‘അക്ഷയയെ മരുമകളായല്ല, മകളായാണ് കാണുന്നത്’; മകൻ ധനുഷിന്റെ വിവാഹത്തെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി നെപ്പോളിയൻ

രണ്ട് വർഷം മുമ്പായിരുന്നു നടൻ നെപ്പോളിയന്റെ മകൻ ധനുഷിന്റെ വിവാഹം. മസ്കുലാർ ഡിസ്ട്രോഫി ബാധിതനായ ധനുഷിന്റെ ഭാര്യ തമിഴ്നാട് സ്വദേശിനിയായ അക്ഷയയാണ്. അസുഖബാധിതനായ മകന് വേണ്ടി ഒരു പെൺകുട്ടിയുടെ ജീവിതം നശിപ്പിക്കുന്നുവെന്ന വിമർശനമാണ് വിവാഹ വാർത്ത പുറത്ത് വിട്ടപ്പോൾ നെപ്പോളിയന് ഏറ്റവും കൂടുതൽ ലഭിച്ച വിമർശനം. അതേസമയം പണവും ഫെയിമും കണ്ടാണ് ധനുഷിനെ വിവാഹം കഴിക്കാൻ അക്ഷയ സമ്മതം മൂളിയതെന്ന വിമർശനമായിരുന്നു വധുവിന് ലഭിച്ചത്.
ഏറെ നാളുകളായി കേൾക്കുന്ന വിമർശനങ്ങൾക്കും സ്ഥിരമായി കേൾക്കുന്ന ചില ചോദ്യങ്ങൾക്കും മറുപടി പറയുകയാണ് നെപ്പോളിയൻ. എല്ലാവരേയും തൃപ്തിപ്പെടുത്തി ജീവിക്കാൻ കഴിയില്ലെന്ന് മൈന്റ് യുവർ വേഡ്സ് പോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിൽ നടൻ പറഞ്ഞു. എല്ലാവരേയും തൃപ്തിപ്പെടുത്തി നമുക്ക് ജീവിക്കാൻ കഴിയില്ല. നമ്മുടെ ജീവിതം നമ്മൾ ജീവിക്കുക.
നമ്മുടെ മക്കൾക്ക് എന്താണോ വേണ്ടത് അത് ചെയ്ത് കൊടുക്കണം. എനിക്കും ഭാര്യയ്ക്കും വയസായി തുടങ്ങി. അതുകൊണ്ട് മകന് യോജിച്ച ഒരു പെൺകുട്ടിയെ കണ്ടെത്തി വിവാഹം കഴിപ്പിക്കുന്നത് നല്ലതാണെന്ന് തോന്നി. രണ്ട് വർഷം അവനൊരു പങ്കാളിയെ കണ്ടെത്താനായി തിരഞ്ഞു. അവന് അപ്പോൾ 23 വയസാണ് പ്രായം. 25ൽ കല്യാണം നടന്നു. 22 വയസ് മുതൽ അക്ഷയയ്ക്ക് വിവാഹ ആലോചനകൾ വരുന്നുണ്ട്. ഞങ്ങളുടെ പ്രപ്പോസൽ ചെന്നപ്പോൾ ആദ്യം അക്ഷയയുടെ വീട്ടുകാർക്ക് സമ്മതമായിരുന്നില്ല.
എന്നാൽ പിന്നീട് അക്ഷയ തന്നെ വിവാഹത്തിന് സമ്മതമാണെന്ന് അറിയിക്കുകയായിരുന്നു. ധനുഷിന്റെ വീഡിയോകൾ കാണാറുണ്ട്. അവനെ ഇഷ്ടമാണ് എന്നാണ് അക്ഷയ പറഞ്ഞത്. അതിനുശേഷം എന്റെ സഹോദരൻ അക്ഷയയുടെ കുടുംബവുമായി സംസാരിച്ചു.
ഫിസിക്കലി ഒന്നും ചെയ്യാൻ ധനുഷിന് സാധിക്കില്ലെന്നതടക്കം എല്ലാ കാര്യങ്ങളും അക്ഷയയ്ക്ക് വിവരിച്ച് കൊടുത്തിരുന്നു.
