ഇനിയൊരു കീമോ താങ്ങില്ല’; രേണുസുധിയുടെ ആരോഗ്യനില അതീവ ഗുരുതരം, ശാരികയുടെ വാക്കുകൾ കണ്ണീരോടെ

കാൻസർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന രേണു സുധിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് സുഹൃത്തും അവതാരകയുമായ ശാരിക കെബി. അഞ്ച് കീമോ തെറാപ്പികൾക്ക് ശേഷം രേണുവിന്റെ ആരോഗ്യനില വഷളായതിനാൽ ഇനിയൊരു കീമോ ചെയ്യാനാകില്ലെന്ന് ഡോക്ടർമാർ അറിയിച്ചതായി ശാരിക വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ശാരിക ഇക്കാര്യം വ്യക്തമാക്കിയത്.
രേണു നിലവിൽ കോട്ടയം മെഡിക്കൽ കോളേജിൽ ഐസിയുവിലാണെന്നും അവസ്ഥ വളരെ മോശമാണെന്നും രേണുവിന്റെ ചേച്ചി വിളിച്ച് അറിയിച്ചതായി ശാരിക പറഞ്ഞു. ‘റിയാലിറ്റി മിക്കപ്പോഴും ഇത്തിരി കയ്പ്പുള്ളതായിരിക്കും. കയ്പ്പുള്ള യാഥാർത്ഥ്യം എനിക്ക് നിങ്ങളോട് പറയേണ്ടിവരികയാണ്’ എന്നുപറഞ്ഞാണ് ശാരികയുടെ വീഡിയോയുടെ തുടക്കം.’എന്റെ പ്രിയപ്പെട്ട കൂട്ടുകാരി രേണുവിന്റെ അവസ്ഥ വളരെ മോശമാണ്.
വളരെ ക്രിട്ടിക്കലാണ്. പ്ലേറ്റ്‌ലെറ്റ് കൗണ്ട് വല്ലാതെ കുറഞ്ഞു. ആശുപത്രിയിൽ അഡ്മിറ്റാണ്. ഇന്ന് വൈകിട്ടാണ് ഞാൻ അറിഞ്ഞതും എന്നെ വിളിച്ച് പറഞ്ഞതും. പ്രാർത്ഥിക്കണമെന്ന് പറയാൻവേണ്ടി വിളിച്ചതാണ്.’- അവർ പറഞ്ഞു.അഞ്ചിലധികം കീമോ കഴിഞ്ഞെന്നും ഓരോ കീമോ കഴിയുമ്പോഴും പച്ചവെള്ളംപോലും ഛർദിക്കുന്ന അവസ്ഥയാണെന്നും ശാരിക കൂട്ടിച്ചേർത്തു.
രേണുവിന് ആഹാരം കഴിക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്. ആഹാരം കഴിക്കുന്നതിന് പകരമുള്ള എന്തോ ദേഹത്ത് ഘടിപ്പിച്ചിരിക്കുകയാണെന്നും എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് രേണുവിന്റെ ചേച്ചിയെന്നും ശാരിക പറയുന്നു. രേണുവിന്റെ കുടുംബത്തിന്റെ പെർമിഷൻ വാങ്ങിയിട്ടാണ് താൻ ഇക്കാര്യം പറയുന്നതെന്നും ശാരിക വീഡിയോയിൽ വ്യക്തമാക്കി.



