നിങ്ങൾക്ക് വിവാഹം ചെയ്ത് കൂടേ; ആരാധകരുടെ ചോദ്യത്തിന് അതേ വേദിയിൽ മറുപടി

തമിഴകത്തെ പ്രിയ താര ജോഡിയാണ് തൃഷയും സിമ്പുവും. വിണ്ണെെത്താണ്ടി വരുവായ എന്ന സിനിമയിലൂടെയാണ് ഇരുവരുടെയും കെമിസ്ട്രി പ്രേക്ഷകർ കണ്ടത്. റൊമാന്റിക് സിനിമകളിൽ ഇന്നും മിക്കവരുടെയും പ്രിയപ്പെട്ട സിനിമയാണ് വിണ്ണെെത്താണ്ടി വരുവായ. 2010 ലാണ് സിനിമ റിലീസ് ചെയ്തത്. വർഷങ്ങൾക്കിപ്പുറം തൃഷയും സിമ്പുവും വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ്.
മണിരത്നം സംവിധാനം ചെയ്ത പുതിയ ചിത്രം തഗ് ലെെഫിൽ സിമ്പുവും തൃഷയും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. കമൽ ഹാസനാണ് കേന്ദ്ര കഥാപാത്രം ചെയ്യുന്നത്. കഴിഞ്ഞ ദിവസമായിരുന്നു തഗ് ലെെഫിന്റെ ഓഡിയോ ലോഞ്ച്. കമൽഹാസൻ, തൃഷ, സിമ്പു, അഭിരാമി തുടങ്ങിയ താരങ്ങൾ ഓഡിയോ ലോഞ്ചിൽ പങ്കെടുത്തു.

ഇവന്റിൽ നിന്നുള്ള സിമ്പുവിന്റെയും തൃഷയുടെയും ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ഇവരെ ഒരുമിച്ച് കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. സുഹൃത്തുക്കളായ ഇരുവർക്കും എന്തുകൊണ്ട് വിവാഹം ചെയ്ത് കൂടായെന്നാണ് ആരാധകരുടെ ചോദ്യം. രണ്ട് പേരും അവിവാഹിതരായി തുടരുകയാണ്. വിവാഹ മോചനത്തിൽ വിശ്വസിക്കുന്നില്ലെന്നും അനുയോജ്യ പങ്കാളി വന്നാൽ മാത്രമേ വിവാഹമുള്ളൂയെന്നുമാണ് സിമ്പു ഒരിക്കൽ പറഞ്ഞത്. ഇത് തന്നെ മറ്റൊരു അഭിമുഖത്തിൽ തൃഷയും പറയുകയുണ്ടായി.
ഏറെക്കുറെ ജീവിതത്തെക്കുറിച്ച് ഒരേ വീക്ഷണങ്ങളുള്ള ഇരുവർക്കും വിവാഹം ചെയ്ത് കൂടേയെന്ന് കമന്റുകൾ വരുന്നുണ്ട്. ഇവർ വിവാഹം ചെയ്യുമെന്ന് എന്റെ മനസ് പറയുന്നു, സിമ്പു തൃഷയെ വിവാഹം ചെയ്യാൻ വേണ്ടി കാത്തിരിക്കുകയാണെന്ന് തോന്നുന്നു എന്നെല്ലാം കമന്റുകളുണ്ട്. വിണ്ണെെത്താണ്ടി വരുവായയിലെ ജെസിയും കാർത്തിക്കും പാരലൽ വേൾഡിൽ എന്നും കമന്റുകളുണ്ട്.

41 കാരിയാണ് തൃഷ. സിമ്പുവിന്റെ പ്രായം 42 ഉം. രണ്ട് പേർക്കും പ്രണയ ബന്ധങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇവയെല്ലാം തകർന്നു. നയൻതാര, ഹൻസിക മോട്വാണി തുടങ്ങിയ നടിമാരുമായി സിമ്പു പ്രണയത്തിലായിരുന്നു. പിന്നീട് ഈ ബന്ധങ്ങൾ തകർന്നു. ഈ നടിമാർ ഇന്ന് വിവാഹിതരാണ്. സിമ്പു-നയൻതാര ബന്ധമാണ് ഏറ്റവും കൂടുതൽ ചർച്ചയായത്. ഇവരുടെ സ്വകാര്യ ചിത്രങ്ങൾ പുറത്ത് വന്നത് വിവാദമായിരുന്നു. മറുവശത്ത് നടൻ റാണ ദഗുബതിയുമായി പ്രണയത്തിലായിരുന്നു തൃഷ.
ഇവർ പിന്നീട് ബ്രേക്കപ്പായി. ഇന്നും സൗഹൃദമുണ്ട്. വ്യവസായി വരുൺ മന്യനുമായി പിന്നീട് തൃഷ അടുത്തു. ഈ ബന്ധം വിവാഹ നിശ്ചയം വരെ എത്തി. എന്നാൽ വിവാഹ നിശ്ചയത്തിന് ശേഷം ഇവർക്കിടയിൽ പ്രശ്നങ്ങൾ വന്നു. ഇതോടെ വിവാഹം വേണ്ടെന്ന തീരുമാനത്തിലെത്തി. റിപ്പോർട്ടുകൾ പ്രകാരം വിവാഹ ശേഷവും തൃഷ സിനിമാ രംഗത്ത് തുടരാനാഗ്രഹിച്ചിരുന്നു. ഇതിൽ വരുൺ മന്യനും കുടുംബത്തിനും താൽപര്യമുണ്ടായിരുന്നില്ല. ഇതോടെയാണ് ഇവർക്കിടയിൽ പ്രശ്നങ്ങളുണ്ടായത്.

മറ്റൊരു വിവാഹത്തിന് തൃഷ ഇതുവരെ തയ്യാറായിട്ടില്ല. വിവാഹം ചെയ്ത് പിന്നീട് പിരിയാൻ താൽപര്യമില്ലെന്നും വിവാഹത്തേക്കാൾ ഒരു പങ്കാളിയെ കണ്ടെത്തുന്നതിനാണ് താൻ പ്രാധാന്യം നൽകുന്നതെന്നും തൃഷ ഒരിക്കൽ പറഞ്ഞിരുന്നു. നടി ഇന്ന് പ്രണയത്തിലാണോ എന്ന് വ്യക്തമല്ല. അതേസമയം വിജയുമായുള്ള സൗഹൃദത്തിന്റെ പേരിൽ ഗോസിപ്പുകൾ വരുന്നുണ്ട്. ഇരുവരും രഹസ്യമായി പ്രണയത്തിലാണെന്ന് സംസാരമുണ്ട്. എന്നാൽ ഇവർ സുഹൃത്തുക്കൾ മാത്രമാണെന്നാണ് ആരാധകർ പറയുന്നത്. വിജയും ഭാര്യ സംഗീതയും തമ്മിൽ അകൽച്ചയിലാണെന്ന അഭ്യൂഹങ്ങൾക്കിടെയാണ് തൃഷയെക്കുറിച്ച് ഗോസിപ്പുകൾ വന്നത്.