Cinema

രണ്ട് വര്‍ഷത്തിന് ശേഷം റിമ കല്ലിങ്കല്‍, സംവിധാനം സജിന്‍ ബാബു; ‘തീയേറ്റര്‍’ ടീസര്‍ എത്തി

റിമ കല്ലിങ്കലും സരസ ബാലുശ്ശേരിയും പ്രധാന വേഷങ്ങളിലെത്തുന്ന ‘തിയേറ്റർ: ദി മിത്ത് ഓഫ് റിയാലിറ്റി’യുടെ ട്രെയിലർ അനൗണ്‍സ്മെന്‍റ് ടീസർ പുറത്ത്. 2025 ലെ കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ മാർഷെ ഡു ഫിലിമിൽ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പ്രദര്‍ശിപ്പിക്കും. ദേശീയ അവാർഡ് കരസ്ഥമാക്കിയ ബിരിയാണിക്ക് ശേഷം സജിൻ ബാബു സംവിധാനം ചെയ്ത ചിത്രമാണിത്. സജിൻ ബാബു തന്നെ രചനയും നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രം മറഞ്ഞുപോകുന്ന ആചാരങ്ങളെയും സ്ത്രീ മൂല്യങ്ങളെയും വിശ്വാസവും മിത്തും യാഥാർഥ്യവും തമ്മിലുള്ള വ്യത്യാസങ്ങളെയുമാണ് ദൃശ്യവത്കരിക്കുന്നത്.

ഇന്നത്തെ ലോകത്ത് മനുഷ്യർ സ്വന്തം വിശ്വാസങ്ങൾക്കും ആവശ്യങ്ങൾക്കും അനുസരിച്ചു യാഥാർത്ഥ്യങ്ങളെ സ്വയം വ്യാഖ്യാനിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. അഞ്ജന ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സന്തോഷ് കോട്ടായിയാണ് ചിത്രത്തിന്റെ സഹനിർമാതാവ്.

റിമ കല്ലിങ്കലും സരസ ബാലുശ്ശേരിയും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിൽ ഡെയിന്‍ ഡേവിസ്, പ്രമോദ് വെളിയനാട്, കൃഷ്‌ണൻ ബാലകൃഷ്‌ണൻ, മേഘ രാജൻ, ആൻ സലിം, ബാലാജി ശർമ, ഡി രഘൂത്തമൻ, അഖിൽ കവലയൂർ, അപർണ സെൻ, ലക്ഷ്‌മി പത്മ, മീന രാജൻ, ആർ ജെ അഞ്ജലി, മീനാക്ഷി രവീന്ദ്രൻ, അശ്വതി, അരുൺ സോൾ, രതീഷ് രോഹിണി തുടങ്ങിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് റിമ കല്ലിങ്കലിന് മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സിന്റെ അവാർഡ് ലഭിച്ചിരുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ശ്യാമപ്രകാശ് എം എസ് ആണ്. എഡിറ്റിംഗ് അപ്പു ഭട്ടത്തിരിയും സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് സെയ്‌ദ് അബാസുമാണ്. ഗായത്രി കിഷോറാണ് ചിത്തത്തിന്റെ വസ്ത്രാലങ്കാരം കൈകാര്യം ചെയ്തിരിക്കുന്നത്. പ്രൊസ്റ്റെറ്റിക് & മേക്കപ്പ് സെതു ശിവനന്ദൻ & അഷ് അഷ്‌റഫ്, സിങ്ക് സൗണ്ട് ഹരികുമാർ മാധവൻ നായർ, സൌണ്ട് മിക്സിംഗ് ജോബിൻ രാജ്, സൗണ്ട് ഡിസൈൻ സജിൻ ബാബുവും ജുബിൻ രാജും ചേർന്നാണ്. അജിത് സാഗർ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും സുബാഷ് സണ്ണി ലൈൻ പ്രൊഡ്യൂസറുമാണ്. മാർക്കറ്റിംഗും കമ്യൂണിക്കേഷനും കൈകാര്യം ചെയ്യുന്നത് ഡോ.സംഗീത ജനചന്ദ്രനാണ് (സ്റ്റോറീസ് സോഷ്യൽ).

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button