“ചില ആത്മബന്ധങ്ങൾ അങ്ങനെയാണ്”; മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് തരുൺ മൂർത്തി

മോഹൻലാൽ ആരാധകരും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ‘അതിമനോഹരം’ ഔദ്യോഗികമായി പാക്ക് അപ്പ് ആയി. ‘തുടരും’ എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയായതിന് പിന്നാലെ, മോഹൻലാലിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ. ലാൽ സാറിനൊപ്പമുള്ള തന്റെ രണ്ട് സിനിമകളും വിധി എഴുതിച്ചേർത്തത് പോലെയാണെന്നും ചില ആത്മബന്ധങ്ങൾ അങ്ങനെയാണെന്നും തരുൺ കുറിപ്പിൽ വ്യക്തമാക്കുന്നു.
‘ചില യാത്രകൾ നമ്മൾ സ്വന്തമായി ഉണ്ടാക്കുന്നതാണ്, എന്നാൽ മറ്റു ചിലത് പ്രപഞ്ചം നമുക്കായി ഒരുക്കിവെക്കുന്നതും… ലാൽ സാറിനൊപ്പമുള്ള എന്റെ രണ്ട് സിനിമകളും വിധി തന്നെ എഴുതിച്ചേർത്തത് പോലെയാണ് തോന്നുന്നത്. പ്രതീക്ഷിക്കാതെ ഉണ്ടായൊരു ബന്ധം, മനോഹര വികാരങ്ങൾ, വാക്കുകൾ കൊണ്ട് വിവരിക്കാനാവാത്ത ആ കെമിസ്ട്രി. ചില ആത്മബന്ധങ്ങൾ അങ്ങനെയാണ്… അത് സംഭവിക്കേണ്ടത് തന്നെയായിരിക്കും’, തരുൺ മൂർത്തി കുറിച്ചു.
ചിത്രത്തിൽ മോഹൻലാൽ താടി വടിച്ച് മീശ പിരിച്ചുള്ള പുതിയ ലുക്കിൽ എത്തിയത് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തരംഗം സൃഷ്ടിച്ചിരുന്നു. ആരാധകർ ഈ ചിത്രം ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ മോഹൻലാൽ ആദ്യമായി നായകനാകുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
നേരത്തെ ഓസ്റ്റിൻ ഡാൻ തോമസിന്റെ സംവിധാനത്തിലും രതീഷ് രവിയുടെ തിരക്കഥയിലും ഒരു പോലീസ് യൂണിഫോമിന്റെ പോസ്റ്ററുമായി L365 അനൗൺസ് ചെയ്തിരുന്നു. പിന്നീട് ഓസ്റ്റിൻ ഈ പ്രോജക്റ്റിൽ നിന്ന് പിന്മാറുകയും, തരുൺ മൂർത്തിയുടെ സംവിധാനത്തിൽ L366 ആയി ഈ ചിത്രം പ്രഖ്യാപിക്കപ്പെടുകയുമായിരുന്നു. രതീഷ് രവി തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.
‘തുടരും’ ഉൾപ്പെടെയുള്ള ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്ത ഷാജി കുമാറാണ് ഈ ചിത്രത്തിന്റെയും ഛായാഗ്രാഹകൻ. ജേക്സ് ബിജോയ് സംഗീതം പകരുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വിവേക് ഹർഷനും, ആർട്ട് ഡയറക്ഷൻ ഗോകുൽ ദാസുമാണ് നിർവഹിക്കുന്നത്. വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈനും, മഷർ ഹംസ കോസ്റ്റ്യൂം ഡിസൈനും നിർവഹിക്കുന്നു.



