വിസ ലഭിച്ചില്ല; സിഡ്നിയിലെ മോഹൻലാലിന്റെ സ്റ്റേജ് ഷോ മാറ്റിവച്ചു, പ്രേക്ഷകരോട് മാപ്പ് പറഞ്ഞ് താരം

സിഡ്നി: വിസ ലഭിക്കാത്തതിനെ തുടർന്ന് നടൻ മോഹൻലാലിന്റെ നേതൃത്വത്തിൽ ഓസ്ട്രേലിയയിലെ സിഡ്നിയിൽ നടക്കാനിരുന്ന സ്റ്റേജ് ഷോ മാറ്റിവെച്ചു. കെ.എസ്. ചിത്ര ഉൾപ്പെടെയുള്ള മറ്റ് താരങ്ങൾ ഓസ്ട്രേലിയയിൽ എത്തിയെങ്കിലും മോഹൻലാലിന് വിസ ലഭിക്കാത്തതാണ് പരിപാടി മാറ്റിവെക്കാൻ കാരണമായത്.
സംഭവത്തിൽ സംഘാടകരോടും പ്രേക്ഷകരോടും മാപ്പ് ചോദിച്ച് മോഹൻലാൽ വീഡിയോ സന്ദേശം പങ്കുവച്ചു. തന്റെ കലാജീവിതത്തിൽ ആദ്യമായാണ് ഇത്തരമൊരു അനുഭവമുണ്ടാകുന്നതെന്ന് മോഹൻലാൽ പറഞ്ഞു. വിസ ലഭിക്കാതിരുന്നതിന് പിന്നിൽ സാങ്കേതിക പിഴവാണോ മറ്റ് കാരണങ്ങളാണോയെന്ന് വ്യക്തമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഷോ കാണുന്നതിനായി ദൂരസ്ഥലങ്ങളിൽ നിന്ന് യാത്ര ചെയ്ത് സിഡ്നിയിലെത്തിയ പ്രേക്ഷകരോടും മോഹൻലാൽ ഹൃദയപൂർവം ക്ഷമ ചോദിച്ചു. ഏറെ പ്രതീക്ഷയോടെ എത്തിയവരെ നിരാശപ്പെടുത്തേണ്ടിവന്നതിൽ തനിക്ക് വലിയ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരുടെയും സൗകര്യം പരിഗണിച്ച് ഇതേ ടീമിനൊപ്പം വീണ്ടും ഓസ്ട്രേലിയയിലെത്തി മികച്ചൊരു ഷോ സമ്മാനിക്കുമെന്നും മോഹൻലാൽ വാഗ്ദാനം ചെയ്തു. വളരെ സങ്കടകരമായ സാഹചര്യമാണ് ഉണ്ടായതെന്നും തന്റെ ക്ഷമാപണം എല്ലാവരും സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.



