‘പൃഥ്വിരാജിന്റെ ചിത്രം ചെയ്തതോടെ അമ്മയ്ക്കും സൂപ്പർ താരങ്ങൾക്കും ഞാൻ അനഭിമതനായി’; തുറന്നുപറഞ്ഞ് താരം

മലയാളികളുടെ അഭിമാനമായ മെഗാസ്റ്റാർ മമ്മൂട്ടിയുടെ 75-ാം ജന്മദിനമായിരുന്നു സെപ്തംബർ ഏഴിന്. താരങ്ങളും ആരാധകരും ഉൾപ്പെടെ ലക്ഷക്കണക്കിനുപേരാണ് അദ്ദേഹത്തിന് ആശംസ അറിയിച്ച് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവച്ചത്. ഇപ്പോഴിതാ ജന്മദിനം കഴിഞ്ഞ് മമ്മൂട്ടിയുമൊത്തുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ വിനയൻ. മഹാനടന്റെ മഹിമയ്ക്ക് ഒട്ടും മങ്ങലേൽക്കാതെയുള്ള ആ എനർജി കാണുമ്പോൾ അത്ഭുതം തോന്നാറുണ്ടെന്നാണ് വിനയൻ ഫേസ്ബുക്കിൽ കുറിച്ചത്.
മമ്മൂക്കയെ വച്ചുചെയ്ത രണ്ട് ചിത്രങ്ങളുടെ ഷൂട്ടിംഗ് അനുഭവങ്ങളും തനിക്ക് ഏറെ സ്മരണീയമാണെന്നും ഓർമകളിൽ സന്തോഷം പകരുന്നവയാണെന്നും അദ്ദേഹം കുറിച്ചു. ഒരു വർഷം മൂന്നും നാലും ചിത്രങ്ങൾ ചെയ്തിരുന്ന സമയത്താണ് സിനിമയിലെ പൊളിറ്റിക്സ് വഷളായത്. നിർമ്മാതാക്കളുമായി എഗ്രിമെന്റ് ഒപ്പിടില്ല എന്ന് താരസംഘടനയായ അമ്മ വാശിപിടിച്ച് ഒടുവിൽ 2004ൽ സമരത്തിലേക്കു പോയി. അതിനെതിരെ പൃഥ്വിരാജിനെയും പുതുമുഖം പ്രിയാമണിയേയും വച്ച് സത്യം എന്ന സിനിമ ഞാൻ ചെയ്തു. അതോടെ അമ്മയ്ക്കും സൂപ്പർ താരങ്ങൾക്കുമെല്ലാം താൻ വെറുക്കപ്പെട്ട ആളായി മാറിയെന്നും വിനയൻ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: രാക്ഷസ രാജാവിന്റെ ഷൂട്ടിംഗ് സെറ്റിൽ മമ്മുക്കയുമൊത്ത്…ആ ചിത്രത്തിലെ രാമനാഥൻ I P S എന്ന മമ്മുക്കയുടെ വേഷം അന്നത്തെ മമ്മൂട്ടി സിനിമകളിൽ വച്ച് വ്യത്യസ്തമായിരുന്നു… നെഗറ്റീവ് ക്യാരക്ടറായി ഇൻട്രൊഡ്യൂസ് ചെയ്യുന്ന ശക്തനായ ഒരു പോലീസ് കമ്മീഷണറുടെ കഥാപാത്രം .. അന്ന് പ്രമാദമായ ആലുവ കൊലക്കേസ് നടന്നു കഴിഞ്ഞ സമയമായിരുന്നു.. പെട്ടെന്ന് ഒരുമാസത്തിനകം കഥയും തിരക്കഥയും ഒക്കെ ശരിയാക്കി ഒരു സിനിമ ഷൂട്ടു ചെയ്യുക എന്ന ദൗത്യം ഒരു ചലഞ്ച് ആയി ഏറ്റെടുക്കുകയായിരുന്നു അന്ന്.
