രമ്യയുടെ വേഷം ചെയ്യാൻ ആഗ്രഹിച്ചിരുന്നു; അവസരം ചോദിച്ചപ്പോൾ സംവിധായകർ പറഞ്ഞത് വെളിപ്പെടുത്തി സ്വാസിക

മലയാള സിനിമയിൽ മുൻപത്തേതുപോലെ സജീവമല്ലെങ്കിലും അന്യഭാഷാ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടുന്ന നടിയാണ് സ്വാസിക. ദുൽഖർ സൽമാൻ നായകനായ ‘ആകാശംലോ ഒക താര’ ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ താരം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മലയാളത്തിൽ അവസരങ്ങൾ കുറഞ്ഞതിനെക്കുറിച്ചും അവസരം ചോദിക്കുമ്പോൾ സംവിധായകരിൽ നിന്നുണ്ടാകുന്ന പ്രതികരണങ്ങളെക്കുറിച്ചും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സ്വാസിക മനസ്സ് തുറന്നു.
പരിചയമുള്ള സംവിധായകരോട് അവസരം ചോദിക്കുമ്പോൾ തനിക്ക് ചേരുന്ന കഥാപാത്രമില്ലെന്നാണ് പലരും പറയാറുള്ളതെന്ന് സ്വാസിക വ്യക്തമാക്കി. “എന്തിനാണ് അങ്ങനെ പറയുന്നത്? നിങ്ങൾ മുൻപ് ചെയ്ത സിനിമകളിലെ പല കഥാപാത്രങ്ങളും എനിക്ക് ചെയ്യാൻ കഴിയുന്നതാണെന്ന് ഞാൻ തിരിച്ചു ചോദിക്കാറുണ്ട്. ഒഴിഞ്ഞുമാറാനുള്ള ഒരു കാരണമായിട്ടാണ് പലരും അങ്ങനെ പറയുന്നത്. സ്വാസികയെ വിളിക്കുമ്പോൾ എന്തെങ്കിലും മികച്ചത് കൊടുക്കേണ്ടേ എന്നാണ് ചിലരുടെ മറുപടി. ഭയങ്കരമായതൊന്നും വേണ്ട, നല്ലൊരു കഥാപാത്രം തന്നാൽ മതിയെന്ന് ഞാൻ പറയാറുണ്ട്,” താരം പറഞ്ഞു.
സംവിധായകൻ ലാൽ ജോസിനൊപ്പമുള്ള അനുഭവവും സ്വാസിക പങ്കുവെച്ചു. “അയാളും ഞാനും തമ്മിൽ എന്ന സിനിമയിൽ പിന്നീട് ഒരു വേഷം ചെയ്തുവെങ്കിലും ആ സിനിമയുടെ തുടക്കത്തിൽ ഞാൻ ഉണ്ടായിരുന്നില്ല. റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, സംവൃത സുനിൽ എന്നിവരായിരുന്നു അന്ന് ആ ചിത്രത്തിലുണ്ടായിരുന്നത്. എന്തെങ്കിലും വേഷമുണ്ടോ എന്ന് ചോദിച്ചപ്പോൾ സ്വാസികയ്ക്ക് ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങളൊന്നും അതിലില്ലെന്നാണ് ലാൽ ജോസ് സർ പറഞ്ഞത്,” സ്വാസിക ഓർത്തെടുത്തു.
അന്ന് അതൊരു വലിയ കാര്യമായി തോന്നിയില്ലെങ്കിലും പിന്നീട് ആലോചിച്ചപ്പോൾ രമ്യ ചെയ്ത ഡോക്ടറുടെ കഥാപാത്രവും റിമ ചെയ്ത വേഷവുമൊക്കെ തനിക്ക് ചെയ്യാൻ കഴിയുന്നതായിരുന്നുവെന്ന് മനസ്സിലായതായി സ്വാസിക പറഞ്ഞു. “എനിക്ക് ചെയ്യാൻ പറ്റാത്ത വേഷങ്ങളൊന്നുമില്ല, പക്ഷേ എന്തുകൊണ്ടോ ആ അവസരങ്ങൾ ലഭിച്ചില്ല. ലാൽ ജോസ് സാറിന്റെ റിയാലിറ്റി ഷോയിലൂടെയാണ് ഞാൻ ശ്രദ്ധിക്കപ്പെടുന്നത്. നല്ല കഥാപാത്രങ്ങൾ വരുമ്പോൾ വിളിക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പിന്നീട് ‘ഏഴ് സുന്ദര രാത്രികൾ’ എന്ന ചിത്രത്തിൽ അഭിനയിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ മറ്റൊരു സിനിമയിലേക്കും എന്നെ വിളിച്ചിട്ടില്ല,” സ്വാസിക കൂട്ടിച്ചേർത്തു.



