സൂര്യയും മമിത ബൈജുവും ഒന്നിക്കുന്നു; ‘വിശ്വനാഥ് ആൻഡ് സൺസ്’ ട്രെയിലർ പുറത്ത്

സൂര്യ നായകനായും മലയാളി താരം മമിത ബൈജു നായികയായും എത്തുന്ന പുതിയ ചിത്രം ‘വിശ്വനാഥ് ആൻഡ് സൺസ്’ന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതോടെ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകളും ഉയർന്നിരിക്കുകയാണ്.
ചിത്രത്തിൽ സഞ്ജയ് വിശ്വനാഥ് എന്ന കഥാപാത്രമായാണ് സൂര്യ എത്തുന്നത്. സിവിലിയൻ ലുക്കിലും സ്പോർട്സ്മാൻ ഗെറ്റപ്പിലുമുള്ള താരത്തിന്റെ വ്യത്യസ്തമായ പ്രകടനമാണ് ട്രെയിലറിലെ പ്രധാന ആകർഷണം. പിസ്റ്റൾ ഷൂട്ടിങ്ങിൽ മികവ് തെളിയിക്കുന്ന സഞ്ജയ് തന്റെ കരിയറിന് വലിയ പ്രാധാന്യം നൽകുന്ന വ്യക്തിയാണ്.
എന്നാൽ കുടുംബത്തിലെ ചില അടിയന്തര സാഹചര്യങ്ങളും മകന്റെ ആരോഗ്യപ്രശ്നങ്ങളും സഞ്ജയിന്റെ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കുന്നു. തുടർന്ന് കുടുംബബന്ധങ്ങൾക്കും വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകുന്ന കഥയിലേക്കാണ് ചിത്രം കടക്കുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
ഇതിനിടെയാണ് മമിത ബൈജുവിന്റെ കഥാപാത്രം കഥയിലെത്തുന്നത്. സൂര്യയും മമിതയും തമ്മിലുള്ള ആത്മബന്ധവും റൊമാൻസും ചിത്രത്തിന് ഫീൽ ഗുഡ് സ്വഭാവം നൽകുമെന്നാണ് സൂചന. ഇരുവരും ഒന്നിച്ചുള്ള കോമ്പിനേഷൻ രംഗങ്ങളും ട്രെയിലറിൽ ശ്രദ്ധ നേടിയിട്ടുണ്ട്.
രാധിക ശരത്കുമാർ, രവീണ ടണ്ഡൻ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
സിതാര എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സൂര്യദേവര നാഗവംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജി.വി. പ്രകാശ് കുമാറാണ് സംഗീതം ഒരുക്കുന്നത്.
‘ലക്കി ഭാസ്കർ’ ഉൾപ്പെടെയുള്ള വിജയചിത്രങ്ങൾക്ക് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ‘വിശ്വനാഥ് ആൻഡ് സൺസ്’നുണ്ട്. ഓഗസ്റ്റ് 14ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. സൂര്യ-മമിത ബൈജു കോമ്പിനേഷനും കുടുംബകഥയും എങ്ങനെയായിരിക്കുമെന്ന ആകാംക്ഷയിലാണ് സിനിമാപ്രേമികൾ.



