അമ്മ’യുടെ തലപ്പത്തേക്ക് വീണ്ടും മോഹൻലാൽ

ഏറെ നാളായി വിവാദങ്ങളിൽ പെട്ട് ഉലയുകയാണ് മലയാളം സിനിമ താര സംഘടനയായ അമ്മ. ഹേമ കമ്മിറ്റി റിപ്പോർട്ടും അതിനെ തുടർന്നുള്ള വിവാദങ്ങളിലും സംഘടന തകിടം മറിയുകയായിരുന്നു. സംഘടനയുടെ ഭാരവാഹിത്വത്തിൽ പോലും പ്രശ്നം നിലനിന്നിരുന്നു. അഡ്‌ഹോക് കമ്മിറ്റിയാണ് നിലവിൽ സംഘടനയുടെ ഭരണം നടത്തുന്നത്.
ഇപ്പോഴിതാ സംഘടനയുടെ പ്രസിഡൻറായി മോഹൻലാല്‍ തുടരാൻ സന്നദ്ധത അറിയിച്ചു രംഗത്ത് വന്നിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രസിഡൻ്റ് സ്ഥാനത്ത് തുടരാൻ തയ്യാറാണെന്ന് മോഹൻലാല്‍ അഡ്ഹോക് കമ്മിറ്റിയെ അറിയിച്ചു. എന്നാല്‍ രാജിവച്ച സിദ്ദീഖിന് പകരം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയൊരാളെ തെരഞ്ഞെടുക്കും. ഈ മാസം 22നാണ് അമ്മ ജനറല്‍ബോഡി നടക്കുന്നത്. എല്ലാവരുടെയും സൗകര്യപൂർവ്വം കൊച്ചിയില്‍ നടത്താനാണ് തീരുമാനം.
ലൈംഗിക ആരോപണം ഉയർന്നതിനെ തുടർന്ന് ജനറല്‍ സെക്രട്ടറിയായിരുന്ന സിദ്ദീഖ് രാജിവച്ചതോടെയാണ് താര സംഘടനയില്‍ പ്രതിസന്ധി ഉടലെടുത്തത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയർന്ന വിവാദങ്ങളെ തുടർന്ന് അമ്മ ഭാരവാഹികള്‍ ഒന്നടങ്കം രാജിവെച്ചിരുന്നു. ഇതോടെയാണ് പ്രശ്നം രൂക്ഷമായത്.
മോഹൻലാല്‍ പ്രസിഡൻ്റായ കമ്മിറ്റി രാജിവെച്ചെങ്കിലും അഡ്ഹോക്ക് കമ്മിറ്റിയായി പിന്നീട് മാറുകയായിരുന്നു. അതിനിടയാണ് ഈ മാസം 22ന് ജനറല്‍ബോഡിയോഗം ചേർന്ന് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കാൻ സംഘടന ഒരുങ്ങുന്നത്. മോഹൻലാൽ സംഘടനയുടെ തലപ്പത്തേക്ക് തിരിച്ചെത്തുന്നതോടെ പ്രശ്നങ്ങൾക്ക് പരിഹാരമാവും എന്നാണ് കണക്ക് കൂട്ടൽ.