Cinema

മോഹൻലാൽ അതിഥി വേഷത്തിൽ; പൃഥ്വിരാജ് വൈശാഖ് ചിത്രം ‘ഖലീഫ’ റിലീസിന് ഒരുങ്ങുന്നു

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് – വൈശാഖ് ചിത്രം ‘ഖലീഫ’യുടെ സെൻസറിങ് പൂർത്തിയായി. യു/എ 16+ (U/A 16+) സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഓണം റിലീസായി ഓഗസ്റ്റ് 20ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ഏഴ് മാസം മുമ്പ് ടീസറിനോടൊപ്പം പ്രഖ്യാപിച്ച റിലീസ് തീയതിയിൽ തന്നെ സിനിമയെത്തിക്കാൻ അണിയറപ്രവർത്തകർക്ക് സാധിച്ചത് വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. ജനുവരിയിൽ ഷൂട്ടിങ് ആരംഭിച്ച ചിത്രം കൃത്യസമയത്ത് തന്നെ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും പൂർത്തിയാക്കുകയായിരുന്നു. ചിത്രത്തിന്റെ ട്രെയ്‌ലർ ഉടൻ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിനു എബ്രഹാമാണ്. ജിനു ഇന്നോവേഷൻസിന്റെ ബാനറിൽ ജിനു എബ്രഹാം തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹനിർമ്മാതാക്കൾ. തെന്നിന്ത്യൻ താരം മാളവിക ശർമ്മയാണ് ചിത്രത്തിലെ നായിക. ‘മാമ്പറയ്ക്കൽ ആമിർ അലി’ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് എത്തുന്നത്. കൂടാതെ ‘മാമ്പറയ്ക്കൽ അഹമ്മദ് അലി’ എന്ന കഥാപാത്രമായി മോഹൻലാൽ അതിഥി വേഷത്തിലും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. രഞ്ജി പണിക്കർ, ശിവജിത്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ഷൈൻ വർഗീസ്, മോഹിനി, കൈറാ, മാസ്റ്റർ നഫാഷ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ജേക്സ് ബിജോയ് സംഗീതം നൽകിയ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം തന്നെ ട്രെൻഡിങ് ലി ഇടംനേടിയിട്ടുണ്ട്.

ജോമോൻ ടി ജോൺ ഛായാഗ്രഹണവും ചമൻ ചാക്കോ എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ മോഹൻദാസാണ്. യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ എന്നിവരാണ് ആക്ഷൻ ഡയറക്ടർമാർ. മഷർ ഹംസ കോസ്റ്റ്യൂം ഡിസൈനും അമൽ ചന്ദ്രൻ മേക്കപ്പും കൈകാര്യം ചെയ്തിരിക്കുന്നു. വിനോഷ് കൈമൾ, റെനി ദിവാകർ എന്നിവരാണ് പ്രൊഡക്ഷൻ കൺട്രോളർമാർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button