കുഞ്ഞുചിരികളോടെ വാത്സല്യം പങ്കിട്ട് മെഗാസ്റ്റാർ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ഇരട്ടക്കുട്ടികളായ ഉയിരിന്റെയും ഉലകിന്റെയും കളിചിരികൾ ആസ്വദിക്കുന്ന മനോഹരമായ ചിത്രങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവെച്ച് മെഗാസ്റ്റാർ മമ്മൂട്ടി. നയൻതാരയെയും ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവനെയും ടാഗ് ചെയ്തുകൊണ്ട് ‘മമ്മൂട്ടി കമ്പനി’യുടെ ഔദ്യോഗിക പേജിലൂടെയാണ് ഈ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
“Little giggles, big smiles, and a whole lot of happiness ” എന്ന ഹൃദ്യമായ അടിക്കുറിപ്പോടെയാണ് മമ്മൂട്ടി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടികളുടെ കളിചിരികൾ നിറഞ്ഞ വാത്സല്യത്തോടെ നോക്കിയിരിക്കുന്ന മെഗാസ്റ്റാറിന്റെ ചിത്രങ്ങൾ ആരാധകർ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. പോസ്റ്റ് ചെയ്ത് നിമിഷനേരങ്ങൾക്കകം ലക്ഷക്കണക്കിന് ലൈക്കുകളും കമന്റുകളുമാണ് ചിത്രത്തിന് താഴെ വരുന്നത്.
മലയാള സിനിമയിലെ ഈ ഹിറ്റ് കോമ്പോ ഏറ്റവും ഒടുവിലായി ഒന്നിച്ച് അഭിനയിച്ചത് 2016-ൽ പുറത്തിറങ്ങിയ എ.കെ. സാജൻ ചിത്രം ‘പുതിയ നിയമ’ത്തിലായിരുന്നു. നീണ്ട ഒൻപത് വർഷങ്ങൾക്ക് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘പേട്രിയറ്റ്’ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് ഭാഗമായെങ്കിലും ഇവർക്ക് ഒരുമിച്ച് കോമ്പിനേഷൻ സീനുകൾ ഉണ്ടായിരുന്നില്ല.
‘ഭാസ്കർ ദ റാസ്കൽ’, ‘രാപ്പകൽ’, ‘തസ്കരവീരൻ’ തുടങ്ങിയ ചിത്രങ്ങളിലെ ഇവരുടെ കെമിസ്ട്രി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ബിഗ് ബജറ്റ് ചിത്രമായ ‘മട്ടാഞ്ചേരി മാഫിയ’, പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ ‘പദയാത്ര’ തുടങ്ങി വ്യത്യസ്തമായ ഒരുപിടി ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നത്. സുന്ദർ സി. സംവിധാനം ചെയ്യുന്ന ഫാന്റസി കോമഡി ചിത്രം ‘മൂക്കുത്തി അമ്മൻ 2’, ‘മണ്ണങ്കട്ടി: സിൻസ് 1960’ തുടങ്ങിയ ശ്രദ്ധേയമായ തെന്നിന്ത്യൻ പ്രൊജക്ടുകളിലൂടെ നയൻതാരയും ബിഗ് സ്ക്രീനിൽ സജീവമാകാൻ ഒരുങ്ങുകയാണ്.



