Cinema

ടൊവിനൊയും ലിസ്റ്റിനും പിണക്കം പറഞ്ഞു തീർത്തു; സഹായിച്ചത് പൃഥ്വിരാജും അൻവർ റഷീദും

2024 ൽ വലിയ വിജയം നേടിയ ടൊവിനോ തോമസ് ചിത്രമായിരുന്നു എആർഎം എന്ന അജയന്റെ രണ്ടാം മോഷണം. ചിത്രം 100 ക്ലബിലെത്തിയിരുന്നു. കൃതിഷെട്ടി, സുരഭി ലക്ഷ്മി എന്നിവരായിരുന്നു നായികമാർ. മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയടി നേടാൻ ടൊവിനോയ്ക്ക് കഴിഞ്ഞിരുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനൊപ്പം യുജിഎം മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസുമാണ് സിനിമ നിർമ്മിച്ചത്. കഴിഞ്ഞ ദിവസം സിനിമയുടെ സക്‌സസ് സെലിബ്രേഷൻഎആർഎം ടീം സംഘടിപ്പിച്ചിരുന്നു.

സെലിബ്രേഷൻ ഇവന്റിൽ ലിസ്റ്റിൻ സ്റ്റീഫന്റെ സംഭാഷണമാണിപ്പോൾ സിനിമാ മേഖലയിലെ ചർച്ച. നായകനുമായി പിണങ്ങേണ്ടി വന്ന ലിസ്റ്റിൻ ഇക്കാര്യങ്ങൾ പറഞ്ഞ് തീർത്തത് സക്‌സസ് സെലിബ്രേഷനിലായിരുന്നു. ആദ്യം സിനിമയുടെ നിർമ്മാണ ചുമതലയിൽ ഇല്ലാതിരുന്ന ലിസ്റ്റിൻ എആർഎം സിനിമയുടെ ഭാഗമായപ്പോൾ മുതലുണ്ടായിട്ടുള്ള നല്ലതും ചീത്തയുമായ അനുഭവങ്ങളെല്ലാം വിവരിച്ചു.

എആർഎം സിനിമയുടെ ഷൂട്ട് ആരംഭിക്കുന്നതിന് ഇരുപത്തിയഞ്ച് ദിവസം മുമ്പാണ് ഞാൻ ഈ സിനിമയുടെ ഭാഗമാകുന്നത്. ഡോ. സഖറിയ തോമസുമായുള്ള ബന്ധത്തിലാണ് ഞാൻ ഈ സിനിമയുടെ ഭാഗമായത്. അന്ന് ഇട്ടതും പറഞ്ഞതുമായ ബജറ്റിൽ നിന്ന് വ്യത്യാസം വന്നു. എല്ലാ സിനിമകളും അങ്ങനെയാണ്. ആരംഭിക്കുമ്പോൾ ഒരു ബജറ്റ് പിന്നീട് വേറൊരു ബജറ്റ് എന്നത് എല്ലാ സിനിമകളിലും സംഭവിക്കുന്നതാണ്. അത് ഈ സിനിമയ്ക്കും സംഭവിച്ചു. പക്ഷേ, ഈ സിനിമയുടെ ചില ഷോട്ടുകൾ കണ്ടപ്പോൾ ഞാൻ ഇംപ്രസ്ഡായി.

അതിനുശേഷമാണ് പാൻ ഇന്ത്യൻ ലെവലിലേക്ക് കൊണ്ടുപോകാമെന്ന് തീരുമാനിച്ചത്. അങ്ങനെയാണ് ചിത്രത്തിൻ്റെ പേര് എആർഎം എന്നാക്കുന്നത്. എല്ലാവരുടെയും ഹാർഡ് വർക്ക് ഈ സിനിമയ്ക്ക് പിന്നിലുണ്ട്. സിനിമയുടെ സീജിയൊക്കെ ഏറ്റവും അവസാനമാണ് റെഡിയായി കിട്ടിയത്. അതുകൊണ്ട് തന്നെ റിലീസ് പോലും മറ്റ് ഭാഷകളിൽ തള്ളിവെച്ചിരുന്നു. ഈ സിനിമയുടെ റിലീസിനുശേഷമാണ് ബിസിനസ് നടന്നത്. എനിക്ക് ഇത്രയേറെ ധൈര്യമുണ്ടെന്ന് മനസിലാക്കി തന്നതും എആർഎം സിനിമയാണ്.

