Cinema

സസ്പെൻസ് വെളിപ്പെടുത്തി ഇന്ദ്രൻസ്; മമ്മൂട്ടി ചിത്രത്തിൽ പ്രധാന പങ്ക്

കോസ്റ്റ്യൂമറായി എത്തി കോമഡി റോളുകളിലൂടെ ദീര്‍ഘകാലം മലയാളിയെ പൊട്ടിച്ചിരിപ്പിച്ച നടനാണ് ഇന്ദ്രന്‍സ്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തന്നിലെ അഭിനേതാവിന്‍റെ മറ്റൊരു മുഖമാണ് അദ്ദേഹം കാണിച്ചുകൊണ്ടിരിക്കുന്നത്. ആദ്യമാദ്യം അത്തരം റോളുകളില്‍ ഇന്ദ്രന്‍സിന്‍റെ പ്രകടന മികവ് കാണുമ്പോള്‍ സിനിമാപ്രേമികള്‍ ഞെട്ടിയിട്ടുണ്ട്. എന്നാല്‍ അത്തരത്തിലുള്ള പല വേഷങ്ങള്‍ വന്നതോടെ ഇന്ന് അതൊരു സാധാരണ കാര്യമായി മാറി.

അതേസമയം മലയാളം വിട്ട് മറുഭാഷാ സിനിമകളിലേക്കും കടന്നിട്ടുണ്ട് ഇപ്പോള്‍ ഇന്ദ്രന്‍സ്. സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയ സമീപകാല തമിഴ് ചിത്രം കറുപ്പില്‍ ഏറെ പ്രാധാന്യമുള്ള ഒരു വേഷത്തിലാണ് ഇന്ദ്രന്‍സ് എത്തിയത്. അത് അദ്ദേഹത്തിന് ഏറെ ഗുണമാവുകയും ചെയ്തു. ഇപ്പോഴിതാ തമിഴില്‍ നിന്ന് വരാനിരിക്കുന്ന മറ്റൊരു ശ്രദ്ധേയ ചിത്രത്തിലും താന്‍ ഉണ്ടാവുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ദ്രന്‍സ്.

ധനുഷിനെ നായകനാക്കി രാജ്‍കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇന്ദ്രന്‍സും അഭിനയിക്കുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മമ്മൂട്ടിയാണ് എന്നതാണ് ഈ പ്രോജക്റ്റിന്‍റെ പ്രധാന കൗതുകം. പ്രഖ്യാപന സമയത്ത് തന്നെ ഇക്കാരണത്താല്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രവുമാണ് ഇത്. യുട്യൂബ് ചാനല്‍ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ഇന്ദ്രന്‍സ് ഇക്കാര്യം വെളിപ്പെടുത്തിയത്. “തമിഴ്നാട്ടിലാണ് സിനിമയുടെ ചിത്രീകരണം. എന്‍റെ ചിത്രീകരണം തുടങ്ങിയതേ ഉള്ളൂ. ഒന്ന് പോയി വന്നതേ ഉള്ളൂ”, ഇന്ദ്രന്‍സ് പറഞ്ഞു. ഉടനീളമുള്ള കഥാപാത്രമാണോ എന്ന ചോദ്യത്തിന് കുറച്ച് ഉള്ള കഥാപാത്രം എന്നായിരുന്നു ഇന്ദ്രന്‍സിന്‍റെ മറുപടി. അതേസമയം കറുപ്പ് വന്‍ വിജയം നേടിയതോടെ ഇന്ദ്രന്‍സിനെ തേടി തമിഴില്‍ നിന്ന് നിരവധി പുതിയ ഓഫറുകള്‍ വരുമെന്ന് ഉറപ്പാണ്.

ധനുഷിന്റെ വണ്ടർ ബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസുമായി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്. വന്‍ ഹിറ്റായ അമരന് ശേഷം രാജ്‌കുമാർ പെരിയസാമി ഒരുക്കുന്ന ചിത്രമാണിത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാഗത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒക്ടോബറിലായിരിക്കും ഈ ചിത്രത്തിന്റെ റിലീസ്. 8 വർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. 2018 ൽ റാം ഒരുക്കിയ ‘പേരന്‍പ്’ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അവസാനമായി തമിഴിൽ എത്തിയത്. അതിലെ ഗംഭീര പ്രകടനത്തിന് വലിയ പ്രേക്ഷക – നിരൂപക പ്രശംസയും മമ്മൂട്ടി നേടിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button