ലക്ഷ്മിപ്രിയ ഉൾപ്പെടെ മൂന്നുപേർക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് അൻസിബ കോടതിയിൽ

കൊച്ചി: നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ സ്വകാര്യ അന്യായ ഹർജി ഫയൽ ചെയ്ത് നടി അൻസിബ ഹസൻ. ലക്ഷ്മിപ്രിയ, ഭർത്താവ് ജയേഷ്, തൃപ്പൂണിത്തുറ വനിതാ സെല്ലിലെ എസ്.ഐ എന്നിവർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് അൻസിബ തൃപ്പൂണിത്തുറ കോടതിയെ സമീപിച്ചത്.
താൻ നൽകിയ പരാതിയിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാത്തതിനെ തുടർന്നാണ് കോടതിയെ സമീപിച്ചതെന്ന് അൻസിബയുടെ ഹർജിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ നിയമനടപടി സ്വീകരിക്കണമെന്നാണ് കോടതിയോടുള്ള ആവശ്യം.
അതേസമയം, അൻസിബയുടെ പരാതി നേരത്തെ പൊലീസ് തള്ളിയ സാഹചര്യത്തിൽ പ്രതികരണവുമായി ലക്ഷ്മിപ്രിയയും രംഗത്തെത്തിയിരുന്നു. പരാതിയിൽ അന്വേഷണം നടത്തി സത്യാവസ്ഥ കണ്ടെത്തിയ തൃക്കാക്കര എ.സി.പിക്ക് നന്ദി അറിയിച്ച അവർ, താൻ ഇത്തരം ആരോപണങ്ങളിൽ തളരുന്ന ആളല്ലെന്നും ആരോപണങ്ങൾക്ക് പിന്നിൽ അജണ്ടയുണ്ടെന്നും പ്രതികരിച്ചു.
അൻസിബയ്‌ക്കെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കിയിരുന്നു. ജനുവരിയോടെ വിഷയത്തിൽ വ്യക്തത വന്നതാണെന്നും അവർ അവകാശപ്പെട്ടു.
ഇതിനിടെ, തൃപ്പൂണിത്തുറ വനിതാ എസ്.ഐയ്‌ക്കും ലക്ഷ്മിപ്രിയയ്‌ക്കും എതിരെ അൻസിബ നൽകിയ പരാതിയിൽ കേസെടുക്കാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി തൃക്കാക്കര എ.സി.പി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. നടൻ ടിനി ടോമിനെതിരെ അൻസിബ നൽകിയ പരാതിയിൽ ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.



