Cinema

ബ്രോ ഡാഡി എങ്ങനെ പിറന്നു? നിർമാണ രഹസ്യം പങ്കുവെച്ച് പൃഥ്വിരാജ്

ലൂസിഫറി’ന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ബ്രോ ഡാഡി’. കൊവിഡ് പ്രതിസന്ധികൾക്കിടയിൽ നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്ത ഈ ചിത്രം അക്കാലത്ത് പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ ജോൺ കാറ്റാടി എന്ന മോഹൻലാൽ കഥാപാത്രത്തിന്റെ മകനായി പൃഥ്വിരാജും പ്രധാന വേഷത്തിലെത്തി. ഇപ്പോഴിതാ, ഹിറ്റ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സിനിമയുടെ നിർമ്മാണത്തെക്കുറിച്ചുള്ള രസകരമായ ഒരു വസ്തുത വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്.

ചിത്രത്തിന് മികച്ച റിപ്പീറ്റ് വാല്യു (വീണ്ടും കാണാനുള്ള ആകർഷണീയത) ഉണ്ടെന്ന് അവതാരകൻ പറഞ്ഞപ്പോഴാണ് പൃഥ്വിരാജ് മനസ്സ് തുറന്നത്. ചിത്രം ആരംഭിക്കുമ്പോൾ തന്നെ ഇത്തരം ഒരു ലക്ഷ്യം തങ്ങൾ മുന്നിൽ കണ്ടിരുന്നുവെന്ന് അദ്ദേഹം പറയുന്നു. “ഇതൊരു ഡയറക്റ്റ് ഒടിടി റിലീസ് ആയിരിക്കും എന്ന് 99 ശതമാനം ഉറപ്പായിരുന്നു. തിയേറ്ററുകൾ അടച്ചിട്ടിരുന്ന സമയമായിരുന്നു അത്. ടിവിയിൽ ആളുകൾ വീണ്ടും വീണ്ടും കാണാൻ ആഗ്രഹിക്കുന്ന രീതിയിലുള്ള ഒരു സിനിമയാക്കി മാറ്റുക എന്നതായിരുന്നു ഇതിന്റെ ബ്രീഫ്,” പൃഥ്വിരാജ് വ്യക്തമാക്കി.

തികച്ചും വ്യത്യസ്തമായ ഒരു ശൈലിയാണ് ഈ ചിത്രത്തിന്റെ ചിത്രീകരണത്തിന് താൻ ഉപയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “സിനിമയുടെ സ്റ്റേജിംഗും ചിത്രീകരണവും പരിശോധിച്ചാൽ അത് റിയലിസ്റ്റിക് അല്ലെന്ന് മനസ്സിലാകും. ഉദാഹരണത്തിന്, ജോൺ കാറ്റാടി ധരിക്കുന്ന കുർത്തയുടെ നിറവും പിന്നിലെ ഭിത്തിയുടെ നിറവും ഒരുപോലെയാണ് ക്രമീകരിച്ചിരിക്കുന്നത്. തികച്ചും റിയൽ അല്ലാത്ത, നീളമുള്ള ഒരു പരസ്യചിത്രം പോലെയാണ് ഞാൻ അതിനെ ഒരുക്കാൻ ശ്രമിച്ചത്. അതിൽ എത്രത്തോളം വിജയിച്ചു എന്ന് എനിക്കറിയില്ല,” പൃഥ്വിരാജ് പറഞ്ഞു.

അതേസമയം, നിസാം ബഷീർ സംവിധാനം ചെയ്യുന്ന ‘ഐ നോബഡി’ ആണ് പൃഥ്വിരാജിന്റെ അടുത്ത റിലീസ്. ‘റോഷാക്ക്’, ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്നീ ചിത്രങ്ങൾക്ക് ശേഷം നിസാം ബഷീർ ഒരുക്കുന്ന ഈ ചിത്രത്തിൽ പാർവതി തിരുവോത്താണ് നായികയായി എത്തുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ജൂലൈ 9-ന് തിയേറ്ററുകളിൽ എത്തും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button