ഇപ്പോ കാണുന്ന അമ്മയില്ലേ? രേണു സുധി, ആ സമയത്ത് സൂപ്പറായിരുന്നു; ഒടുവിൽ വെളിപ്പെടുത്തലുമായി കിച്ചു

കിച്ചുവിന്റെ വാക്കുകൾ: 2004ലാണ് ഞാന് ജനിച്ചത്. എന്റെ സ്വന്തം അമ്മയുടെ പേര് ശാലിനി എന്നാണ്. അച്ചനും അമ്മയും തമ്മിൽ അടിയായിരുന്നു. അതാണ് ആ സമയത്തെ എന്റെ ഓർമ. എനിക്ക് ഒന്നര വയസുള്ളപ്പോള് അമ്മ വേറൊരാളാടൊപ്പം പോയി. രണ്ടുമൂന്ന് വയസായപ്പോഴാണ് കൊല്ലത്തേക്ക് വരുന്നത്. അച്ഛന് വേറെ കല്യാണം കഴിച്ചു. വീണ എന്നായിരുന്നു അവരുടെ പേര്. അതോടെ അച്ഛനുമായി കോണ്ടാക്ട് ഇല്ലാതായി. അവരുടെ വീട്ടിലായിരുന്നു. പക്ഷേ, അവിടെയും പ്രശ്നങ്ങളായിരുന്നു.
ഇപ്പോ കാണുന്ന അമ്മയില്ലേ? രേണു സുധി. ആ അമ്മയെ ആദ്യമായി കാണുന്നത് ഒരു വീഡിയോ കോളിലാണ്. ആ സമയത്ത് അമ്മയുമായി നല്ല കമ്പനിയായി. ആ സമയത്ത് സൂപ്പറായിരുന്നു. ഒരു ദിവസം അച്ഛൻ എന്റെയടുത്തു വന്നു ചോദിച്ചു, ഞാൻ കല്യാണം കഴിക്കട്ടെ, എന്താ അഭിപ്രായം എന്ന്. അച്ഛന് ഇഷ്ടമാണോ എന്നാണ് ഞാൻ ചോദിച്ചത്. ഇതിനിടെ വീണയുമായി ഡിവോഴ്സ് ആയിരുന്നു.
ആദ്യം അച്ഛനും രേണു അമ്മയും ഞാനും കൊല്ലത്തായിരുന്നു. അവിടെ ചില വഴക്കുണ്ടായപ്പോൾ കോട്ടയത്തേക്ക് പോയി. ആദ്യം ഭയങ്കര ഫ്രീഡം ആയിരുന്നു. പതിയെപ്പതിയെ എല്ലാവരുടെയും സ്വഭാവത്തിൽ എന്തൊക്കെയോ മാറ്റം വന്നു. ഞാൻ ഒരു കംപ്യൂട്ടർ വാങ്ങി അതിൽ ഗെയിം കളിച്ച് ഒരു റൂമിനകത്ത് ഇരിക്കും. അച്ഛൻ മാത്രം എന്റെ റൂമിൽ കയറിവരും. ഭക്ഷണം തരും. ഇടക്ക് റിതപ്പൻ വരും.

അച്ഛന് നോ പറയാൻ അറിയില്ലായിരുന്നു. രേണു അമ്മയുടെ അച്ഛൻ, അമ്മ, ചേച്ചി, അളിയൻ അവരുടെ മക്കൾ ഇവരുടെയൊക്കെ ചെലവ് നോക്കിയിരുന്നത് അച്ഛനായിരുന്നു. അച്ഛനല്ലാതെ മറ്റാരും എന്നോട് മിണ്ടാറില്ലായിരുന്നു. കമ്പ്യൂട്ടർ വിറ്റുകഴിഞ്ഞ് ഞാനൊരു വണ്ടിയെടുത്തു. പിന്നെ കൂട്ടുകാരെയൊക്കെ കാണാൻ പോയിത്തുടങ്ങി. ഇടക്ക് ചില ദുശീലങ്ങളൊക്കെ തുടങ്ങി. ഒന്നിനും അടിമപ്പെട്ടിട്ടൊന്നുമില്ല. അത് ഞാൻ മാറ്റിയെടുത്തു. പക്ഷേ, അതുവെച്ചാണ് പലരും എന്നെ ഇപ്പോഴും കാണുന്നത്.
ഇടക്ക് ഷൂട്ടിങ്ങിന് ഞാനും അച്ഛനും ഒരുമിച്ച് പോകുമായിരുന്നു. അപ്പോഴാണ് ഞങ്ങൾ സംസാരിച്ചിരുന്നത്. അമ്മയ്ക്ക് അതും പ്രശ്നമായിരുന്നു. എന്തോ ആർക്കും എന്നെ ഇഷ്ടമല്ലായിരുന്നു. എന്തൊക്കെ വിഷമങ്ങളുണ്ടായാലും എനിക്ക് വിളിക്കാൻ അച്ഛൻ എന്നൊരാൾ ഉണ്ടായിരുന്നു. ഒരു ദിവസം അച്ഛൻ എന്നെ വിളിച്ചുപറഞ്ഞു, നാലു മണിയാകുമ്പോൾ എന്നെ വിളിക്കാൻ വരണം, ഞാൻ ചങ്ങനാശ്ശേരി ഉണ്ടാകുമെന്ന്. വെളുപ്പിനേ അമ്മയാണ് വിളിച്ചുണർത്തിയത്.

അച്ഛന് എന്തോ പറ്റിയെന്നു പറഞ്ഞു. ഞാൻ അനൂപേട്ടനെയാണ് ആദ്യം വിളിച്ചത്, അച്ഛന് എന്തു പറ്റി അനൂപേട്ടാ എന്ന് ചോദിച്ചു. രക്ഷിക്കാൻ പറ്റിയില്ലെടാ, സോറി എന്നു പറഞ്ഞ് അനൂപേട്ടൻ കോൾ കട്ട് ചെയ്തു. എന്റെ ശരീരം മുഴുവനായി തണുത്തുപോയി. എന്തൊക്കെയാണ് നടക്കുന്നതെന്നൊന്നും ഞാൻ അറിഞ്ഞില്ല. കൊല്ലത്തു കൊണ്ടുപോയി കാണിക്കണമെന്ന് ഞാനാണ് അനൂപേട്ടനോട് പറഞ്ഞത്. ഒന്നിനോടും പ്രതികരിക്കാൻ പറ്റാത്ത അവസ്ഥ എനിക്ക് അപ്പോൾ തുടങ്ങിയതാണ്. എല്ലാത്തിനോടും പേടിയായിരുന്നു.
ഒരു ദിവസം രാത്രി കൊല്ലത്തെ വല്യമ്മ വിളിച്ചപ്പോൾ ഞാൻ റബ്ബർ തോട്ടത്തിൽ ജോലി ചെയ്യുകയാണ്. അതുകണ്ട് വല്യമ്മക്ക് വിഷമമായി. നീ കൊല്ലത്തു വന്നു നിൽക്കാൻ വല്യമ്മയാണ് പറഞ്ഞത്. കൊല്ലത്ത് എനിക്ക് മൂന്നു കൂട്ടുകാരുണ്ട്. മഞ്ഞുമ്മൽ ബോയ്സിലേതു പോലെ ഒരു കൈ തന്ന് എന്നെ പൊക്കിയെടുത്തത് അവരാണ്”.



