ബോയിംഗ് വിമാനങ്ങളിൽ ഗുരുതര തകരാർ; 96 ഇന്ത്യൻ സർവീസുകളെ ബാധിച്ചേക്കും

ന്യൂഡൽഹി: ചില 737 മാക്സ് ബോയിംഗ് വിമാനങ്ങളിൽ സോഫ്റ്റ്വെയർ തകരാർ കണ്ടെത്തിയതായി റിപ്പോർട്ട്. വിമാന നിർമാണ കമ്പനിയായ ബോയിംഗ് തന്നെയാണ് ഇക്കാര്യമറിയിച്ചത്. ലാൻഡിംഗിനിടെ പ്രത്യേക സാഹചര്യങ്ങളിൽ ഓട്ടോമേറ്റഡ് ഫ്ലൈറ്റ് ഗൈഡൻസ് സംവിധാനം പ്രവർത്തനരഹിതമാകാനുള്ള സാദ്ധ്യതയാണ് ബോയിംഗ് കണ്ടെത്തിയത്. ഇന്ത്യൻ വിമാനക്കമ്പനികൾ ഉപയോഗിക്കുന്ന 96 വിമാനങ്ങളെ ഇത് ബാധിച്ചേക്കാനിടയുണ്ടെന്നും റിപ്പോർട്ടുണ്ട്.
തകരാറിനെക്കുറിച്ച് എല്ലാ 737 ഓപ്പറേറ്റർമാർക്കും വിവരം നൽകിയതായും പരിഹരിക്കുന്നതിനായി സോഫ്ട്വെയർ അപ്ഡേറ്റ് നടത്തുകയാണെന്നും ബോയിംഗ് വക്താവ് അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസിന്റെ പക്കൽ 53 ബോയിംഗ് വിമാനങ്ങളും അകാശ എയറിന്റെ പക്കൽ 43 എണ്ണവുമാണുള്ളത്. തകരാറുമായി ബന്ധപ്പെട്ട് ബോയിംഗുമായി സഹകരിച്ച് പ്രവർത്തിക്കുകയാണെന്ന് ആകാശ അറിയിച്ചു. എന്നാൽ എയർ ഇന്ത്യ എക്സ്പ്രസ് ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഡയറക്ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷനും (ഡിജിസിഎ) പ്രതികരണം നടത്തിയിട്ടില്ല.കോക്പിറ്റ് സോഫ്ട്വെയർ അപ്ഡേറ്റിലാണ് തകരാർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിമാന പാതയിൽ മാറ്റം വരുമ്പോഴാണ് തകരാർ പ്രതിഫലിക്കാൻ സാദ്ധ്യത. നേരത്തെ നിശ്ചയിച്ചിരുന്ന പാതയിൽ നിന്ന് വ്യത്യസ്തമായി ലാൻഡിംഗിനായി പുതിയ പാത തിരഞ്ഞെടുക്കുന്ന സമയത്ത് ഓട്ടോമേറ്റഡ് ഫ്ലൈറ്റ് ഗൈഡൻസ് സിസ്റ്റം പ്രവർത്തനരഹിതമായേക്കാമെന്നാണ് ബോയിംഗ് കണ്ടെത്തിയത്. എന്നാൽ തകരാർ മൂലം പൈലറ്റിന് വിമാനം പറത്താൻ കഴിയാത്ത സാഹചര്യമില്ലെന്നും ബോയിംഗ് വ്യക്തമാക്കി. ഓപ്പറേറ്റർമാർ സംവിധാനം റീസെറ്റ് ചെയ്യണമെന്നും ബോയിംഗ് നിർദേശിക്കുന്നു.



