ശബരിമലയിൽ ക്ലൈമാക്സ് ഷൂട്ട് ബാക്കി; പ്രധാന ചിത്രീകരണം പൂർത്തിയാക്കി ‘അതിമനോഹരം’

ആഷിക്ക് ഉസ്മാൻ പ്രൊഡയ്ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന സിനിമയുടെ ചിത്രീകരണം തൊണ്ണൂറ് ദിവസത്തോളം പൂർത്തിയാക്കി തൊടുപുഴയിൽ പുരോഗമിക്കുന്നു. കൊച്ചിയിലും രണ്ടാഴ്ച്ചയോളം നീണ്ടുനിന്ന ചിത്രീകരണം ഈ സിനിമയ്ക്ക് ഉണ്ടായിരുന്നു. ജൂൺ ഇരുപതോടെ നിലവിലെ ഷെഡ്യൂൾ പൂർത്തിയാക്കുന്ന ചിത്രം പിന്നീട് ജൂലൈ പകുതിയോടെ പുനരാരംഭിക്കും. ജൂൺ അവസാന വാരത്തിൽ മോഹൻലാൽ യൂറോപ്യൻ പര്യടനം ആരംഭിക്കുന്നതു കൊണ്ടാണ് ഇപ്പോൾ ഷെഡൂൾ പൂർത്തിയാക്കുന്നതെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി.
ജൂലൈ പകുതിയിൽ മോഹൻലാൽ മടങ്ങിയെത്തുന്നതോടെ സിനിമയുടെ അവസാനഘട്ട ചിത്രീകരണം ആരംഭിക്കും. തൊടുപുഴ, കൊച്ചി, ശബരിമല, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലായാണ് അവസാനഘട്ട ചിത്രീകരണം പൂർത്തിയാകുന്നത്. 120 ദിവസത്തോളം നിശ്ചയിച്ച ചിത്രീകരണത്തിൻ്റെ പ്രധാന ഭാഗങ്ങളൊക്കെ പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. ലൗലജൻ എന്ന സാധാരണക്കാരനായ ഒരു പൊലീസ് സബ്ബ് ഇൻസ്പക്ടറുടെ ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും അരങ്ങേറുന്ന സംഭവങ്ങളാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. നായികയായി എത്തുന്നത് മീര ജാസ്മിനാണ്. വലിയൊരു സംഘം അഭിനേതാക്കളുടെ സാന്നിദ്ധ്യവും ഈ ചിത്രത്തെ ഏറെ ആകർഷമാക്കുന്നു.

ലാലു അലക്സ്,, മനോജ് കെ ജയൻ, ജഗദീഷ്, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന എന്നിവരും പ്രധാന താരങ്ങളാണ്. ഇഷ്ക്ക്, ആലപ്പുഴ ജിംഖാന, മഹാറാണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ. സംഗീതം ജേക്സ് ബിജോയ്, ഛായാഗ്രഹണം ഷാജികുമാര്‍, എഡിറ്റിംഗ് വിവേക് ഹർഷൻ, ഓഡിയോഗ്രഫി വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ്, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ മഷർ ഹംസ, കോ-ഡയറക്ടർ ബിനു പപ്പു, ചീഫ് അസോസിയേറ്റ് ഡയറക്ടർ മിറാഷ് ഖാൻ, അസോസിയേറ്റ് ഡയറക്ടർ അഫ്നാസ്, മോഹിത് കൃഷണൻ, സ്റ്റിൽസ് അമൽ സി സദർ, പ്രൊഡക്ഷൻ മാനേജർ ജോമോൻ ജോയ് ചാലക്കുടി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എസ്സാൻ, പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്ന്. സെൻട്രൽ പിക്ചേഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കും. പിആര്‍ഒ വാഴൂർ ജോസ്.


