ദുൽഖറിന്റെ ‘ഐ ആം ഗെയിം’ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു; സെപ്റ്റംബർ 3ന് ആഗോള റിലീസ്

കൊച്ചി: ദുൽഖർ സൽമാൻ നായകനാകുന്ന ‘ഐ ആം ഗെയിം’ ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം 2026 സെപ്റ്റംബർ 3ന് ആഗോളതലത്തിൽ വമ്പൻ റിലീസായി പ്രേക്ഷകരിലെത്തും. നേരത്തെ ഓണം റിലീസായി ഓഗസ്റ്റ് 20ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം കൂടുതൽ വിപുലമായ റിലീസ് ഒരുക്കുന്നതിനായാണ് മാറ്റിയത്.
വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജോം വർഗീസും ചേർന്ന് നിർമിക്കുന്ന ബിഗ് ബജറ്റ് ഫാന്റസി ത്രില്ലറാണ് ‘ഐ ആം ഗെയിം’. നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം എത്തുന്നത്. കൂടുതൽ രാജ്യങ്ങളിലേക്കും പ്രേക്ഷകരിലേക്കും ചിത്രം എത്തിക്കാനാണ് റിലീസ് തീയതി സെപ്റ്റംബർ മൂന്നിലേക്ക് മാറ്റിയതെന്ന് ദുൽഖർ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
ചിത്രത്തിന്റെ ട്രെയ്ലറിനും ആദ്യ ഗാനത്തിനും ഇതിനോടകം മികച്ച പ്രതികരണമാണ് ലഭിച്ചത്. ആക്ഷൻ, ചേസ് രംഗങ്ങൾ ഉൾപ്പെടെയുള്ള വമ്പൻ ദൃശ്യങ്ങളാണ് ട്രെയ്ലറിൽ ശ്രദ്ധ നേടിയത്. മലയാള സിനിമയിൽ വ്യത്യസ്തമായ സ്റ്റൈലിഷ് ഫാന്റസി ത്രില്ലർ അനുഭവമാണ് ചിത്രം സമ്മാനിക്കുകയെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായി ഒരുങ്ങുന്ന ‘ഐ ആം ഗെയിം’ അദ്ദേഹത്തിന്റെ 40-ാമത്തെ ചിത്രം കൂടിയാണ്. ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.
ജേക്സ് ബിജോയ് ആണ് സംഗീതം ഒരുക്കുന്നത്. അൻപറിവ് മാസ്റ്റേഴ്സാണ് ആക്ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്നത്. ജിംഷി ഖാലിദ് ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിംഗും നിർവഹിക്കുന്നു.
നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയാക്കിയ ‘ഐ ആം ഗെയിം’ മലയാളത്തിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായി എത്തുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.



