News

വിജയ്‌യെ വിമർശിച്ചോ? ‘എനിക്ക് വേറെ പണിയുണ്ട്’ എന്ന മറുപടിയുമായി വിജയ് സേതുപതി

ബിഗ് ബോസ് തമിഴ് സീസൺ 10-ൽ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യെ വിമർശിച്ചെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി നടൻ വിജയ് സേതുപതി. വിജയ്‌യുടെ രാഷ്ട്രീയ നിലപാടുകളെയും പദ്ധതികളെയും നിരീക്ഷിക്കേണ്ടത് തന്റെ ജോലിയല്ലെന്നും ഒരു നടൻ എന്ന നിലയിൽ മാത്രമാണ് അദ്ദേഹത്തെ അറിയുന്നതെന്നും വിജയ് സേതുപതി വ്യക്തമാക്കി. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ തനിക്ക് താൽപര്യമില്ലെന്നും രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായം പറയണമെങ്കിൽ അവയെക്കുറിച്ച് വ്യക്തമായ അറിവുണ്ടാകണമെന്നും താരം കൂട്ടിച്ചേർത്തു. ഗലാട്ട തമിഴ് പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“ഒരു നടൻ എന്ന നിലയിലാണ് എനിക്ക് വിജയ് സാറിനെ അറിയാവുന്നത്. ഞാൻ അദ്ദേഹത്തിനൊപ്പം അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയ പദ്ധതികൾ പൂർണ്ണമായും അദ്ദേഹത്തിന്റേതാണ്. അത് സൂക്ഷ്മമായി നിരീക്ഷിക്കുക എന്നതല്ല എന്റെ ജോലി. എനിക്ക് വേറെ പണിയുണ്ട്. രാഷ്ട്രീയം ഒരിക്കലും ഒരു ആഗ്രഹമല്ല, അതൊരു സേവനമാണ്,” വിജയ് സേതുപതി പറഞ്ഞു.

രാഷ്ട്രീയത്തിൽ വരണമെന്ന ആഗ്രഹം തനിക്കില്ലെന്ന് പലവട്ടം വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “എന്നെക്കൊണ്ട് ചെയ്യാൻ പറ്റുന്നത് എന്താണോ അത് ഞാൻ ചെയ്യും. അത് മതിയെന്നാണ് ഞാൻ കരുതുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ വിലയിരുത്താൻ എനിക്ക് മടിയൊന്നുമില്ല, എന്നാൽ രാഷ്ട്രീയ വിഷയങ്ങളിൽ അഭിപ്രായം പറയുന്നതിന് മുൻപ് കാര്യങ്ങൾ കൃത്യമായി നിരീക്ഷിക്കണം.”

സിനിമയെക്കുറിച്ച് ചോദിച്ചാൽ തനിക്ക് വ്യക്തമായി മറുപടി നൽകാൻ കഴിയുമെന്നും എന്നാൽ രാഷ്ട്രീയ കാര്യങ്ങൾ നന്നായി പഠിച്ചാൽ മാത്രമേ സംസാരിക്കാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. “അല്ലാത്തപക്ഷം അതൊരു അപൂർണ്ണമായ പ്രതികരണമായി മാറും. രാഷ്ട്രീയ അഭിപ്രായങ്ങൾ പറയുന്നതിൽ എനിക്ക് എതിർപ്പൊന്നുമില്ല, എന്നാൽ അത്തരം കാര്യങ്ങളിൽ അഭിപ്രായം പറയാൻ മാത്രം പ്രാപ്തനല്ല ഞാൻ,” എന്നും വിജയ് സേതുപതി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button