News

രാഷ്ട്രപതിയുടെ എഡിസിയായി മൂന്ന് വർഷം; വിവാഹം പോലും വേണ്ടെന്ന് വെച്ചത് ഡ്യൂട്ടിക്കായി മേജർ ഋഷഭ് സിംഗ് സാംബാലിന്റെ വാക്കുകൾ വൈറൽ

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ എയ്ഡ്-ഡി-ക്യാമ്പ് (ADC) ആയി സേവനമനുഷ്ഠിച്ച് ശ്രദ്ധ നേടിയ മേജർ ഋഷഭ് സിംഗ് സാംബാൽ ഇന്ത്യൻ സൈന്യത്തിൽ നിന്ന് വിരമിച്ചതിന് പിന്നാലെ നൽകിയ അഭിമുഖം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഏകദേശം 12 വർഷത്തെ സൈനിക സേവനത്തിന് ശേഷമാണ് അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചത്.

രാഷ്ട്രപതിയുടെ ഔദ്യോഗികവും വ്യക്തിപരവുമായ കാര്യങ്ങളിൽ നിർണായക പങ്ക് വഹിക്കുന്നതാണ് എഡിസിയുടെ ചുമതലയെന്ന് ഋഷഭ് സിംഗ് സാംബാൽ അഭിമുഖത്തിൽ വ്യക്തമാക്കി. രാഷ്ട്രപതിയുടെ ദൈനംദിന പരിപാടികളുടെ പ്രോട്ടോക്കോൾ നിയന്ത്രിക്കുക, ആശയവിനിമയം ഏകോപിപ്പിക്കുക തുടങ്ങിയവയാണ് പ്രധാന ഉത്തരവാദിത്തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

“രാഷ്ട്രപതിയെ ആദ്യമായി കണ്ടപ്പോൾ അമ്മയെപ്പോലെ തോന്നി”

രാഷ്ട്രപതിയുടെ എഡിസിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ദ്രൗപദി മുർമുവിനെ കണ്ട അനുഭവവും അദ്ദേഹം പങ്കുവച്ചു. “ആദ്യമായി രാഷ്ട്രപതിയെ കണ്ടപ്പോൾ എന്റെ അമ്മ നിൽക്കുന്നതുപോലെയാണ് എനിക്ക് തോന്നിയത്. മൂന്ന് വർഷവും ഞാൻ രാഷ്ട്രപതിയുടെ കൂടെയായിരുന്നു. രാഷ്ട്രപതി ഞങ്ങളോടെല്ലാം വളരെ നല്ല രീതിയിലാണ് പെരുമാറിയിരുന്നത്. എന്റെ അമ്മയ്‌ക്കൊപ്പം ചെലവഴിച്ചതിനേക്കാൾ കൂടുതൽ സമയം രാഷ്ട്രപതിക്കൊപ്പമാണ് ചെലവഴിച്ചത്” എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ.

രാഷ്ട്രപതിയുടെ സുരക്ഷയും അന്തസും സംരക്ഷിക്കുന്നതിൽ എഡിസിക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എഡിസിമാർക്ക് എല്ലാവരെയും പൂർണമായി വിശ്വസിക്കാൻ കഴിയില്ലെന്നും ഡ്യൂട്ടിയുടെ സ്വഭാവം അത്രത്തോളം ഗൗരവമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

“എഡിസിയാകാൻ വിവാഹം പോലും ത്യജിച്ചു”

താരതമ്യേന ചെറുപ്പത്തിൽ തന്നെ സൈനിക സേവനത്തിൽ നിന്ന് വിരമിച്ചതിന്റെ കാരണവും അഭിമുഖത്തിൽ ഋഷഭ് സിംഗ് സാംബാൽ വ്യക്തമാക്കി.

“ഒരു മകൻ എന്ന നിലയിൽ കുടുംബത്തിൽ എനിക്ക് ചില ഉത്തരവാദിത്തങ്ങളുണ്ട്. അതിനെക്കുറിച്ച് ഞാൻ അധികം ചിന്തിച്ചില്ല. ഇനി അത് നിറവേറ്റാനുള്ള സമയമാണ്. ഇത്രയും വർഷം രാജ്യത്തെ സേവിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്” എന്നാണ് അദ്ദേഹം പറഞ്ഞത്.

എഡിസിയായി പ്രവർത്തിച്ച കാലയളവിൽ വ്യക്തിജീവിതത്തിൽ വലിയ ത്യാഗങ്ങൾ ചെയ്യേണ്ടിവന്നതായും അദ്ദേഹം തുറന്നുപറഞ്ഞു. വിവാഹം കഴിക്കാതിരുന്നതിന് പിന്നിലെ പ്രധാന കാരണവും ഡ്യൂട്ടിയുടെ സ്വഭാവമാണെന്ന് അദ്ദേഹം പറഞ്ഞു.

“എഡിസി ആവാൻ ഞാൻ ചെയ്ത ത്യാഗമാണ് വിവാഹം. ഞാൻ വിവാഹം കഴിക്കാത്തതിന് കാരണം എഡിസി ആയതിനാലാണ്. പുറത്തൊരു ജീവിതം എനിക്കില്ലായിരുന്നു. സാധാരണ ജനങ്ങളെപ്പോലെ പുറത്തുപോകാൻ എനിക്ക് കഴിയുമായിരുന്നില്ല” എന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഈ ജീവിതം തനിക്ക് വലിയ ഒറ്റപ്പെടൽ സമ്മാനിച്ചിട്ടില്ലെന്നും ഋഷഭ് സിംഗ് സാംബാൽ വ്യക്തമാക്കി. ഒറ്റയ്ക്കുള്ള സമയത്തെ പോസിറ്റീവായി കാണുന്ന താൻ ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും തനിച്ചായിരിക്കാറുണ്ടെന്നും ആ സമയത്ത് പുതിയ കാര്യങ്ങൾ പഠിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യസേവനവും വ്യക്തിജീവിതത്തിലെ ത്യാഗങ്ങളും ഒരുപോലെ തുറന്നുപറഞ്ഞ മേജർ ഋഷഭ് സിംഗ് സാംബാലിന്റെ അഭിമുഖമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button