പിന്നീട് എന്റെ ഭാര്യ അമേരിക്കയിൽ നിന്നും അക്ഷയയേയും വീട്ടുകാരെയും കണ്ടു സംസാരിച്ചു. അതിനുശേഷം എന്റെ ഭാര്യയ്ക്ക് മനസിലായി അക്ഷയ ധനുഷിന്റെ കാര്യത്തിലും എടുത്ത തീരുമാനത്തിലും കോൺഫിഡന്റാണെന്നുള്ളത്. അതിനുശേഷം ഞാൻ പോയി വിവാഹനിശ്ചയം നടത്തി. പിന്നീട് കല്യാണവും നടത്തി. ഒരു പെണ്ണിന്റെ ജീവിതം നശിപ്പിക്കുന്നുവെന്നൊക്കെ നാട്ടുകാർ പറയുന്നത് സ്വഭാവികം. പെണ്ണും അവളുടെ കുടുംബവും പൂർണ്ണ സമ്മതത്തോടെയാണല്ലോ വിവാഹത്തിന് സമ്മതിച്ചത്. പിന്നെ എന്താണ് കുഴപ്പം. അക്ഷയയെ മരുമകളായല്ല മകളായാണ് ഞങ്ങൾ സ്വീകരിച്ചത്. ഇന്നും ഞങ്ങളുടെ വീട്ടിൽ മകളായാണ് അവൾ വാഴുന്നത്.
എന്നെ അപ്പ എന്നും ഭാര്യയെ അമ്മയെന്നുമാണ് വിളിക്കുന്നത്. അവൾ ഞങ്ങളോടൊപ്പം വളരെ ഹാപ്പിയാണ്. എന്റെ മകനും സന്തോഷവാനാണ്. ഞങ്ങളുടെ ജീവിതം ഞങ്ങൾ ജീവിക്കുന്നു നെപ്പോളിയൻ പറഞ്ഞു. അക്ഷയയ്ക്ക് ധനുഷിനോടുള്ളത് യഥാർത്ഥ സ്നേഹമാണോയെന്ന് എങ്ങനെയാണ് മനസിലാക്കിയതെന്ന് അവതാരകൻ ചോദിച്ചപ്പോൾ നടൻ നൽകിയ മറുപടി ഇങ്ങനെയാണ്… എല്ലാം പരിശോധിച്ച് ഉറപ്പ് വന്നശേഷമാണ് വിവാഹമെന്ന തീരുമാനത്തിലേക്ക് എത്തിയത്. ജപ്പാനിൽ പോകാനുള്ള ആഗ്രഹം എട്ട് വർഷമായി ധനുഷിനുണ്ട്. അതിനാൽ ഞങ്ങൾ ടൂർ പ്ലാൻ ചെയ്തു. പക്ഷെ ധനുഷിന് അവന്റെ അവസ്ഥ വെച്ച് ഫ്ലൈറ്റിൽ യാത്ര ചെയ്യാനാവില്ല. ലെങ്സ് കപ്പാസിറ്റി കുറവാണ് അവന്. അങ്ങനെയാണ് കപ്പലിൽ ഒരു വർഷത്തെ വേൾഡ് ടൂർ പ്ലാൻ ചെയ്തത്. അതിനിടയിൽ അക്ഷയയുമായുള്ള വിവാഹവും ശരിയായി. അതോടെ യാത്ര കാൻസൽ ചെയ്യാൻ ആയിരുന്നു പ്ലാൻ. പക്ഷെ ധനുഷ് സമ്മതിച്ചില്ല.
അങ്ങനെയാണ് ജപ്പാനിൽ വിവാഹം നടത്താമെന്ന തീരുമാനം എടുത്തത്. പത്ത് ദിവസം ജപ്പാനിലേക്ക് ഞാൻ വിസിറ്റിന് പോയി വിവാഹത്തിന് വേണ്ട ഒരുക്കങ്ങൾ നടത്തി. പക്ഷെ മറ്റൊരു പ്രശ്നം വന്നു. ധനുഷ് യുഎസ് സിറ്റിസണും അക്ഷയ ഇന്ത്യൻ സിറ്റിസണുമാണ്. രണ്ട് രാജ്യത്ത് സിറ്റിസൺഷിപ്പുള്ളവർക്ക് ജപ്പാനിൽ പോയി വിവാഹം കഴിക്കാനാവില്ല. ലീഗൽ അപ്രൂവ്മെന്റ് ഉണ്ടാവില്ല. അതിനാൽ ജപ്പാനിൽ വെച്ച് നമ്മുടെ ആചാരപ്രകാരം വിവാഹം നടത്തി. ശേഷം അമേരിക്കയിൽ വന്ന് ഇരുവരും നിയമപരമായി വിവാഹിതരായി നെപ്പോളിയൻ പറഞ്ഞു.



