‘പ്രേമലു 2 ഉപേക്ഷിക്കാൻ കാരണം നടൻ നസ്ലിന്റെ ആ ആവശ്യം’; വെളിപ്പെടുത്തൽ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിനിമാലോകത്തും സമൂഹമധ്യമങ്ങളിലും നിറഞ്ഞുനിൽക്കുന്ന വിഷയമാണ് പ്രേമലു 2 എന്ന സിനിമ. എന്തുകൊണ്ട് ഈ സിനിമ നടന്നില്ല, ആദ്യഭാഗത്തിലെ നായകനായ നസ്ലിൻ ആണോ ഇതിനുപിന്നിലെ കാരണം, സംവിധായകൻ ഗിരീഷ് എ. ഡി നൽകുന്ന സൂചന അതുതന്നെയല്ലേ എന്നിങ്ങനെയാണ് ചർച്ചകൾ പുരോഗമിച്ചിരുന്നത്. ഗിരീഷ് എ. ഡിയുടെ സംവിധാനത്തിൽ എത്തിയ ബേത്ലഹേം കുടുംബയൂണിറ്റ് എന്ന സിനിമയുടെ റിലീസിനോട് അനുബന്ധമായാണ് ഈ ചർച്ചകൾ ഉയർന്നുവന്നത്. നിവിൻ പോളിയ നായകനാക്കി എത്തിയ സിനിമ വൻ വിജയം തീർത്തു മുന്നേറുകയാണ്.
ഗിരീഷ് എ.ഡിയുടെ പരാമർശം
ഈ സിനിമയുമായി ബന്ധപ്പെട്ട് സംവിധായകൻ ഗിരീഷ് എ ഡി നൽകിയ അഭിമുഖങ്ങളിലാണ് എന്തുകൊണ്ട് പ്രേമലു 2 നടക്കാതെ പോയി എന്ന ചോദ്യം വീണ്ടും ഉയർന്നത്. ഈ ചോദ്യത്തിന് കൃത്യമായ ഒരു മറുപടി പറഞ്ഞില്ലെങ്കിലും ചിലരുടെ ഓവർ എക്സ്പെറ്റെഷൻ എന്ന പരാമർശവും എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ട് താൻ തന്നെ ആണ് സിനിമ ഉപേക്ഷിക്കാൻ തീരുമാനിച്ചു എന്ന സംവിധായകന്റെ തുറന്നുപറച്ചിലും ആണ് വിഷയത്തെ ചൂടുപിടിപ്പിച്ചത്. ഗിരീഷ് ഉദ്ദേശിച്ചത് നസ്ലിനെ തന്നെയാണെന്ന് ഒരു വിഭാഗവും സ്ക്രിപ്റ്റ് ഇഷ്ടപ്പെട്ടില്ലെങ്കിൽ നസ്ലിന് പടം ഉപേക്ഷിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ എന്ന് മറ്റൊരു വിഭാഗവും അഭിപ്രായങ്ങൾ ഉയർത്തിയിരുന്നു.
സ്ക്രിപ്റ്റ് ആയിരുന്നില്ല പ്രശ്നം
അതിനിടയാണ് ഇപ്പോൾ സിനിമ നടക്കാതെ പോയതിന്റെ പ്രധാന കാരണം ഈ കേട്ടതൊന്നുമല്ല എന്ന് വെളിപ്പെടുത്തൽ വന്നിരിക്കുന്നത്. സംവിധായകൻ ആലപ്പി അഷ്റഫ് ആണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. തിരക്കഥ ഇഷ്ടപ്പെടാത്തത് കൊണ്ടല്ല നസ്ലിൻ സിനിമയിൽ നിന്ന് പിന്മാറിയത്. ഇത്തരത്തിൽ നടക്കുന്ന പ്രചാരണങ്ങൾ തെറ്റാണ്. പ്രേമലു 2 ൽ നസ്ലിൻ അഭിനയിക്കാൻ തയ്യാറായിരുന്നു. പക്ഷേ അതിനായി ആവശ്യപ്പെട്ട പ്രതിഫലം വളരെ കൂടുതലാണ്. യുവ താരത്തിന്റെ ഈ ആവശ്യം കേട്ട് നിർമ്മാതാക്കൾ ഞെട്ടിപ്പോവുകയായിരുന്നു.
ഒരാൾക്ക് എങ്ങനെ ഇതുപോലെ മാറാൻ കഴിയുന്നു
തന്നെ ഒരു താരമാക്കി വളർത്തിയെടുത്ത സഹപ്രവർത്തകരോടും നിർമ്മാതാക്കളോടും സംവിധായകനോടും ഒരാൾ പുലർത്തേണ്ട മാന്യതയും പ്രതിബദ്ധതയും നസ്ലിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്നും ആലപ്പി അഷ്റഫ് യൂട്യൂബിൽ അപ്ലോഡ് ചെയ്ത വീഡിയോയിൽ പറയുന്നു. പിന്നിട്ട വഴികൾ മറക്കുന്നവർ, ഒരാൾക്ക് എങ്ങനെ ഇതുപോലെ മാറാൻ കഴിയുന്നു എന്ന ക്യാപ്ഷനോടെയാണ് യൂട്യൂബിൽ വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഈ വെളിപ്പെടുത്തലുകൾ ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്.