വലിയ സിനിമകൾ ഫിനാൻസ് എടുത്തിട്ടാണ് ചെയ്യുന്നത്. അതൊക്കെ റിലീസ് ചെയ്യും മുമ്പ് സെറ്റിൽ ചെയ്യണം. പക്ഷെ എആർഎം ബിസിനസാകും മുമ്പ് മറ്റ് പ്ലാറ്റ്‌ഫോമുകൾ പറഞ്ഞ തുക ഞങ്ങൾക്ക് ഓക്കെയാകാതിരുന്നപ്പോൾ ഫൈനൽ സെറ്റിൽമെന്റ് ചെയ്യാൻ എനിക്ക് കുറച്ച് പണം ആവശ്യമായിരുന്നു. ഇത്ര കോടികളുടെ ആവശ്യം വന്നപ്പോൾ എന്റെ ഒരു കോളിൽ എന്നെ സഹായിച്ചത് പൃഥ്വിരാജാണ്.

കുറച്ച് കൂടി പണം ആവശ്യമായി വന്നപ്പോൾ എന്നെ സഹായിച്ച മറ്റൊരാൾ അൻവർ റഷീദാണ്. ഞാൻ ഇന്ന് ഇവിടെ ഇങ്ങനെ നിൽക്കണമെങ്കിൽ അതിന് പിന്നിൽ ഒരുപാട് പേരുണ്ട്. ആദ്യമായാണ് എന്റെ ഒരു സിനിമ നൂറ് കോടി ക്ലബ്ബിൽ കയറുന്നത് അതിലും എനിക്ക് സന്തോഷമുണ്ട്. പിന്നെ സിനിമയിൽ പ്രവർത്തിക്കുമ്പോൾ ഇണക്കങ്ങളും പിണക്കങ്ങളും സ്വഭാവികമാണ്. ടൊവിയും ഞാനും ഇപ്പോൾ ചെറിയ പിണക്കത്തിലാണ്. ചെറിയ കാര്യങ്ങൾക്കുപോലും പിണങ്ങും. കാരണം സിനിമയോട് അത്രയും പാഷനുള്ളയാളാണ്. എന്നാൽ പെട്ടന്ന് ഇണങ്ങുകയും ചെയ്യും. ഈഗോ നോക്കാതെ എല്ലാം ചെയ്ത് തരും. ഇണക്കങ്ങളും പിണക്കങ്ങളും സിനിമയ്ക്കുള്ളിൽ മാത്രമാണെന്ന് കൂടി ടൊവിയോട് പറയുകയാണ് എന്നാണ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞത്. വളരെ വർഷങ്ങളായി ലിസ്റ്റിന്റെ അടുത്ത സുഹൃത്തുക്കളാണ് പൃഥ്വിരാജും സുപ്രിയ മേനോനും.

ഇതിന് മറുപടിയായി ടൊവിനോയുടെ വാക്കുകളും ശ്രദ്ധേയമാണ്. താൻ ചെറിയ കാര്യങ്ങൾക്കുപോലും പിണങ്ങിയെക്കുമെന്നും അതെന്തിനാണെന്ന് പിന്നീട് ഓർക്കാറുപോലുമുണ്ടാകില്ലെന്നുമാണ് ടൊവിനോ മറുപടിയായി പറഞ്ഞത്. അങ്ങനെ ആർക്കെങ്കിലും വിഷമം ആയിട്ടുണ്ടെങ്കിൽ സോറി പറഞ്ഞാണ് തന്റെ സിനിമാ വിജയാഘോഷത്തിൽ മറുപടി നൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button