കരുമാടിക്കുട്ടന്റെ റിലീസ് തിരക്കിനിടയിലും അതു കഴിഞ്ഞാലുടനെ വിക്രമിനെ വച്ച് ചെയ്യുന്ന തമിഴ്ചിത്രം കാശിയുടെ ഡിസ്കഷനിടയിലുമാണ് കഥയുണ്ടങ്കിൽ ഉടനെ ഒരു ചിത്രം ചെയ്യാമെന്ന മമ്മുക്കയുടെ നിർദ്ദേശം വന്നത്.. കാശി മാറ്റിവച്ചിട്ടാണ് രാക്ഷസ രാജാവ് ചെയ്തത് ദാദാ സാഹിബ് കഴിഞ്ഞ ഉടനെ ആയിരുന്നു രണ്ടാമത്തെ മമ്മുട്ടി ചിത്രവും ഷൂട്ടു ചെയ്തത്.. ഒരു വർഷ്ം മൂന്നും നാലും ചിത്രങ്ങൾ എന്റേതായി റിലീസു ചെയ്യാറുള്ള സമയമായിരുന്നു അത്…
പിന്നീട് സിനിമയിലെ പൊളിറ്റിക്സ് വഷളായ കാലമായിരുന്നു …നിർമ്മാതാക്കളുമായി എഗ്രിമെന്റ് ഒപ്പിടില്ല എന്ന് താര സംഘടനയായ അമ്മ വാശിപിടിച്ച് ഒടുവിൽ 2004ൽ സമരത്തിലേക്കു പോയ സമയം…അതിനെതിരെ പൃഥ്വിരാജിനെയും പുതുമുഖം പ്രിയാമണിയേയും വച്ച് സത്യം എന്ന സിനിമ ഞാൻ ചെയ്തു.. അതോടെ അമ്മയ്കും സൂപ്പർ താരങ്ങൾക്കുമെല്ലാം ഞാൻ അനഭിമതനായി മാറുകയായിരുന്നു..
അമ്മയുടെ സമരം പൊളിച്ചവൻ എന്ന പേരു വീണു..ലക്ഷങ്ങളും കോടികളും കൈമാറുന്ന ബിസിനസ്സിൽ പരസ്പരം എഗ്രിമെന്റ് വയ്കണം എന്ന ശക്തമായ അഭിപ്രാമായിരുന്നു എനിക്ക്. അതെന്റെ നിലപാടായിരുന്നു.. അതുകൊണ്ട് കുറേ അവസരങ്ങളും വലിയ സാമ്പത്തിക നഷ്ടവും ഒക്കെ എനിക്കുണ്ടായി എന്നതു സത്യമാണ്..നമുക്കു ശരിയെന്നു തോന്നുന്ന ചില നിലപാടുകളിൽ ഉറച്ചു നിൽക്കുമ്പോൾ വേറെ ചില നഷ്ടങ്ങൾ നമുക്കുണ്ടാകാം.. അതു സഹിച്ചേ പറ്റൂ..
പക്ഷേ ഇന്നു സിനിമക്കാർ ഒപ്പിടുന്ന എഗ്രിമെന്റ് അന്ന് 2004ൽ ആരംഭിച്ചതിന്റെ തുടർച്ചയാണ് എന്നോർക്കുമ്പോൾ ചാരിതാർത്ഥ്യമുണ്ട്..ഒരു പക്ഷേ അന്നാ ഇഷ്യൂവിൽ ഞാൻ ഇടപെട്ടില്ലായിരുന്നു എങ്കിൽ മ്മമുക്കയെ വച്ചു തന്നെ കുറെ സിനിമകൾ അക്കാലത്തു ചെയ്തേനെ..പിന്നീട് സിനിമാ തൊഴിലാളികൾക്കായി ട്രേഡ് യൂണിയൻ ഉണ്ടാക്കാൻ പോയതും ഒരു ക്രിയേറ്റർ എന്ന നിലയിൽ എന്റെ കരിയറിനെ ബാധിച്ചിട്ടുണ്ട് എന്നത് സത്യമാണ്.. ചിലർക്ക് അത്തരം സ്ഥാനങ്ങൾ ഗുണമുണ്ടാക്കിയേക്കാം.. പക്ഷേ എനിക്കു വ്ക്തിപരമായി പലരുടേം ശത്രുത സമ്പാദിക്കാനേ കഴിഞ്ഞുള്ളു.. സംഭവിച്ചതെല്ലാം നല്ലതിന്…
ഇനി സംഭവിക്കാനിരിക്കുന്നതും നല്ലതിന് … നമുക്കു നിർഭയം യാത്ര തുടരം എന്നണെന്റെ പ്രമാണം..ഏതായാലും മമ്മുക്കയെ വച്ചു ചെയ്ത രണ്ടു ചിത്രങ്ങളുടെ ഷൂട്ടിംഗ് അനുഭവങ്ങളും എനിക്കേറെ സ്മരണീയമാണ് ഓർമ്മകളിൽ സന്തോഷം പകരുന്നവയാണ്.. ഇന്ന് ഈ പ്രായത്തിലും മമ്മൂട്ടി എന്ന മഹാനടനത്തിന്റെ മഹിമയ്ക് ഒട്ടും മങ്ങലേൽക്കാതെയുള്ള ആ എനർജി കാണുമ്പോൾ അത്ഭുതവും തോന്നാറുണ്ട്.. അതു തന്നെ പുതിയ തലമുറയ്ക് അനുകരണീയമാണ്.



