നിവിനും ഫഹദിനുമൊപ്പം സഞ്ജു സാംസൺ; ചെന്നൈ സൂപ്പർ കിംഗ്സിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ

സോഷ്യൽ മീഡിയയെയും, സിനിമ-ക്രിക്കറ്റ് ആരാധകരെയും അവേശത്തിലാക്കി ‘ചേട്ടന്മാരുടെ’ സംഗമം. നടന്മാരായ നിവിൻ പോളി, ഫഹദ് ഫാസിൽ എന്നിവർക്കൊപ്പമുള്ള സഞ്ജു സാംസൻ്റെ ചിത്രമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ചർച്ചാ വിഷയം. ഓണം റിലീസായി പുറത്തിറങ്ങിയ നിവിൻ പോളി, മമിത ബൈജു, ഗിരീഷ് എ.ഡി ചിത്രം ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ എന്ന സിനിമയുടെ വിജയാഘോഷ ചടങ്ങിലേക്ക് മലയാളികളുടെ പ്രിയ താരം സഞ്ജു സാംസണും എത്തിയിരുന്നു. ഇതിനിടെ പകർത്തിയ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചെന്നൈ സൂപ്പർ കിംഗ്സ് തങ്ങളുടെ ഔദ്യോഗിക ഹാൻഡിലുകളിലൂടെ ചിത്രം പങ്കുവച്ചിട്ടുണ്ട്.
“ചേട്ടൻമാരുടെ ലോകത്തേക്ക് സ്വാഗതം” എന്ന കുറിപ്പോടെയാണ് ചെന്നൈ സൂപ്പർ കിംഗ്സ് ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. രസകരമായ കമൻ്റുകൾ ചിത്രത്തിനടിയിൽ നിറഞ്ഞു കഴിഞ്ഞു. മൂന്ന് ചേട്ടർമാരെയും പേരെടുത്ത് പരാമർശിക്കുന്ന, ‘രംഗൻ ചേട്ടൻ, ജസ്റ്റിൻ ചേട്ടൻ, നമ്മ ചേട്ടൻ’ എന്ന കമൻ്റാണ് ഇതിൽ ഏറ്റവും ശ്രദ്ധ നേടുന്നത്. ‘സൂര്യന് താഴെയുള്ളതെല്ലാം ചെന്നൈ സൂപ്പർ കിംഗ്സ് തങ്ങളുടേതാണെന്ന് അവകാശപ്പെടും’ എന്നാണ് മറ്റൊരു വിരുതൻ കമൻ്റ് ചെയ്തിരിക്കുന്നത്. ഇദ്ദേഹം ചെന്നൈ ഫാനല്ലെന്ന് വേണം അനുമാനിക്കാൻ. “Sanju + Nivin + Fahadh = 16 letters.16 = 1+6 = 7 തല ഫോർ എ റീസൺ” എന്ന പതിവ് ധോണി സിദ്ധാവുമായും മൂവരുടെയും കൂടിക്കാഴ്ചയെ ചേർത്തുവയ്ക്കുന്നുണ്ട് രസകരമായ മറ്റൊരു കമൻ്റിൽ.
സിനിമ ചെയ്യാൻ ഇഷ്ടമാണെന്നും എന്നാൽ നല്ല ഒരു വേഷം വാഗ്ദാനം ചെയ്യാത്തതിനാലാണ് അഭിനയിക്കാത്തത് എന്നും സുഹൃത്തായ ബേസിൽ ജോസഫുമൊത്തുള്ള ഒരു സിനിമാ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ തമാശയായി സഞ്ജു പറഞ്ഞിരുന്നു. ചെറിയ കഥാപാത്രങ്ങളാണ് ഓഫർ ചെയ്യുന്നത് എന്നും വലിയ കഥാപാത്രങ്ങൾ നൽകിയാൽ സിനിമ ചെയ്യാമെന്നുമായിരുന്നു അന്ന് സഞ്ജു പറഞ്ഞത്. മലയളത്തിലെ സിനിമാ താരങ്ങളുമായി ഏറെ അടുപ്പമുള്ള ആളാണ് സഞ്ജു സാംസൺ. ഇതിന് മുൻപും സിനിമായി ബന്ധപ്പെട്ട പരിപാടികളിൽ സഞ്ജു പങ്കെടുത്തിട്ടുണ്ട്. കെ.സി.എൽ പ്രമോഷൻ്റെ ഭാഗമായി മോഹൻലാലും സഞ്ജുവും ഒരുമിച്ച് അഭിനയിച്ച വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറിയിരുന്നു.
ഓണം റിലീസായി തീയറ്ററുകളിൽ എത്തിയ ‘ബെത്ലഹേം കുടുംബം യൂണിറ്റ്’ മികച്ച പ്രതികരണം നേടി തീയറ്ററുകളിൽ മുന്നേറുകയാണ്. സാക്നിൽക്കിൻ്റെ കണക്കുകൾ പ്രകാരം റിലീസായി 15 ദിവസങ്ങൾ പിന്നിടുമ്പോൾ വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ ₹238.05 കോടി പിന്നിട്ടിട്ടുണ്ട്.



