Cinema

തിയേറ്ററുകളിൽ തരംതീർത്ത് ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’; രണ്ടാം വാരത്തിൽ സ്ക്രീനുകൾ കൂട്ടി പാർവതി ചിത്രം!

പാർവതി കേന്ദ്ര കഥാപാത്രമായി എത്തി തിയേറ്ററുകളിൽ മികച്ച വിജയം നേടിക്കൊണ്ടിരിക്കുന്ന പുതിയ ചിത്രമാണ് ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’. റിലീസ് ചെയ്ത ആദ്യ ഷോ മുതൽ പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരുപോലെ മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇതിന്റെ ആവേശത്തിൽ സിനിമയുടെ പ്രദർശന ശാലകളുടെ എണ്ണം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ ഗണ്യമായി വർധിപ്പിച്ചിരിക്കുകയാണ്. ആദ്യ ആഴ്ചയിൽ 187 തിയേറ്ററുകളിൽ മാത്രമുണ്ടായിരുന്ന പ്രദർശനം ഇപ്പോൾ 277 തിയേറ്ററുകളിലേക്കാണ് ഉയർത്തിയിരിക്കുന്നത്.

മലയാള സിനിമയിൽ സമീപകാലത്ത് പുറത്തിറങ്ങിയ മികച്ച ത്രില്ലറുകളിൽ ഒന്നായാണ് ചിത്രം വിലയിരുത്തപ്പെടുന്നത്. ശക്തമായ തിരക്കഥയും മികവുറ്റ മേക്കിങ്ങും അഭിനേതാക്കളുടെ പ്രകടനവും സിനിമയ്ക്ക് വലിയ കൈയടിയാണ് നേടിക്കൊടുക്കുന്നത്. നായികയായ പാർവതി മുതൽ ആദ്യമായി പൊലീസ് വേഷത്തിലെത്തിയ മാത്യു തോമസ് വരെ തങ്ങളുടെ വേഷങ്ങൾ വളരെ മനോഹരമായി അവതരിപ്പിച്ചതായി പ്രേക്ഷകർ പറയുന്നു. ഒപ്പം വിജയരാഘവൻ, ഉണ്ണിമായ, സിദ്ധാർത്ഥ് ഭരതൻ, വിനയ് ഫോർട്ട് തുടങ്ങിയവരുടെയും പ്രകടനം ചിത്രത്തെ കൂടുതൽ കരുത്തുറ്റതാക്കുന്നു.

ആശ്രിത നിയമനത്തിലൂടെ ജോലിക്ക് കയറുന്ന ഒരു വനിതാ കോൺസ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തിലെ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. പൊലീസ് സേനയ്ക്കുള്ളിലെ വിവിധ പ്രശ്നങ്ങൾക്കൊപ്പം ഓരോ കഥാപാത്രത്തിനും വ്യക്തമായ ലെയറുകൾ നൽകിയാണ് സംവിധായകൻ ചിത്രം ഒരുക്കിയിരിക്കുന്നത്. കൃത്യതയാർന്ന തിരക്കഥയും അതിനോട് നീതി പുലർത്തുന്ന മേക്കിങ്ങുമാണ് സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് എന്ന് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന അഭിപ്രായങ്ങൾ വ്യക്തമാക്കുന്നു.

11 ഐക്കൺസിന്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’. ‘പ്രകാശൻ പറക്കട്ടെ’, ‘അനുരാഗം’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷഹദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം, മലയാള നിർമാണ രംഗത്തേക്ക് കടന്നുവരുന്ന പുതിയ ബാനറിന്റെ വലിയൊരു ബിഗ് ബഡ്ജറ്റ് സംരംഭം കൂടിയാണ്. മുജീബ് മജീദ് സംഗീതവും ചമൻ ചാക്കോ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി.എസ്. സുബ്രമണ്യനും വിജേഷ് തോട്ടിങ്ങലും ചേർന്നാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button