‘80-കളുടെ ആ പഴയ ചന്തം’; ചാറ്റ് ജിപിടിയില്ലാതെ ഒറിജിനൽ റെട്രോ ലുക്കിൽ ബാബു ആന്റണി

സോഷ്യൽ മീഡിയയിൽ എഐ വിന്റേജ് ചിത്രങ്ങൾ തരംഗമാകുമ്പോൾ തികച്ചും വ്യത്യസ്തമായ ഒരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ ആക്ഷൻ ഹീറോ ബാബു ആന്റണി. മറ്റ് താരങ്ങൾ എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ 80-കളിലെ റെട്രോ ലുക്കുകൾ പുനഃസൃഷ്ടിച്ച് പങ്കുവെക്കുമ്പോൾ, തന്റെ യഥാർത്ഥ 80-കളിലെ ചിത്രവുമായാണ് താരം ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ തന്റെ പഴയകാല യഥാർത്ഥ ചിത്രം പങ്കുവെച്ചുകൊണ്ട് “ചാറ്റ് ജിപിടിയുടെ സഹായമില്ലാതെ തന്നെ 80സ് ട്രെൻഡ്” എന്നാണ് താരം കുറിച്ചത്. എക്കാലത്തും മാസ്സ് ലുക്കിലൂടെ ആരാധകരെ കീഴടക്കിയ ബാബു ആന്റണിക്ക് ആ പഴയകാല പ്രൗഢിയിലേക്ക് തിരികെ പോകാൻ എഐയുടെ സഹായം ആവശ്യമില്ലെന്നാണ് ട്രെൻഡ് കണ്ട ആരാധകരുടെ കമന്റ്. താരത്തിന്റെ അന്നത്തെ ഫോട്ടോകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
യഥാർത്ഥ ചിത്രത്തിന് പുറമേ, ഒരു പുതിയ തലമുറ ആരാധകൻ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചു നൽകിയ മറ്റൊരു ചിത്രവും ബാബു ആന്റണി ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. ഭാര്യയ്ക്കൊപ്പമുള്ള ആ എഐ ചിത്രത്തിനൊപ്പം “90-കളുടെയും 2K-യുടെയും സംയോജനം, ഒരു 2K ആരാധകൻ അയച്ചു തന്നത്. പുതിയ തലമുറയും എന്നെ ഇതുപോലെ നെഞ്ചിലേറ്റുന്നതിൽ സന്തോഷമുണ്ട്” എന്നും താരം കുറിച്ചു. എഐ ഫിൽട്ടറുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുമ്പോഴും ബാബു ആന്റണിയുടെ ഈ ഒറിജിനൽ റെട്രോ പോസ്റ്റ് ആരാധകർക്കിടയിൽ ഇതിനോടകം വൻ ഹിറ്റായി കഴിഞ്ഞു.



