ചാക്കോച്ചന് തൊലിക്കട്ടി ഉണ്ടായത് താൻ കാരണമെന്ന് ഷൈൻ ടോം

കഠിനമായ മഞ്ഞുവീഴ്ചയിലും വെറും ട്രൗസർ മാത്രം ധരിച്ച് മുറ്റത്തേക്ക് ഓടിയിറങ്ങുന്ന നടൻ കുഞ്ചാക്കോ ബോബന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം തരംഗമായിരുന്നു. ഫിൻലാൻഡിൽ അവധിക്കാലം ആഘോഷിക്കുന്ന താരം ‘ഒരു ദുരൂഹ സാഹചര്യത്തിൽ കിട്ടിയ തൊലിക്കട്ടി’ എന്ന രസകരമായ അടിക്കുറിപ്പോടെയാണ് റീൽ പങ്കുവച്ചിരുന്നത്.
താരത്തിന്റെ സാഹസികത കണ്ട് ആരാധകർ അമ്പരന്നിരിക്കെയാണ് വീഡിയോയ്ക്ക് താഴെ നടൻ ഷൈൻ ടോം ചാക്കോയുടെ കമന്റും ശ്രദ്ധേയമായത്. ‘ഈ അടുത്ത് നമ്മൾ ഒരുമിച്ച് അഭിനയിച്ചതിനു ശേഷമാണ് ചാക്കോച്ചന്റെ മാറ്റം’ എന്നായിരുന്നു ഷൈനിന്റെ കുസൃതി നിറഞ്ഞ കമന്റ്. ഒട്ടും വിട്ടുകൊടുക്കാതെ ചാക്കോച്ചനും മറുപടി നൽകി. ‘അതിൽ ചെറിയ വാസ്തവം ഇല്ലാതില്ലാതില്ല’ എന്നായിരുന്നു ചിരിച്ചുകൊണ്ട് താരം കുറിച്ചത്.
ഇരുവരുടെയും സൗഹൃദ സംഭാഷണം ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു. മൈനസ് ഡിഗ്രി തണുപ്പിൽ ഷർട്ട് പോലുമില്ലാതെ പുറത്തിറങ്ങിയ ചാക്കോച്ചന്റെ ധൈര്യത്തെ ആരാധകർ പുകഴ്ത്തുന്നുണ്ട്. ‘ഇതൊരു വല്ലാത്ത തൊലിക്കട്ടി ആയിപ്പോയി, അണ്ണൻ ഈ സൈസൊന്നും എടുക്കാത്തതാണല്ലോ’, എന്നിങ്ങനെ നീളുന്നു രസകരമായ കമന്റുകൾ. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗം കൂടിയായിരുന്നു താരത്തിന്റെ ഈ പോസ്റ്റ്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും ഉദയ പിക്ചേഴ്സും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഏപ്രിലിൽ തിയേറ്ററുകളിലെത്തും.



