ആ പൂവിന്റെ പൊടിയാണ് കണ്ണ് ചുവപ്പിക്കാൻ ഇട്ടത്; സഹദേവന്റെ മേക്കോവർ സീക്രട്ട് വെളിപ്പെടുത്തി കലാഭവൻ ഷാജോൺ

മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങി തീയേറ്ററുകളിൽ വൻ തരംഗം സൃഷ്ടിച്ച ‘ദൃശ്യം 3’ എന്ന ചിത്രത്തിൽ പ്രേക്ഷകരെ ഏറ്റവും കൂടുതൽ ഞെട്ടിച്ച ഒന്നായിരുന്നു ‘സഹദേവൻ’ എന്ന ക്രൂരനായ പൊലീസുകാരന്റെ തിരിച്ചുവരവ്. രണ്ടാം ഭാഗത്തിൽ ഇല്ലാതിരുന്ന സഹദേവനെ അതീവ രഹസ്യമായാണ് മൂന്നാം ഭാഗത്തിൽ അണിയറപ്രവർത്തകർ എത്തിച്ചത്. റിലീസിന് പിന്നാലെ സഹദേവന്റെ ലുക്കിലെ മാറ്റങ്ങളും കണ്ണിലെ കടുംചുവപ്പും വലിയ രീതിയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ ആ ലുക്കിന് പിന്നിലെ രഹസ്യങ്ങളും കണ്ണ് ചുവപ്പിക്കാൻ ഉപയോഗിച്ച വിദ്യയും വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം. ഒരു അഭിമുഖത്തിലാണ് ഷാജോൺ മനസ്സ് തുറന്നത്.
‘ദൃശ്യം 3’ലെ സഹദേവനായി ഡയറക്ടർ ജീത്തു ജോസഫ് തനിക്ക് തന്ന റഫറൻസ് ‘കുഞ്ഞിക്കൂനൻ’ എന്ന ചിത്രത്തിൽ സായ് കുമാർ തകർത്താടിയ ‘വാസു അണ്ണൻ’ എന്ന വില്ലൻ കഥാപാത്രമായിരുന്നു എന്ന് ഷാജോൺ പറയുന്നു. ഇന്റർവെൽ സീനിൽ സഹദേവനെ കാണിക്കുമ്പോൾ തന്നെ പ്രേക്ഷകർ ഒന്ന് ഞെട്ടണമെന്നും, ഇയാൾ പഴയ ആളല്ല കുറച്ചുകൂടി അപകടകാരിയാണെന്ന് ഫസ്റ്റ് ലുക്കിൽ തന്നെ തോന്നണമെന്നും ജീത്തുഭായ്ക്ക് നിർബന്ധമുണ്ടായിരുന്നു. അതിനായി മീശ പിരിക്കാനും താടി വെട്ടാതെ സൂക്ഷിക്കാനും കണ്ണ് ചുവപ്പിക്കാനും തീരുമാനിക്കുകയായിരുന്നു.
സാധാരണ സിനിമകളിൽ ഗ്ലിസറിൻ ഉപയോഗിച്ചാണ് കണ്ണ് ചുവപ്പിക്കാറുള്ളതെങ്കിലും ‘ദൃശ്യം 3’ൽ സഹദേവന് ഒരുപാട് സീനുകൾ ഉണ്ടായിരുന്നതിനാൽ അത് പ്രായോഗികമല്ലായിരുന്നു. തുടർന്നാണ് കഥകളി കലാകാരന്മാർ കണ്ണ് ചുവപ്പിക്കാൻ ഉപയോഗിക്കുന്ന ‘ചുണ്ടപ്പൂവിന്റെ തരി’ കണ്ണിലിടാൻ തീരുമാനിച്ചത്. ഇത് ഇട്ടാൽ കുറേനേരം കണ്ണ് ചുവന്നിരിക്കുമെങ്കിലും അളവ് അല്പം കൂടിയാൽ ചുവപ്പ് കുറയ്ക്കാൻ കഴിയില്ല. അതുകൊണ്ടാണ് ചില സീനുകളിൽ കണ്ണ് കൂടുതൽ ചുവന്നുപോയതെന്നും ഷാജോൺ വ്യക്തമാക്കി. ആദ്യ ഭാഗത്തിൽ ലാലേട്ടനൊപ്പം അഭിനയിക്കുന്നതിന്റെ എക്സൈറ്റ്മെന്റ് മാത്രമായിരുന്നെങ്കിൽ, മൂന്നാം ഭാഗത്തിൽ പ്രേക്ഷകരുടെ വലിയ പ്രതീക്ഷകൾക്കൊപ്പമെത്താനുള്ള ആവേശമായിരുന്നു തനിക്കെന്നും താരം കൂട്ടിച്ചേർത്തു.



