Cinema

ദിലീപ് ചിത്രം ‘നീക്കം’! റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിലീപ് ചിത്രം ‘നീക്ക’ത്തിന്റെ റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു. പ്രശസ്ത നിർമ്മാതാവ് എ.വി. അനൂപ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കെ. കുമരേഷ് ബാബുവിന്റെ നിർണ്ണായകമായ ഇടക്കാല ഉത്തരവ്. ചിത്രത്തിന്റെ പ്രധാന നിർമ്മാതാവായ സന്ദീപ് സേനനുമായുള്ള സാമ്പത്തിക തർക്കമാണ് കോടതി നടപടിയിലേക്ക് നയിച്ചത്. സിനിമയുടെ നിർമ്മാണ കരാർ ലംഘിച്ചുവെന്നും സന്ദീപ് സേനൻ നൽകിയ വൻതുകയുടെ ചെക്ക് മടങ്ങിയെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. നിർമ്മാണ കരാറുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഔദ്യോഗിക മധ്യസ്ഥതയിലൂടെ പരിഹരിക്കുന്നത് വരെ ഹർജിക്കാരന്റെ താല്പര്യങ്ങൾ സംരക്ഷിക്കാൻ റിലീസ് തടഞ്ഞുകൊണ്ടുള്ള സ്റ്റേ അനിവാര്യമാണെന്ന് കോടതി വിലയിരുത്തി.

പ്രശസ്ത സംവിധായകൻ ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ‘നീക്ക’ത്തിനുണ്ട്. ജനപ്രിയ നായകൻ ദിലീപിന്റെ കരിയറിലെ 152-ാമത്തെ ചിത്രമായ ഇത് ഒരു കംപ്ലീറ്റ് ഇമോഷണൽ ഡ്രാമ ത്രില്ലർ ജോണറിലാണ് ഒരുങ്ങുന്നത്. ഉർവശി തിയേറ്റേഴ്സ്, കാക്ക സ്റ്റോറീസ് എന്നീ ബാനറുകളിൽ സന്ദീപ് സേനൻ, അലക്സ് ഇ. കുര്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംഗീത് സേനൻ, നിമിത ഫ്രാൻസിസ് എന്നിവർ സഹനിർമ്മാതാക്കളായ ചിത്രത്തിൽ രഘു സുഭാഷ് ചന്ദ്രൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും മനു ആലുക്കൽ പ്രൊജക്റ്റ് ഡിസൈനറായും പ്രവർത്തിക്കുന്നു. റിലീസിന് തൊട്ടുമുൻപ് ഉണ്ടായ ഈ കോടതി വിലക്ക് സിനിമാ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button