Cinema

‘എമ്പുരാനി’ൽ സാധിക്കാത്തത് ‘ദൃശ്യം 3’ ൽ നേടുമോ മോഹന്‍ലാൽ?

തെലുങ്ക്, കന്നഡ സിനിമകള്‍ തെളിച്ച വഴിയിലൂടെ മലയാള സിനിമയും ഇന്ന് ഒരു പാന്‍ ഇന്ത്യന്‍ സ്വീകാര്യത ആഗ്രഹിച്ച് തുടങ്ങിയിട്ടുണ്ട്. മിന്നല്‍ മുരളിയും കുമ്പളങ്ങി നൈറ്റ്സും അടക്കമുള്ള ചിത്രങ്ങള്‍ ദക്ഷിണ, ഉത്തരേന്ത്യ വ്യത്യാസമില്ലാതെ സ്വീകരിക്കപ്പെട്ടിരുന്നുവെങ്കിലും അതെല്ലാം ഒടിടിയില്‍ ആയിരുന്നു. അതേസമയം മഞ്ഞുമ്മല്‍ ബോയ്സ് തമിഴ് പ്രേക്ഷകര്‍ക്കിടയിലും പ്രേമലു അടക്കമുള്ള ചിത്രങ്ങള്‍ തെലുങ്ക് പ്രേക്ഷകര്‍ക്കിടയിലും മാര്‍ക്കോ ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്കിടയിലും നേടിയ സ്വീകാര്യത മോളിവുഡിന് പ്രതീക്ഷ പകരുന്നതായിരുന്നു.

എന്നാല്‍ ദക്ഷിണ- ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ ഒരേപോലെ സ്വീകരിച്ച ഒരു തിയറ്റര്‍ വിജയം മലയാളത്തില്‍ നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ഇപ്പോഴിതാ ആ തരത്തില്‍ വിജയമാവാന്‍ സാധ്യതയുള്ള ഒരു ചിത്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ദേശീയ മാധ്യമങ്ങളില്‍ എത്തിയിട്ടുണ്ട്. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യാനിരിക്കുന്ന ദൃശ്യം 3 ആണ് അത്.

ബഹുഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ട ദൃശ്യത്തിന്‍റെ സീക്വല്‍ എന്ന നിലയില്‍ പാന്‍ ഇന്ത്യന്‍ ശ്രദ്ധ ലഭിച്ച ചിത്രമായിരുന്നു ദൃശ്യം 2. എന്നാല്‍ കൊവിഡ് കാലത്ത് ആമസോണ്‍ പ്രൈം വീഡിയോയുടെ ഡയറക്റ്റ് റിലീസ് ആയിരുന്നു ചിത്രം. ഈ ചിത്രവും ബഹുഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.

ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്ത തെലുങ്ക് ദൃശ്യം 2 പ്രൈം വീഡിയോയുടെ തന്നെ ഡയറക്റ്റ് റിലീസ് ആയിരുന്നുവെങ്കില്‍ കന്നഡ, ഹിന്ദി റീമേക്കുകള്‍ തിയറ്റര്‍ റിലീസുകളും ബോക്സ് ഓഫീസ് വിജയങ്ങളും ആയിരുന്നു. സ്വാഭാവികമായും പാന്‍ ഇന്ത്യന്‍ വിപണന സാധ്യതയുള്ള ചിത്രമാണ് ദൃശ്യം 3. അത്തരത്തിലാവും മലയാളത്തിലെ ചിത്രം എത്തുകയെന്ന തരത്തിലാണ് ദേശീയ മാധ്യമങ്ങളിലെ പുതിയ റിപ്പോര്‍ട്ടുകള്‍.

മലയാളത്തിലും ഹിന്ദിയിലുമായാവും ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീമിന്‍റെ ദൃശ്യം എത്തുകയെന്നാണ് മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അങ്ങനെയെങ്കില്‍ ഹിന്ദി റീമേക്കിന് വെല്ലുവിളി സൃഷ്ടിക്കും ചിത്രമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്തിടെ പ്രദര്‍ശനത്തിനെത്തിയ മോഹന്‍ലാലിന്‍റെ എമ്പുരാന്‍ ബഹുഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് എത്തിയിരുന്നത്. വിവിധ ഭാഷാ പ്രേക്ഷകരെ ലക്ഷ്യമാക്കി ഇന്ത്യയിലെ വ്യത്യസ്ത ന​ഗരങ്ങളില്‍ പ്രൊമോഷണല്‍ പരിപാടികളും മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയിരുന്നു.

പ്രീ റിലീസ് ശ്രദ്ധ നേടിയെടുക്കാന്‍ സാധിച്ചെങ്കിലും മറുഭാഷാ പ്രേക്ഷകരെ കാര്യമായി തിയറ്ററുകളിലേക്ക് ആകര്‍ഷിക്കാന്‍ ചിത്രത്തിന് ആയില്ല. എന്നാല്‍ ദൃശ്യം 3 അത്തരത്തില്‍ പ്ലാന്‍ ചെയ്ത് മാര്‍ക്കറ്റ് ചെയ്താല്‍ മലയാളത്തിന്‍റെ പാന്‍ ഇന്ത്യന്‍ സ്വപ്നത്തിന് അത് മുതല്‍ക്കൂട്ടാവും എന്നതില്‍ സംശയമില്ല. ഫെബ്രുവരി 20 നാണ് ദൃശ്യം 3 അണിയറക്കാര്‍ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചത്. പ്രൊഡക്ഷന്‍ ഘട്ടത്തിലേക്ക് എത്തുമ്പോള്‍ ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങളും വെളിപ്പെടും. ഔദ്യോ​ഗിക പ്രതികരണങ്ങളൊന്നും നിലവില്‍ ലഭ്യമല്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button