നിങ്ങള്‍ ഒരു രത്‌നമാണ്; അജിത്തിനെക്കുറിച്ച് പ്രിയാ വാര്യര്‍

ഒറ്റ കണ്ണിറുക്കലിലൂടെ ലോകമെമ്പാടും ആരാധകരെ നേടിയെടുത്ത നടിയാണ് പ്രിയ വാര്യര്‍. ഇപ്പോഴിതാ ഒറ്റ ചിരിയിലൂടെ പ്രിയ വീണ്ടും തരംഗമായി മാറിയിരിക്കുകയാണ്. അജിത് നായകനായെത്തിയ ഗുഡ് ബാഡ് അഗ്ലിയാണ് പ്രിയയുടേതായി ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രം. ഗുഡ് ബാഡ് അഗ്ലിയില്‍ നിത്യ എന്ന കഥാപാത്രത്തെയാണ് പ്രിയ അവതരിപ്പിച്ചത്.
സിനിമ റിലീസ് ചെയ്തതിന് പിന്നാലെ പ്രിയയുടെ നൃത്ത രംഗവും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. നടന്‍ അര്‍ജുന്‍ ദാസിനൊപ്പമുള്ള ചിത്രത്തിലെ പ്രിയയുടെ നൃത്തച്ചുവടുകളാണ് ട്രെന്‍ഡിങ്ങായി മാറിയത്. ഇപ്പോഴിതാ അജിത്തിന് നന്ദി പറഞ്ഞുകൊണ്ട് പ്രിയ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. അജിത്തിന്റെ കടുത്ത ആരാധികയാണ് താനെന്നും പ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുണ്ട്. ഒരു ആരാധിക കൂടിയായ തനിക്ക് താങ്കളോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കാണുന്നുവെന്നാണ് പ്രിയ വാര്യര്‍ കുറിച്ചത്.
ഗുഡ് ബാഡ് അഗ്ലിയുടെ ഷൂട്ടിങ് തുടങ്ങിയത് മുതല്‍ അവസാനിക്കുന്നത് വരെ അജിത് നല്‍കിയ പരിഗണനയും സ്‌നേഹവും ഒരിക്കലും മറക്കില്ലെന്നും പ്രിയ പറയുന്നു. കുടുംബം, കാറുകള്‍, യാത്രകള്‍, റേസിങ് തുടങ്ങിയവയെ കുറിച്ച് സംസാരിക്കുമ്പോള്‍ താങ്കളുടെ കണ്ണുകളിലെ തിളക്കം എന്നെ അത്ഭുതപ്പെടുത്തി. തന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷം അജിത് സാറിനൊപ്പം അഭിനയിച്ചതാണെന്നും പ്രിയ കുറിച്ചു.
ഒരു വ്യക്തിയെന്ന നിലയില്‍ നിങ്ങളെ അറിയാനും നിങ്ങളിലെ നടനോടൊപ്പം പ്രവര്‍ത്തിക്കാന്‍ എനിക്ക് അവസരം ലഭിച്ചതിലും വളരെയധികം നന്ദിയുള്ളവളായിരിക്കും താനെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു.