Cinema

അവസാന നിമിഷം തീരുമാനം; ‘ഉദയനാണ് താരം’ റീ റിലീസ് മാറ്റിയത് ഇക്കാരണത്താല്‍

മലയാള സിനിമയിലെ റീ റിലീസുകളില്‍ ഏറ്റവും മികച്ച കളക്ഷന്‍ നേടിയത് മോഹന്‍ലാല്‍ ചിത്രങ്ങളാണ്. സ്ഫടികമാണ് മലയാളത്തില്‍ റീ റിലീസ് ട്രെന്‍ഡ് കൊണ്ടുവന്നത്. പിന്നാലെ എത്തിയ മോഹന്‍ലാല്‍ ചിത്രങ്ങളായ മണിച്ചിത്രത്താഴ്, ദേവദൂതന്‍, ഛോട്ടാ മുംബൈ എന്നീ ചിത്രങ്ങളും റീ റിലീസില്‍ നിര്‍മ്മാതാക്കള്‍ക്ക് നേട്ടമുണ്ടാക്കി.

എന്നാല്‍ ഏറ്റവും ഒടുവില്‍ റീ റിലീസ് ആയി എത്തിയ മോഹന്‍ലാല്‍ ചിത്രം റണ്‍ ബേബി റണ്‍ പ്രേക്ഷകശ്രദ്ധ നേടിയില്ല. മോഹന്‍ലാലിന്‍റെ തന്നെ മറ്റൊരു ശ്രദ്ധേയ ചിത്രം റീ റിലീസ് ആയി ഇന്ന് തിയറ്ററുകളില്‍ എത്താനിരുന്നതാണ്. എന്നാല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നതുപോലെ ചിത്രം ഇന്ന് എത്തിയില്ല. ശ്രീനിവാസന്‍റെ തിരക്കഥയില്‍ റോഷന്‍ ആന്‍ഡ്രൂസിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്ന ഉദയനാണ് താരം ആണ് ഇന്ന് എത്തേണ്ടിയിരുന്നത്. എന്നാല്‍ ചിത്രത്തിന്‍റെ റീ റിലീസ് മാറ്റിവച്ചിരിക്കുകയാണ്.

മുന്‍കൂട്ടി അറിയിച്ചിരുന്ന റിലീസ് തീയതി ആയിരുന്നു ഇന്നത്തേത്. ഇതിന് മുന്നോടിയായി കാര്യമായി പ്രൊമോഷനും നടത്തിയിരുന്നു. ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയിലടക്കം സിനിമയുടെ ബുക്കിംഗും ആരംഭിച്ചിരുന്നു. എന്നാല്‍ ഇന്ന് രാവിലെയോടെ ബുക്ക് മൈ ഷോയില്‍ നിന്ന് ചിത്രം പിന്‍വലിക്കുകയാണ് ഉണ്ടായത്.

ടിക്കറ്റ് ബുക്കിംഗില്‍ പ്രതികരണം ലഭിക്കാത്തതിനാലാണ് ചിത്രം മാറ്റിയതെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടക്കുന്നുണ്ട്. എന്നാല്‍ വസ്തുത അതല്ല. പല ഭാഷകളിലായി 12 ചിത്രങ്ങളാണ് ഇന്ന് തിയറ്ററുകളില്‍ എത്തുന്നത്. ഇന്നലെ ഇറങ്ങിയ ആശാനും ഷാരൂഖ് ഖാന്‍റെ ദേവ്‍ദാസ് റീ റിലീസും കൂടി ചേര്‍ത്ത് ആകെ 14 ചിത്രങ്ങള്‍. ഇതിനൊപ്പം എത്തിയാല്‍ ആവശ്യത്തിന് ഷോകള്‍ ലഭിക്കില്ല എന്നത് മനസിലാക്കിയാണ് ഉദയനാണ് താരത്തിന്‍റെ റീ റിലീസ് നീട്ടിയിരിക്കുന്നത്.

നേരത്തെ പൂര്‍ത്തിയാക്കിയിരുന്ന ചാര്‍ട്ടിംഗ് പ്രകാരം ചിത്രത്തിന് ഷോകളുടെ എണ്ണം വളരെ കുറവായിരുന്നു. അതില്‍ത്തന്നെ പ്രൈം ടൈം ഷോകള്‍ തീരെ ഉണ്ടായിരുന്നില്ല. പല സെന്‍ററുകളിലും ഒരു ഷോ ഒക്കെയാണ് ചിത്രത്തിന് ലഭിച്ചത്. ഇതോടെയാണ് രാത്രി വൈകി ചിത്രത്തിന്‍റെ റീ റിലീസ് നീട്ടാന്‍ തീരുമാനമായത് എന്ന് അറിയുന്നു. പുതിയ റീ റിലീസ് തീയതി വൈകാതെ പ്രഖ്യാപിക്കും. ഇന്ത്യന്‍ സിനിമയില്‍ പൊതുവെ വലിയ റിലീസുകള്‍ ഉണ്ടാവാത്ത മാസമാണ് ഫെബ്രുവരി. അതിനാല്‍ത്തന്നെ ഈ മാസം ചെറുചിത്രങ്ങള്‍ ധാരാളമായി എത്താറുമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button