‘രാജാ റാണി’യിലെ ആദ്യ നായിക റെജീന കസാൻഡ്ര! ചിത്രത്തിൽ നിന്ന് പിന്മാറിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി താരം

മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങുന്ന ജനപ്രിയ താരമാണ് റെജീന കസാൻഡ്ര. നായിക വേഷങ്ങൾക്കൊപ്പം ശക്തമായ നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയും താരം പ്രേക്ഷകരെ വിസ്മയിപ്പിക്കാറുണ്ട്. സുന്ദർ സി. സംവിധാനം ചെയ്ത മിത്തോളജിക്കൽ ഫാന്റസി ചിത്രം ‘മൂക്കുത്തി അമ്മൻ 2’-ൽ ‘ഭൈരവി’ എന്ന വില്ലൻ വേഷം അവതരിപ്പിച്ച് കൈയടി നേടുന്നതിനിടയിൽ, തന്റെ കരിയറിന്റെ തുടക്കകാലത്തെക്കുറിച്ചുള്ള കൗതുകകരമായ ഓർമ്മകൾ പങ്കുവെക്കുകയാണ് താരം.
എസ്.എസ്. മ്യൂസിക്കിന് നൽകിയ അഭിമുഖത്തിലാണ് റെജീന സിനിമയിലെ പഴയകാല അനുഭവങ്ങൾ തുറന്നുപറഞ്ഞത്. തമിഴ് സിനിമയിൽ താൻ കരിയർ ആരംഭിക്കുന്ന സമയത്ത് തന്റെ ഏറ്റവുമടുത്ത സുഹൃത്ത് ശിവകാർത്തികേയൻ ആയിരുന്നുവെന്നും, ഇരുവരും ഒന്നിച്ചഭിനയിച്ച ‘കേഡി ബില്ല കില്ലാഡി രംഗ’ എന്ന ചിത്രത്തിന് ഇന്നും വലിയ ആരാധകവൃന്ദമുണ്ടെന്നും താരം ഓർക്കുന്നു. എന്നാൽ ഈ സിനിമയ്ക്ക് മുൻപ് മറ്റൊരു ബിഗ് പ്രൊജക്റ്റിൽ ഇരുവരും ഒന്നിക്കേണ്ടതായിരുന്നുവെന്നും, സംവിധായകൻ അറ്റ്ലിയുടെ ആദ്യ ചിത്രമായ ‘രാജാ റാണി’യിലെ ആദ്യ കാസ്റ്റ് താനും ശിവകാർത്തികേയനും പ്രിയ ആനന്ദുമായിരുന്നുവെന്നും താരം വ്യക്തമാക്കി.
ഇതിനെക്കുറിച്ച് റെജീന പറയുന്നതിങ്ങനെ, “ആ സമയത്ത് ശിവകാര്ത്തികേയന് ഇന്ന് കാണുന്നതുപോലെ വലിയ സ്റ്റാറായിട്ടൊന്നുമില്ല, സിനിമയിലേക്ക് വന്നതേയുണ്ടായിരുന്നുള്ളൂ. ‘കേഡി ബില്ല കില്ലാഡി രംഗ’ ചെയ്യുന്നതിന് മുന്നേ ഞങ്ങള് ഒന്നിച്ച് മറ്റൊരു സിനിമ ചെയ്യേണ്ടതായിരുന്നു. അറ്റ്ലീയുടെ ആദ്യത്തെ ചിത്രമായ ‘രാജാ റാണി’യിലെ ആദ്യത്തെ കാസ്റ്റ് ഞാനും ശിവകാര്ത്തികേയനും പ്രിയ ആനന്ദുമായിരുന്നു. എന്നാൽ പിന്നീട് എന്റെ റോളിലേക്ക് നസ്രിയ വന്നു. ചിത്രത്തിന്റെ കാസ്റ്റ് മൊത്തം മാറ്റേണ്ടി വന്നു. കാരണം അന്നത്തെ പ്രൊഡ്യൂസേഴ്സിന് കൂടുതൽ എസ്റ്റാബ്ലിഷ്ഡായിട്ടുള്ള ആര്ട്ടിസ്റ്റുകളെയായിരുന്നു ആവശ്യം. അതിന് ശേഷമാണ് ഞങ്ങൾ ‘കേഡി ബില്ല കില്ലാഡി രംഗ’ ചെയ്തത്.”



