Cinema

വില ഒരു കോടിയ്ക്ക് അടുത്ത്; സ്വപ്നവാഹനം സ്വന്തമാക്കി ഗ്രേസ് ആന്റണി

മലയാളത്തിന്റെ പ്രിയപ്പെട്ട നായികയാണ് ഗ്രേസ് ആന്റണി. ഏറെക്കാലമായി കണ്ടൊരു സ്വപ്നം സഫലമായ സന്തോഷം പങ്കിടുകയാണ് ഗ്രേസ്. പുത്തൻ ബിഎംഡബ്ല്യു കാർ സ്വന്തമാക്കിയിരിക്കുകയാണ് നടി.  BMW 330 Li M Sport Pro കാറാണ് ഗ്രേസ് സ്വന്തമാക്കിയത്.

“നിറഞ്ഞ നന്ദിയോടെ, സന്തോഷമുള്ള മനസ്സോടെ, എന്റെ പുതിയ യാത്ര തുടങ്ങുന്നു.  കൊച്ചു കുട്ടിയായിരുന്നപ്പോൾ, ഇതിലും മെച്ചപ്പെട്ടതും മനോഹരവുമായ ഒരു ജീവിതം ഞാൻ സ്വപ്നം കാണുമായിരുന്നു… അവിടേക്ക് എങ്ങനെ എത്തുമെന്ന് അന്ന് അറിയില്ലായിരുന്നു, എങ്കിലും എത്തുമെന്ന് ഞാൻ വിശ്വസിച്ചു. ഈ യാത്ര അത്ര എളുപ്പമായിരുന്നില്ല ആരും കാണാത്ത പോരാട്ടങ്ങളും സംശയങ്ങളും, എല്ലാം മതിയാക്കി മടങ്ങിയാലോ എന്ന് തോന്നിയ ദിവസങ്ങളും ഉണ്ടായിരുന്നു.

പക്ഷേ, ഞാൻ എന്നെ കൈവിട്ടില്ല. ഇന്ന് ഈ താക്കോൽ കൈകളിൽ പിടിക്കുമ്പോൾ എനിക്ക് മനസ്സിലാകുന്നു, ഇതൊരു കാർ മാത്രമല്ല… എന്റെ കഠിനാധ്വാനത്തിന്റെയും വിശ്വാസത്തിന്റെയും കരുത്തിന്റെയും ആകെത്തുകയാണ്. ദൈവം എന്നോട് അത്രമേൽ കരുണ കാണിച്ചിരിക്കുന്നു, എന്റെ ഹൃദയം നന്ദിയാൽ നിറഞ്ഞിരിക്കുന്നു. നിങ്ങൾ മുന്നോട്ട് തന്നെ പോയാൽ, ജീവിതം നിങ്ങൾക്കായി അതിമനോഹരമായ ഒന്ന് കരുതിവെക്കും എന്നതിന്റെ തെളിവാണ് ഈ നിമിഷം,” ഗ്രേസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ബിഎംഡബ്ല്യുവിന്റെ കരുത്തും ആഡംബരവും ഒത്തുചേരുന്ന ഒരു സ്പോർട്സ് സെഡാനാണ് BMW 330i M Sport Pro. ഏകദേശം 258 എച്ച് പി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഈ വാഹനം വെറും 5.8 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കും. ഇതിന്റെ പുറംമോടിയിലെ ‘എം സ്പോർട്ട്’ കിറ്റും, ഉള്ളിലെ അത്യാധുനിക ടെക്നോളജിയും പ്രീമിയം ലതർ ഫിനിഷിംഗും യാത്രക്കാർക്ക് മികച്ച അനുഭവം നൽകുന്നു. സ്റ്റൈലും പെർഫോമൻസും ഒരുപോലെ ഒത്തിണങ്ങിയ ഈ കാർ ഇന്ന് വാഹനപ്രേമികൾക്കിടയിൽ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്.  ഈ വാഹനത്തിന്റെ ഓൺ-റോഡ് വില ഏകദേശം 77 ലക്ഷം മുതൽ 79 ലക്ഷം വരെയാണ്. 

‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് ഗ്രേസ് ആന്റണി. സിമി മോൾ എന്ന കഥാപാത്രത്തെയാണ് ‘കുമ്പളങ്ങി നൈറ്റ്‌സിൽ ഗ്രേസ് അവതരിപ്പിച്ചിരിക്കുന്നത്. 

ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ഹാപ്പി വെഡ്ഡിങ്സ്’ എന്ന ചിത്രത്തിലൂടെയാണ് ഗ്രേസ് അഭിനയരംഗത്ത് എത്തുന്നത്. ഹാപ്പി വെഡ്ഡിങ്ങിനു ശേഷം ‘ജോര്‍ജേട്ടന്‍സ് പൂരം’, ‘ലക്ഷ്യം’ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. . ‘ഹാപ്പി വെഡ്ഡിങ്ങി’ലെ അഭിനയം കണ്ടിട്ടാണ് ‘കുമ്പളങ്ങി നൈറ്റ്‌സി’ന്റെ തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരന്‍ ഫഹദിന്റെ നായികയായി ചിത്രത്തിലേക്ക് വിളിക്കുന്നത്. കുമ്പളങ്ങി നൈറ്റ്‌സിലൂടെ ഗ്രേസ് പ്രേക്ഷകരെ ഞെട്ടിച്ചു. ഈ ചിത്രത്തിനുശേഷം വിനയ് ഫോര്‍ട്ട് നായകനായി എത്തിയ തമാശ എന്ന ചിത്രത്തിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.

അഭിനയരംഗത്ത് മാത്രമല്ല ഒരു സംവിധാന രംഗത്തും ഗ്രേസ് കഴിവുതെളിയിച്ചിട്ടുണ്ട്. ഗ്രേസ് സംവിധാനം ചെയ്‌ത ‘ ക്-നോളജ്’ എന്ന ഹൃസ്വചിത്രം സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു.  റാം സംവിധാനം ചെയ്ത  നിരൂപക പ്രശംസ നേടിയ തമിഴ് ചിത്രം പറന്ത് പോ ആണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ ഗ്രേസ് ആന്റണി ചിത്രം. 

അടുത്തിടെയായിരുന്നു ഗ്രേസിന്റെ വിവാഹം. സുഹൃത്തായ എബി ടോം സിറിയക്കിനെയാണ് ഗ്രേസ് വിവാഹം ചെയ്തിരിക്കുന്നത്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button