CinemaNews

20 വർഷത്തെ പ്രണയവും ജീവിതയാത്രയും; വിവാഹവാർഷികത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി ജ്യോതിക

തമിഴ് സിനിമാ ലോകത്തെ പ്രിയദമ്പതികളായ സൂര്യയും ജ്യോതികയും തങ്ങളുടെ ഇരുപതാം വിവാഹവാർഷികം ആഘോഷിച്ചു. വിദേശത്ത് വച്ച് പരമ്പരാഗത ക്രിസ്ത്യൻ രീതിയിലുള്ള ചർച്ച് വെഡ്ഡിംഗിലൂടെയാണ് ഇരുവരും വീണ്ടും വിവാഹപ്രതിജ്ഞ ചൊല്ലിയത്. വെള്ള വസ്ത്രങ്ങളിൽ അതിമനോഹരമായാണ് ചടങ്ങിൽ ദമ്പതികൾ പങ്കെടുത്തത്. ജ്യോതിക ഗൗണും സൂര്യ വെള്ള ടക്സീഡോയുമാണ് ധരിച്ചിരുന്നത്.

ചടങ്ങിന്റെ മനോഹരമായ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ ജ്യോതിക ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. മക്കളുടെ കൈപിടിച്ചാണ് സൂര്യയും ജ്യോതികയും വിവാഹവേദിയിലേക്ക് എത്തിയത്. വെളുത്ത ഗൗണിൽ വധുവായി എത്തിയ ജ്യോതികയെ കണ്ട നിമിഷം സൂര്യയുടെ കണ്ണുകളിൽ ആനന്ദക്കണ്ണീർ നിറഞ്ഞു. നടന്റെ സഹോദരൻ കാർത്തിയും കുടുംബത്തോടൊപ്പം ഈ സുപ്രധാന ചടങ്ങിൽ സന്നിഹിതനായിരുന്നു.

‘ദ് സീക്വൽ – 20 വർഷത്തെ സ്നേഹവും പോരാട്ടവും’ എന്നാണ് വീഡിയോയ്ക്ക് ജ്യോതിക നൽകിയ മനോഹരമായ അടിക്കുറിപ്പ്. അപൂർണതകളുടെയും വിട്ടുവീഴ്ചകളുടെയും പരസ്പരം മനസ്സിലാക്കലുകളുടെയും ആഘോഷമായാണ് ഇരുവരും ഈ വാഗ്ദാന പുതുക്കലിനെ കാണുന്നത്. ഒരു കാലത്ത് യാഥാർത്ഥ്യത്തിൽ നിന്ന് അകലെയാണെന്ന് കരുതിയ സ്വപ്നം ഇന്ന് തന്റെ ജീവിതകാലം മുഴുവൻ ആഗ്രഹിക്കുന്ന യാഥാർത്ഥ്യമായി മാറിയെന്ന് താരം വ്യക്തമാക്കി.

സൂര്യയോടുള്ള സ്നേഹവും വാഗ്ദാനങ്ങളും തുറന്നുപറഞ്ഞുകൊണ്ടുള്ള ജ്യോതികയുടെ കുറിപ്പ് ഇതിനോടകം ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ജീവിതകാലം മുഴുവൻ മികച്ച പങ്കാളിയായിരിക്കുമെന്നും പരസ്പരം സൗഹൃദം എക്കാലവും ചേർത്തുപിടിക്കുമെന്നും താരം കുറിച്ചു. മാധവൻ, വിക്രം പ്രഭു, റാഷി ഖന്ന, രജീഷ വിജയൻ തുടങ്ങി നിരവധി സിനിമാപ്രേമികളും താരങ്ങളും ദമ്പതികൾക്ക് ആശംസകളുമായി രംഗത്തെത്തിയിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button