Cinema

ആദ്യദിനം പത്ത് കോടി, ജയസൂര്യയുടെ കരിയർ റെക്കോർഡ്; ആട് 3 കലക്ഷൻ

മലയാള സിനിമയിലെ എക്കാലത്തെയും വലിയ ജനപ്രിയ ഫ്രാഞ്ചൈസികളിലൊന്നായ ‘ആട്’ പരമ്പരയിലെ മൂന്നാം ചിത്രം ‘ആട് 3’ തിയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുന്നു. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ 10 കോടി രൂപയുടെ കളക്ഷൻ റെക്കോർഡ് സ്വന്തമാക്കിയാണ് ഷാജി പാപ്പനും സംഘവും ബോക്സ് ഓഫീസിൽ പടയോട്ടം ആരംഭിച്ചിരിക്കുന്നത്. റിലീസിന് മുൻപ് തന്നെ 3.40 കോടിയുടെ പ്രീ-റിലീസ് ബിസിനസ് സ്വന്തമാക്കിയ ചിത്രം വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. കേരളത്തിൽനിന്നും 5.9 കോടിയാണ് കളക്ഷനായി നേടിയത്. സമീപകാലത്ത് മലയാള സിനിമയ്ക്ക് ലഭിച്ച കൂടിയ തുക കൂടിയാണിത്.

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം മലയാളത്തിലെ ആദ്യത്തെ ‘എപിക് ഫാന്റസി’ സിനിമയായാണ് ഒരുങ്ങിയിരിക്കുന്നത്. ഭൂതം, ഭാവി, വർത്തമാനം എന്നിങ്ങനെ മൂന്നു കാലങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രത്തിന്റെ വ്യത്യസ്തമായ ആഖ്യാനശൈലി ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. ‘ആദ്യ രണ്ടു ഭാഗങ്ങളിലെ പോലെ റിപ്പീറ്റ് തമാശകളുമായി തുടങ്ങുന്ന ചിത്രം വിന്റേജിലേക്ക് വന്നപ്പോൾ ലെവൽ കേറി. വിന്റേജ് മാത്രമല്ല, ഫ്യൂച്ചറും കാണിക്കുന്നുണ്ട് ചിത്രം’ എന്നാണ് തിയേറ്ററിൽ നിന്നുള്ള ഒരു പ്രേക്ഷകന്റെ പ്രതികരണം.

ഐതിഹാസിക കഥാപാത്രമായ ഷാജി പാപ്പനായി ജയസൂര്യ തന്റെ പതിവ് ഫോമിൽ തകർത്താടിയപ്പോൾ, വിനായകനും ധർമജനും വേറെ ലെവൽ പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. മുഴുനീള കോമഡി തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണമെന്ന് പ്രേക്ഷകർ ഒരേ സ്വരത്തിൽ പറയുന്നു. സൗഹൃദവും ആവേശവും നിറഞ്ഞ പഴയ ചേരുവകൾ നിലനിർത്തിക്കൊണ്ടുതന്നെ, വലിയ ബജറ്റിലും മികച്ച സാങ്കേതിക തികവിലുമാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പുതിയ ക്യാൻവാസിൽ, തികച്ചും വ്യത്യസ്തമായ പശ്ചാത്തലത്തിൽ എത്തിയ ഷാജി പാപ്പനും സംഘവും വരും ദിവസങ്ങളിൽ കൂടുതൽ റെക്കോർഡുകൾ തകർക്കുമെന്നാണ് സിനിമാ ലോകത്തെ വിലയിരുത്തൽ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button