Cinema

ലൂസിഫറിനെയും കടത്തിവെട്ടി ‘പേട്രിയറ്റ്’ ട്രെയിലർ

ലയാള സിനിമയിലെ എക്കാലത്തെയും വലിയ താരസംഗമത്തിന് വേദിയൊരുങ്ങുന്ന ‘പേട്രിയറ്റ്’ എന്ന ചിത്രത്തിന്റെ പുത്തൻ വിശേഷങ്ങൾ പുറത്തുവിട്ട് അണിയറപ്രവർത്തകർ. മമ്മൂട്ടിയും മോഹൻലാലും നീണ്ട 19 വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയുള്ള ഈ ചിത്രം മഹേഷ് നാരായണനാണ് സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ സെൻസറിങ് നടപടികൾ പൂർത്തിയായതായും ട്രെയിലർ റിലീസിന് തയ്യാറെടുക്കുകയാണെന്നുമാണ് റിപ്പോർട്ടുകൾ. 3 മിനിറ്റ് 29 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലറാണ് ചിത്രത്തിന്റേത്. മലയാളത്തിൽ ഇതുവരെ ഇറങ്ങിയിട്ടുള്ളതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ ട്രെയിലറുകളിൽ ഒന്നായിരിക്കും ഇത്. ലൂസിഫർ, എമ്പുരാൻ എന്നീ ബിഗ് ബജറ്റ് ചിത്രങ്ങളുടെ ട്രെയിലറുകളോട് കിടപിടിക്കുന്ന തരത്തിലാണ് പേട്രിയറ്റിന്റെയും ട്രെയിലർ ഒരുക്കിയിരിക്കുന്നത്.

സിനിമയിൽ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തിൽ താൻ വില്ലൻ വേഷത്തിലാണ് അഭിനയിക്കുന്നതെന്ന് ഒരു ചടങ്ങിൽ വെച്ച് ഫഹദ് വെളിപ്പെടുത്തിയത് ആരാധകരിൽ വലിയ ആകാംക്ഷ ഉണർത്തിയിട്ടുണ്ട്. ആഗോളതലത്തിൽ ഏപ്രിൽ 23-നാണ് പേട്രിയറ്റ് തിയേറ്ററുകളിലെത്തുന്നത്.

ഒരു പക്കാ കൊമേഴ്സ്യൽ സിനിമയായിരിക്കുമെന്നും ആരാധകർക്ക് ആഘോഷിക്കാൻ നിരവധി നിമിഷങ്ങൾ ചിത്രത്തിലുണ്ടാകുമെന്നും സംവിധായകൻ മഹേഷ് നാരായണൻ നേരത്തെ തന്നെ ഉറപ്പുനൽകിയിരുന്നു. വരാനിരിക്കുന്ന വേനൽ അവധിക്കാലം ചിത്രം ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് സിനിമാ ലോകത്തിന്റെ വിലയിരുത്തൽ.

ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫും കെ.ജി. അനിൽകുമാറും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ്, ജിനു ജോസഫ്, പ്രകാശ് ബെലവാടി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ‘വിമത ശബ്ദങ്ങൾ ദേശസ്നേഹത്തിന്റേതാണ്.. ദേശദ്രോഹികൾ നിറയുന്ന ഈ ലോകത്ത് ഒരു ദേശസ്നേഹിയാകൂ’ എന്ന ക്യാപ്ഷനോടെ പുറത്തിറങ്ങിയ ചിത്രത്തിലെ ക്യാരക്ടർ പോസ്റ്ററുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button