ലോകം കാണാതെ മറച്ചു പിടിച്ച കണ്ണീർ ഞാൻ ഓർക്കും വിരാട് കോലി വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വൈകാരിക കുറിപ്പുമായി ഭാര്യ അനുഷ്ക ശര്‍മ്മ

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ഇതിഹാസ താരം വിരാട് കോലി വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വൈകാരിക കുറിപ്പുമായി ഭാര്യ അനുഷ്ക ശര്‍മ്മ. സമൂഹമാധ്യമത്തിൽ കോലിക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് അനുഷ്കയുടെ കുറിപ്പ്. ഓരോ ടെസ്റ്റ് മത്സരങ്ങള്‍ക്ക് ശേഷവും സ്വയം നവീകരിക്കപ്പെടുന്ന കോലിയെയാണ് താൻ കണ്ടതെന്ന് അനുഷ്ക പറയുന്നു. ആരാധകർ കോലിയുടെ റെക്കോർഡുകളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും വാചാലരാകുമ്പോൾ അതിനായുള്ള കണ്ണീരും പോരാട്ടങ്ങളും താനെപ്പോഴും ഓർക്കുമെന്നും അനുഷ്ക കുറിച്ചു.
അനുഷ്കയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:
‘‘റെക്കോർഡുകളെക്കുറിച്ചും നിങ്ങള്‍ താണ്ടിയ നാഴികക്കല്ലുകളെക്കുറിച്ചും അവർ സംസാരിക്കും. പക്ഷേ നിങ്ങൾ ലോകത്തെ കാണിക്കാതെ മറച്ചുപിടിച്ച കണ്ണുനീർ, ആരും കാണാത്ത നിങ്ങളുടെ പോരാട്ടങ്ങൾ, ഈ ഫോർമാറ്റിനോട് നിങ്ങൾ കാട്ടിയ അചഞ്ചലമായ സ്നേഹം എന്നിവ ഞാൻ ഓർക്കും. ഇതെല്ലാം നിങ്ങള്‍ക്ക് എന്തുമാത്രം പ്രിയപ്പെട്ടതായിരുന്നു എന്ന് എനിക്കറിയാം. ഓരോ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷവും, നിങ്ങൾ കുറച്ചുകൂടി ബുദ്ധിമാനും, അല്പം വിനയാന്വിതനുമായാണ് തിരിച്ചുവന്നത് – നിങ്ങൾ സ്വയം നവീകരിക്കപ്പെടുന്നത് ഞാന്‍ കണ്ടു.
നിങ്ങൾ വെള്ള വസ്ത്രത്തിലാകും രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കുക എന്നായിരുന്നു ഞാൻ പ്രതീക്ഷിച്ചത്. പക്ഷേ, നിങ്ങൾ എല്ലായ്പ്പോഴും നിങ്ങളുടെ ഹൃദയത്തെ പിന്തുടർന്നു. അതിനാൽ എന്റെ സ്നേഹം അറിയിക്കാന്‍ ഞാൻ ആഗ്രഹിക്കുന്നു, ഈ വിടവാങ്ങലിലെ ഓരോ ബഹുമതിയും നിങ്ങൾ അര്‍ഹിക്കുന്നതാണ്.’’ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പയ്ക്കുള്ള ടീം പ്രഖ്യാപനത്തിനു മുന്നോടിയായുള്ള ചർച്ചകൾ സജീവമാകുന്നതിനിടെയാണ് വിരാട് കോലി വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിഷയത്തില്‍ പുനരാലോചന വേണമെന്ന ബിസിസിഐയുടെ നിര്‍ദേശവും തള്ളിക്കൊണ്ടാണ് സൂപ്പര്‍ താരത്തിന്റെ പ്രഖ്യാപനം. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം.