News

മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം നേടിയ മലയാളി കെസിയയെ സുസ്‌മിത സെൻ അവഗണിച്ചോ? ഒടുവിൽ പ്രതികരിച്ച് താരം

2026ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം ചൂടി കേരളത്തിനഭിമാനമായി മാറിയിരിക്കുകയാണ് 19കാരിയായ കെസിയ ലിസ് മെജോ. ഇതിനിടെ മുൻ മിസ് യൂണിവേഴ്‌സ് സുസ്‌മിത സെൻ സൗന്ദര്യമത്സര വേദിയിൽ കെസിയയെ അവഗണിച്ചതായി നിരവധി സമൂഹമാദ്ധ്യമ ഉപഭോക്താക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോഴിതാ ഇതിന് പ്രതികരണമെന്നോണം ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് മിസ് യൂണിവേഴ്‌സ് ഇന്ത്യ സംഘാടകരും കെസിയയും.

മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026 ഫിനാലെയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് സുസ്‌മിതയ്ക്കെതിരെ വിമ‌ർശനം ഉയർന്നത്. താരം മറ്റ് ജേതാക്കളോട് സംസാരിച്ചെങ്കിലും കെസിയയെ അവഗണിച്ചതായാണ് ചിലർ ചൂണ്ടിക്കാട്ടിയത്.മിസ് യൂണിവേഴ്സ് ഇന്ത്യ 2026 ജേതാവ് കെസിയ ലിസ് മെജോ, റണ്ണേഴ്‌സ് അപ്പായ വൈഷ്ണവി ഗണേഷ്, അനുശ്രീ സതവ്‌ലേക്കർ, തേജസ്വിനി ശ്രീവാസ്തവ, അനുഭ വസിഷ് എന്നിവർക്കൊപ്പം സുസ്‌മിത സെൻ നിൽക്കുന്ന ചിത്രമാണ് സംഘാടകർ പങ്കുവച്ചിരിക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റിൽ ജയ്‌പൂരിലായിരുന്നു സൗന്ദര്യമത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെ നടന്നത്. രാജ്യത്തുടനീളം നിന്നുള്ള 52 മത്സരാർത്ഥികളെ മുട്ടുമടക്കിച്ചായിരുന്നു കെസിയ ഒന്നാമതെത്തിയത്. മുൻ മിസ് യൂണിവേഴ്‌സ് ഇന്ത്യയായ മണിക വിശ്വകർമയായിരുന്നു കെസിയയ്ക്ക് കിരീടം ചൂടികൊടുത്തത്. നവംബറിൽ പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന 75-ാമത് മിസ് യൂണിവേഴ്‌സ് മത്സരത്തിൽ കെസിയ ഇന്ത്യയെ പ്രതിനിധീകരിക്കും.

ഇന്ത്യയുടെ ആദ്യ മിസ് യൂണിവേഴ്സ് സുസ്‌മിത സെൻ, മുൻ മിസ് യൂണിവേഴ്സ് ഇന്ത്യ ഉർവശി റൗട്ടേല, മിസ് യൂണിവേഴ്സ് ഇന്ത്യ 2024 റിയ സിംഗ, മുൻ മിസ് ഇന്ത്യ യൂണിവേഴ്സും മിസ് യൂണിവേഴ്സ് റണ്ണറപ്പുമായ സെലീന ജെയ്റ്റ്‌ലി, പരിസ്ഥിതി പ്രവർത്തകയും ചലച്ചിത്ര നിർമ്മാതാവുമായ പ്രജ്ഞ കപൂർ എന്നിവരായിരുന്നു മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026 ഫിനാലെയുടെ ജഡ്ജിംഗ് പാനലിലുണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button