പൃഥ്വിരാജ് പാർവതി കൂട്ടുകെട്ടിൽ ‘ഐ, നോബഡി’ ജൂലൈ 9ന് തിയേറ്ററുകളിലേക്ക്

കൊച്ചി∙ പൃഥ്വിരാജിനെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഐ, നോബഡി’ റിലീസിനൊരുങ്ങുന്നു. പാർവതി തിരുവോത്ത് നായികയായെത്തുന്ന ചിത്രം ജൂലൈ 9ന് തിയേറ്ററുകളിൽ എത്തുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്.
ചിത്രത്തിന്റെതായി പുറത്തുവന്ന ടീസറിന് ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഹക്കീം ഷാജഹാനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്ന ചിത്രം സാങ്കേതികമായും ഏറെ പ്രതീക്ഷയുണർത്തുന്ന ഒന്നാണ്.
‘എന്ന് നിന്റെ മൊയ്തീൻ’, ‘കൂടെ’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ‘ഐ, നോബഡി’ക്കുണ്ട്. മലയാള സിനിമയിൽ മുമ്പ് കാണാത്ത തരത്തിലുള്ള വ്യത്യസ്ത മേക്കിങ്ങിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സോഷ്യോ-പൊളിറ്റിക്കൽ, ഡാർക്ക് ഹ്യൂമർ ഴോണറിലാണ് ചിത്രം അവതരിപ്പിക്കുന്നത്.
ഇ4 എന്റർടൈൻമെന്റ്സും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുപ്രിയ മേനോൻ, മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവരാണ് നിർമ്മാതാക്കൾ.
‘റോഷാക്ക്’, ‘ഇബിലീസ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം സമീർ അബ്ദുൾ തന്നെയാണ് ‘ഐ, നോബഡി’യുടെ രചന നിർവഹിക്കുന്നത്. ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ഹാരിസ് ദേശം ലൈൻ പ്രൊഡ്യൂസർ ആകുന്നു.
അർഷാദ് നാക്കോത്ത് (പ്രൊഡക്ഷൻ ഡിസൈൻ), റോണക്സ് സേവിയർ (മേക്കപ്പ്), ധന്യ ബാലകൃഷ്ണൻ (കോസ്റ്റ്യൂംസ്), റിനി ദിവാകർ (പ്രൊഡക്ഷൻ കൺട്രോളർ), വാനിക്ക് ബെൻ & കലൈ കിംഗ്സ്റ്റൺ (ആക്ഷൻ), നിക്സൺ ജോർജ് (സൗണ്ട് ഡിസൈൻ), ലവാ കുശ (VFX) എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ. ചിത്രം ഹോം സ്ക്രീൻ എന്റർടൈൻമെന്റ് വിതരണം ചെയ്യും.



