ലവ്ലി സർവകലാശാലയിലെ പ്രതിഷേധത്തിനിടെ ക്യാമ്പസ് മാളിൽ വൻകൊള്ള; വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിച്ച് കടത്തി

ചണ്ഡീഗഢ്: പഞ്ചാബ് ജലന്ധറിലെ ലവ്ലി പ്രൊഫഷണൽ സർവകലാശാലയിലെ പ്രതിഷേധങ്ങൾക്കിടെ ക്യാമ്പസിനുള്ളിലെ മാളിൽ വൻകൊള്ള. മാളിൽ കയറി സാധനങ്ങൾ കൊള്ളയടിക്കുന്നതിന്റെ വീഡിയോകൾ പുറത്തുവന്നു. സർവകലാശാലയുടെ യൂണി മാളിലെ കടകളിലാണ് മോഷണം നടന്നത്. ഭക്ഷണസാധനങ്ങളും ഗാഡ്ജെറ്റുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ചിലർ എടുത്തുകൊണ്ടുപോകുന്നത് വീഡിയോയിൽ കാണാം. വിദ്യാർത്ഥികളാണ് വീഡിയോയിലുള്ളതെന്ന് ആരോപണമുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഒരു വീഡിയോയിൽ ഫ്രീ ഷോപ്പിംഗ് കഴിഞ്ഞുവെന്ന് ഒരാൾ പറയുന്നതും മറ്റൊരു വീഡിയോയിൽ നിങ്ങൾക്ക് എന്താണ് വേണ്ടത്, അതെല്ലാം സൗജന്യമായി എത്തിച്ചുതരാമെന്ന് മാളിലെ സാധനങ്ങൾ ചൂണ്ടിക്കാട്ടി ഒരാൾ പറയുന്നതും കാണാം. മാളിനുള്ളിലിരുന്ന് വിദ്യാർത്ഥികൾ ഭക്ഷണം കഴിക്കുന്നതും തുടർന്ന് കടകളും എടിഎം കൗണ്ടറുകളും ഉൾപ്പെടെയുള്ളവ തല്ലിതകർക്കുന്നതുമായ വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
അതിനിടെ പീഡനവിവരത്തെക്കുറിച്ച് വിശദീകരിക്കാൻ സർവകലാശാല രജിസ്ട്രാർ പുറത്തിറക്കിയ വീഡിയോ വിവാദമായി. പീഡനം നടന്നെന്ന് ആരോപിക്കുന്ന ഹോസ്റ്റലിൽ സാമസിക്കുന്ന വിദ്യാർത്ഥിനികളാണ് വീഡിയോയിലുള്ളത്. ഹോസ്റ്റലിൽ ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് വിദ്യാർത്ഥിനികൾ വീഡിയോയിൽ പറഞ്ഞത്. എന്നാൽ നിർബന്ധിച്ചാണ് തങ്ങളെകൊണ്ട് വീഡിയോ ചിത്രീകരിച്ചതെന്ന് ആരോപിച്ച് പിന്നീട് വിദ്യാർത്ഥിനികൾ രംഗത്തെത്തുകയായിരുന്നു. ഇതോടെ രജിസ്ട്രാർക്കെതിരെയും വ്യാപക വിമർശനമാണ് ഉയരുന്നത്.
നാല് ദിവസം മുൻപ് സർവകലാശാല ഹോസ്റ്റലിൽ പ്ലംബിംഗ് ജോലിക്കെത്തിയയാൾ ഒരു വിദ്യാർത്ഥിനിയെ പീഡിപ്പിച്ചുവെന്ന ആരോപണത്തിന് പിന്നാലെയാണ് സർവകലാശാലക്കെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തെത്തിയത്. സർവകലാശാലയിലും സമീപത്തെ ദേശീയപാതയിലും സംഘർഷം രൂക്ഷമായിരിക്കുകയാണ്. ഇന്നലെ രാത്രി ഭഗ്വാര-ജലന്ധർ ദേശീയപാതയിൽ പൊലീസും വിദ്യാർത്ഥികളും ഏറ്റുമുട്ടിയിരുന്നു. പൊലീസ് ജീപ്പുകൾ അഗ്നിക്കിരയാക്കി. നിരവധി പേർക്ക് പരിക്കേറ്റു. പിന്നാലെ വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്.
ക്യാമ്പസിലെ പല കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും വിദ്യാർത്ഥികൾ തീവച്ചു. ക്യാമ്പസിൽ പ്രദർശനത്തിനായി വച്ചിരുന്ന വ്യോമസേനയുടെ മിഗ് 23 യുദ്ധവിമാനത്തിന്റെ മാതൃകയിൽ കയറിനിന്ന് വിദ്യാർത്ഥി പ്രതിഷേധിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് പീഡനം നടന്നുവെന്നത് അഭ്യൂഹങ്ങൾ മാത്രമാണെന്ന നിഗമനത്തിലാണ്. 15 ദിവസം മുൻപ് മറ്റൊരു വിദ്യാർത്ഥി ആത്മഹത്യ ചെയ്തെന്ന ആരോപണവും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
നിലവിൽ ക്യാമ്പസിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ആംആദ്മി പാർട്ടിയിൽ നിന്ന് ബി.ജെ.പിയിലേക്ക് കൂറുമാറിയ രാജ്യസഭാ എംപി അശോക് മിത്തലിന്റെ സ്ഥാപനമാണിത്.സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.
കാമ്പസിനെ സിസിടിവി ദൃശ്യങ്ങളും ആരോപണവിധേയന്റെയും പരാതിക്കാരിയുടേയും മറ്ര് അദ്ധ്യാപകരുടെയും ഫോൺ രേഖകളും പൊലീസ് പരിശോധിച്ചുവരികയാണ്. നിലവിലെ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇന്നുമുതൽ 10 ദിവസത്തേയ്ക്ക് ലവ്ലി പ്രൊഫഷണൽ സർവകലാശാലയിലെ ക്ലാസുകൾ താൽക്കാലികമായി നിർത്തിവച്ചതായും മിഡ്-ടേം പരീക്ഷകൾ മാറ്റിവച്ചതായും സർവകലാശാല അധികൃതർ അറിയിച്ചു.



