെ മരിച്ചു.

സംഭവത്തിൽ ബെംഗളൂരു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button