‘പഠനം… പല വിധം’ ‘നടുപ്പേജ് കീറി ഗയ്സ്’; അനിയന്മാരെ ട്രോളി മീനാക്ഷി,

പരീക്ഷയ്ക്കായി തയാറെടുക്കുന്ന സഹോദരങ്ങളുടെ പാഠപുസ്തകങ്ങളുടെ അവസ്ഥ വെളിപ്പെടുത്തി യുവതാരം മീനാക്ഷി. പുറംചട്ടയും പേജുകളും വേർപെട്ട അവസ്ഥയിലാണ് അനുജന്മാരുടെ പുസ്തകങ്ങളെന്ന് പറഞ്ഞുകൊണ്ട് മീനാക്ഷി പങ്കുവച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. പരീക്ഷ ആയതിനാൽ ഒരുമിച്ച് പഠിക്കാൻ ഇരുന്നപ്പോഴാണ് അനുജന്മാരുടെ പുസ്തകങ്ങളുടെ അവസ്ഥ മനസ്സിലായതെന്ന് മീനാക്ഷി പറയുന്നു. ‘നടുപ്പേജ് കീറി’ എന്ന രസകരമായ നിരീക്ഷണത്തോടെയാണ് വിഡിയോ അവസാനിക്കുന്നത്.
മീനാക്ഷിയുടെ വാക്കുകൾ: ‘വീട്ടിലുള്ള എല്ലാവർക്കും പരീക്ഷയാണ്. ഞങ്ങളെല്ലാവരും ഒരുമിച്ച് പഠിക്കാനിരുന്നു. എന്റെ പുസ്തകം എപ്പോഴും വൃത്തിയായി വയ്ക്കാറുണ്ട്. ചുളുക്കുന്നത് എനിക്ക് ഇഷ്ടമല്ല. ചുളുക്കിയാൽ എനിക്ക് പഠിക്കാൻ പറ്റില്ല. അപ്പോഴാണ് ഞാനെന്റെ അനിയന്മാരുടെ പുസ്തകം കാണുന്നത്. അവരുടെ പുസ്തകം എടുക്കുക എന്നതു തന്നെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. നമുക്കിതു പേജുകളായി കിട്ടും. എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം. നടുപ്പേജ് കീറി… ആ പാട്ട് ശരിക്കും അമ്പാടിക്കു വേണ്ടി ഉണ്ടാക്കീതാ. ഇവിടെ ഒരു ബുക്ക് ഉണ്ട് എന്നത് ഒരു സങ്കൽപം ആണ്. ഇതിന് പേജുണ്ട് എന്നുള്ളതൊക്കെ സങ്കൽപമാണ്. ഞാനൊന്നും ജീവിച്ചത് ജീവതമേ അല്ല.’
മീനാക്ഷിയുടെ രസകരമായ വിഡിയോ ആരാധകരിലും ചിരി പടർത്തി. രസകരമായ കമന്റുകളാണ് ‘പഠനം… പല വിധം’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച വിഡിയോയ്ക്ക് ലഭിക്കുന്നത്. ‘പുസ്തകം നാലായി കീറി മടക്കിയന്മാരൊക്കെ നന്നായ ചരിത്രമേ ഉള്ളൂ’ എന്നാണ് ഒരാൾ കുറിച്ച കമന്റ്.
‘എല്ലാ ദിവസവും പുസ്തകം ഉപയോഗിക്കുന്നവരുടെ പുസ്തകം അൽപം കീറി ഒക്കെ ഇരിക്കും. സ്വാഭാവികം,’ എന്ന് മറ്റൊരാൾ കമന്റ് ചെയ്തു. ‘ഇതിൽ നിന്നും മീനാക്ഷി ഒരു മടിച്ചിയാണെന്നും മറ്റു രണ്ടു പേർ കഠിനാദ്ധ്വാനം ചെയ്യുന്നവരാണെന്നും മനസ്സിലായി’ എന്നാണ് മറ്റൊരു കമന്റ്.



