Cinema

‘രണ്ട് വർഷത്തെ മാനസികവും ശാരീരികവുമായ തകർച്ച’; നാർസിസിസ്റ്റിക് അബ്യൂസ് നേരിട്ട അനുഭവം വെളിപ്പെടുത്തി അനുപമ പരമേശ്വരൻ

കൊച്ചി: താൻ നേരിട്ട കടുത്ത മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി അനുപമ പരമേശ്വരൻ. ഒരു പ്രണയബന്ധത്തിനിടെ നാർസിസിസ്റ്റിക് അബ്യൂസിനും മാനസിക-ശാരീരിക ചൂഷണത്തിനും ഇരയായെന്നാണ് താരം ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. എന്നാൽ മുൻ പങ്കാളിയുടെ പേര് അനുപമ വെളിപ്പെടുത്തിയിട്ടില്ല.

ബന്ധത്തിന്റെ തുടക്കത്തിൽ തന്നെ വിവാഹനിശ്ചയത്തിനായി കടുത്ത സമ്മർദ്ദമുണ്ടായിരുന്നുവെന്നും അത് പല കാരണങ്ങൾ പറഞ്ഞ് നീട്ടിവച്ചെന്നും അനുപമ പറഞ്ഞു. ബന്ധത്തിനിടെ കടുത്ത ഉത്കണ്ഠയും ഭയവും അനുഭവപ്പെട്ടതായും ശരീരഭാരം വലിയ തോതിൽ കുറഞ്ഞതായും താരം വ്യക്തമാക്കി.

രണ്ട് വർഷത്തോളം നീണ്ട മാനസികവും ശാരീരികവുമായ തകർച്ചയ്ക്ക് ശേഷമാണ് തന്റെ അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചതെന്നും അനുപമ പറഞ്ഞു. താൻ അനുഭവിച്ചതിന് സമാനമായ അനുഭവങ്ങൾ നേരിട്ടതായി 12ഓളം പ്രമുഖർ വിളിച്ച് പറഞ്ഞതായും താരം വ്യക്തമാക്കി.

നാർസിസിസ്റ്റിക് അബ്യൂസ് നേരിടുന്നവർക്ക് ബന്ധത്തിൽ നിന്ന് പുറത്തുവരാനുള്ള ആത്മവിശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് അനുഭവം പങ്കുവച്ചതെന്നും അനുപമ പറഞ്ഞു. സോഷ്യൽ മീഡിയ പോസ്റ്റിന് അനുകൂലവും പ്രതികൂലവുമായ നിരവധി പ്രതികരണങ്ങൾ ലഭിച്ചു. മാനസികമായി തകർന്ന സമയത്ത് കുറച്ചുകാലം സോഷ്യൽ മീഡിയയിൽ നിന്ന് പൂർണമായും വിട്ടുനിന്നെന്നും പൂർണമായി ഭേദപ്പെട്ട ശേഷമാണ് അനുഭവം വെളിപ്പെടുത്തിയതെന്നും താരം വ്യക്തമാക്കി.

ബന്ധത്തിന്റെ തുടക്കത്തിൽ പങ്കാളി സ്നേഹവും കരുതലും പ്രകടിപ്പിക്കുകയും പിന്നീട് ക്രമേണ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തതായി അനുപമ പറഞ്ഞു. ‘ലവ് ബോംബിങ്’ ഉൾപ്പെടെയുള്ള പെരുമാറ്റങ്ങളിലൂടെ വൈകാരികമായി ബന്ധത്തിലേക്ക് വലിച്ചിഴച്ചെന്നും പിന്നീട് ഭയവും മാനസിക സമ്മർദ്ദവും വർധിച്ചെന്നും താരം വിശദീകരിച്ചു.

പങ്കാളിയുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്ന ഭയം കാരണം സാധാരണ കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും അനുപമ പറഞ്ഞു. പലപ്പോഴും സിനിമാ ചിത്രീകരണം നിർത്തിവച്ച് കാരവനിൽ പോയിരുന്ന് കരയേണ്ടിവന്നതായും വ്യക്തമാക്കി.

ആ ബന്ധം വിവാഹത്തിലേക്ക് പോയിരുന്നെങ്കിൽ ഒടുവിൽ വിവാഹമോചനത്തിൽ കലാശിച്ചേനെയെന്നും അനുപമ പറഞ്ഞു. മാനസികമായി തകർന്നതിനെ തുടർന്ന് അഭിനയത്തിൽ പോലും ബുദ്ധിമുട്ടുകൾ നേരിട്ടെന്നും ഒരുകാലത്ത് കുട്ടികൾ വേണ്ടെന്നുപോലും തോന്നിയിരുന്നുവെന്നും താരം വെളിപ്പെടുത്തി.

താൻ അനുഭവിച്ച കാര്യങ്ങൾ തുറന്നുപറയുന്നത് ശ്രദ്ധ പിടിച്ചുപറ്റാനുള്ള ശ്രമമല്ലെന്നും, സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവർക്ക് പ്രതീക്ഷ നൽകുകയാണ് ലക്ഷ്യമെന്നും അനുപമ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button