Cinema

ആദ്യഭാഗം വീണു, രണ്ടാം ഭാഗം വാണു; ‘ഭരതനാട്യം 2’ ബോക്സ് ഓഫീസിൽ തരംഗമാകുന്നു

സൈജു കുറുപ്പിനെ നായകനാക്കി കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത ‘ഭരതനാട്യം 2: മോഹിനിയാട്ടം’ മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തിയറ്ററുകളിൽ മുന്നേറുകയാണ്. ചിത്രത്തിന്റെ ആദ്യഭാഗം തിയറ്ററുകളിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോവുകയും പലയിടത്തും ഷോകൾ ക്യാൻസൽ ചെയ്യേണ്ടി വരികയും ചെയ്തിരുന്നു. എന്നാൽ രണ്ടാം ഭാഗം തിയറ്ററുകളിൽ എത്തിയപ്പോൾ ഹൗസ്ഫുൾ ഷോകളുമായി വൻ കുതിപ്പാണ് നടത്തുന്നത്. ആഗോള കളക്ഷനിൽ ഇതിനോടകം തന്നെ ചിത്രം 40 കോടിയോളം രൂപ സ്വന്തമാക്കി എന്നതും ശ്രദ്ധേയമാണ്.

സൈജു കുറുപ്പിന്റെ കരിയറിലെ 150-ാം ചിത്രം എന്ന വലിയ പ്രത്യേകതയും ‘മോഹിനിയാട്ടത്തിന്’ ഉണ്ട്. അന്തരിച്ച ഭരതൻ നായർ ബാക്കിവെച്ചുപോയ പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന ശശിധരന്റെയും കുടുംബത്തിന്റെയും പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. സംശയം വിട്ടുമാറാത്ത നാട്ടുകാർ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളും അതിനിടയിലെ കുടുംബാംഗങ്ങളുടെ അവസ്ഥയും രസകരമായി അവതരിപ്പിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. ആദ്യഭാഗത്തിന്റെ പരാജയത്തിന് ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയ ചിത്രം മലയാള സിനിമയിലെ അപ്രതീക്ഷിത ഹിറ്റുകളിൽ ഒന്നായി മാറിക്കഴിഞ്ഞു.

തോമസ് തിരുവല്ല ഫിലിംസിന്റെയും സൈജു കുറുപ്പ് എന്റർടൈൻമെന്റ്‌സിന്റെയും ബാനറിൽ ലിനി മറിയം ഡേവിഡ്, അനുപമ ബി. നമ്പ്യാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സൈജു കുറുപ്പിനൊപ്പം സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്, ബേബി ജീൻ, കലാരഞ്ജിനി തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കൃഷ്ണദാസ് മുരളിയും വിഷ്ണു ആർ. പ്രദീപും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. ബബ്ലു അജുവിന്റെ ഛായാഗ്രഹണവും ‘ഇലക്ട്രോണിക് കിളി’യുടെ സംഗീതവും ചിത്രത്തിന് കൂടുതൽ മികവേകുന്നു.

സാങ്കേതിക മേഖലയിലും മികച്ച നിലവാരം പുലർത്തുന്ന ചിത്രം ബോക്സ് ഓഫീസിൽ പുതിയ റെക്കോർഡുകളിലേക്ക് നീങ്ങുകയാണ്. ഷഫീഖ് വി.ബിയുടെ ചിത്രസംയോജനവും ദിൽജിത് എം. ദാസിന്റെ കലാസംവിധാനവും ചിത്രത്തിന്റെ ദൃശ്യാനുഭവത്തെ മനോഹരമാക്കി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സൽമാൻ കെ.എം, പ്രൊഡക്ഷൻ കൺട്രോളർ ജിതേഷ് അഞ്ചുമന എന്നിവരുടെ നേതൃത്വത്തിൽ മികച്ച രീതിയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. സിനിമ കണ്ടിറങ്ങുന്നവർ മികച്ച അഭിപ്രായം രേഖപ്പെടുത്തുന്നത് വരും ദിവസങ്ങളിലും ചിത്രത്തിന് വലിയ നേട്ടമാകുമെന്നാണ് വിലയിരുത്തൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button