Cinema

എമ്പുരാൻ ലുക്കിൽ വീണ്ടും ടിനി; ഇത്തവണ ജപ്പാനിൽ കൈയടി നേടി താരം

ലയാള സിനിമയിലെ പ്രമുഖ മിമിക്രി കലാകാരനും നടനുമായ ടിനി ടോം സമീപകാലത്ത് സോഷ്യൽ മീഡിയ ട്രോളുകളുടെ പ്രധാന കേന്ദ്രമായി മാറിയിരിക്കുകയാണ്. അമൽ നീരദ് ചിത്രം ‘ബൊഗെയ്ൻവില്ല’യിലെ ‘സ്തുതി’ എന്ന ഗാനത്തിന് അദ്ദേഹം നൽകിയ വേറിട്ട ചുവടുകളും, മോഹൻലാലിന്റെ ബിഗ് ബജറ്റ് ചിത്രം ‘എമ്പുരാ’നിലെ അബ്രാം ഖുറേഷി എന്ന കഥാപാത്രത്തെ വിവിധ വേദികളിൽ അനുകരിക്കുന്നതുമാണ് ഇത്രയധികം ട്രോളുകൾക്ക് വഴിവെച്ചത്. പല പരിപാടികളിലും എമ്പുരാൻ ലുക്കിൽ എത്തുന്ന ടിനിയുടെ വീഡിയോകൾ നിമിഷങ്ങൾക്കകം വൈറലാകാറുണ്ടെങ്കിലും, വിമർശനങ്ങളും പരിഹാസങ്ങളും അദ്ദേഹത്തെ വിട്ടുമാറുന്നില്ല.

ഇപ്പോഴിതാ, ജപ്പാനിൽ നടന്ന വേൾഡ് മലയാളി ഫെഡറേഷന്റെ സ്റ്റേജ് ഷോയിലും എമ്പുരാൻ വേഷത്തിൽ എത്തിയിരിക്കുകയാണ് താരം. വെളുത്ത വസ്ത്രവും സൺഗ്ലാസും ധരിച്ച് സ്റ്റേജിൽ അബ്രാം ഖുറേഷിയെ അനുകരിക്കുന്ന ടിനി ടോമിന്റെ വീഡിയോ ‘ലിറ്റ ജപ്പാൻ’ എന്ന പ്രൊഫൈലിലൂടെയാണ് പുറത്തുവന്നത്. ജപ്പാനിലെ മലയാളി പ്രേക്ഷകർ താരത്തെ കൈയടികളോടെയാണ് സ്വീകരിച്ചത്. ഈ വീഡിയോയ്ക്ക് താഴെ “തോൽക്കാൻ മനസ്സില്ല” എന്ന് ടിനി ടോം തന്നെ കമന്റ് ചെയ്തത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം വ്യക്തമാക്കുന്നുണ്ടെങ്കിലും സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാണ്.

വീഡിയോ വൈറലായതിന് പിന്നാലെ രൂക്ഷമായ പരിഹാസങ്ങളുമായാണ് ട്രോളന്മാർ രംഗത്തെത്തിയിരിക്കുന്നത്. ടിനിയുടെ തൊലിക്കട്ടി അപാരമാണെന്നും ലാലേട്ടനെ ഇത്തരത്തിൽ തരംതാഴ്ന്ന രീതിയിൽ അനുകരിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നുമാണ് പലരും കമന്റ് ചെയ്യുന്നത്. “ജപ്പാനിലുള്ളവർ ക്ഷമാശീലരായതുകൊണ്ട് രക്ഷപ്പെട്ടു”, “എമ്പുരാന് ഷോക്ക് അടിച്ചതാണോ?” എന്നിങ്ങനെ പോകുന്നു വിമർശകരുടെ പരിഹാസങ്ങൾ. എന്നാൽ വിമർശനങ്ങൾ എത്ര കടുത്തതായാലും തന്റെ ശൈലിയിൽ മുന്നോട്ട് പോകുമെന്ന ഉറച്ച നിലപാടിലാണ് ടിനി ടോം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button