സ്‌ക്രീനിൽ മാത്രം ഹീറോയല്ല, വലിയ മാറ്റങ്ങൾക്ക് വേണ്ടി നിയോഗിക്കപ്പെട്ട വ്യക്തി വിജയ്: സാമന്ത

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യെ സന്ദർശിച്ച് നടി സാമന്ത. വിജയ്‌യെ സന്ദർശിച്ചതിന്റെയും ചർച്ച നടത്തിയതിന്റെയും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചാണ് നടി ഇക്കാര്യം അറിയിച്ചത്. ഒപ്പം വിജയ്‌യെ കുറിച്ച് ഹൃദ്യമായൊരു കുറിപ്പും സാമന്ത പങ്കുവച്ചു. വിജയ് സാർ ഒരിക്കലും സിനിമയിൽ ഒരു ഹീറോയാകാൻ വേണ്ടി മാത്രം ജനിച്ചയാളല്ല എന്നാണ് സാമന്ത പറയുന്നത്. അദ്ദേഹത്തിന്റെ ഊർജ്ജം, സാന്നിദ്ധ്യം, അദ്ദേഹത്തോട് ജനങ്ങൾ പ്രതികരിക്കുന്ന വിധം എന്നിവയെല്ലാം കാരണം അദ്ദേഹം വലിയ കാര്യങ്ങൾക്കായി ഉദ്ദേശിച്ചുള്ളയാളാണെന്ന് തോന്നിയിരുന്നെന്ന് സാമന്ത പറയുന്നു.
ഇന്ന് ചെന്നൈയിൽ വിമാനമിറങ്ങിയപ്പോൾ അപാരമായൊരു സന്തോഷം തോന്നി. ഞാൻ നമ്മുടെ മുഖ്യമന്ത്രിയെ കാണാൻ പോകുകയായിരുന്നു. എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്, വിജയ് സാർ ഒരിക്കലും സ്‌ക്രീനിലെ ഒരു ഹീറോയായി മാത്രം ഇരിക്കാൻ ഉദ്ദേശിച്ചുള്ള ആളല്ല. അദ്ദേഹത്തിന്റെ ഊർജ്ജം, അദ്ദേഹത്തിന്റെ സാന്നിദ്ധ്യം, ജനങ്ങൾ അദ്ദേഹത്തോട് പ്രതികരിക്കുന്ന രീതി ഇവയെല്ലാം കാരണം അദ്ദേഹം വലിയ കാര്യങ്ങൾക്കായി ഉദ്ദേശിച്ചിട്ടുള്ളയാളാണെന്ന് തോന്നിയിരുന്നു.
തികച്ചും പുതിയൊരു മേഖലയിലേക്ക് കാലെടുത്തുവയ്‌ക്കാനുള്ള അദ്ദേഹത്തിന്റെ ധൈര്യമാണ് എന്നെ പ്രചോദിപ്പിച്ചത്. ഇതിനകം പ്രാവീണ്യം നേടിയമേഖലയെ ഉപേക്ഷിച്ച് വെല്ലുവിളികൾ ഏറ്റെടുക്കുക. ഇത് എളുപ്പമായിട്ടല്ല, പകരം ഒരു മാറ്റം നിങ്ങൾക്കുണ്ടാക്കാനാകും എന്ന് കരുതുന്നതിനാലാണിത്. ജീവിതത്തിൽ ഒരു ഘട്ടത്തിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ നിയോഗിക്കപ്പെട്ടവരാണ് നമ്മളെന്ന് ഞാൻ കരുതുന്നു. നമ്മളെത്തന്നെ മറികടന്ന് നമുക്കെങ്ങനെ സംഭാവനചെയ്യാമെന്ന് ചോദിക്കുക.
വളരെകുറച്ച് ആളുകൾ മാത്രമാണ് ആ വിളിയോട് പ്രതികരിച്ചത്.പ്രതീക്ഷിച്ചതിലധികം വിജയ്‌ക്ക് ചെയ്‌തുകാണിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നു, അദ്ദേഹം വഹിക്കുന്ന സ്ഥാനംകൊണ്ടല്ല അത്, മറിച്ച് അദ്ദേഹം അതിനെ സമീപിക്കുന്ന ഉദ്ദേശ്യം കൊണ്ടാണ്. ശക്തിയും ജ്ഞാനവും ലക്ഷ്യത്തിലെത്തിച്ചേരാനുള്ള ധൈര്യവും അദ്ദേഹത്തിനുണ്ടാകട്ടെയെന്ന് ആശംസനേരുന്നു. ഇത് കാണുന്ന ഓരോ ചെറുപ്പക്കാർക്കും നിങ്ങൾ ആരംഭിച്ചതിനെക്കാൾ എത്രയോ വലുതാകാം സ്വപ്‌നമെന്ന് ഓർമ്മപ്പെടുത്തട്ടെ.’- ദീർഘമായ കുറിപ്പിൽ സാമന്ത പറയുന്നു.



