CinemaNews

എം എൽ എ മാർക്ക് നാളെ സിനിമ കാണാം; അവസരമൊരുക്കി സ്പീക്കർ എ.എൻ ഷംസീർ

എം.എൽ എ മാരെ നാളെ സിനിമ കാണിക്കാൻ ഒരുങ്ങി സ്പീക്കർ എ.എൻ. ഷംസീർ. അര്‍ജുന്‍ അശോകനെ നായകനാക്കി ലിജു തോമസ് സംവിധാനം ചെയ്യുന്ന ‘അന്‍പോട് കണ്‍മണി എന്ന സിനിമ കാണാൻ എം എൽ എ മാർക്ക് അവസരമൊരുക്കിയിരിക്കുകയാണ് സ്പീക്കർ.

നാളെ വൈകുന്നേരം 7 മണിക്ക് തിരുവനന്തപുരം കലാഭവൻ തീയേറ്ററിലാണ് എം എൽ എ മാർക്കായി ചിത്രം പ്രദർശിപ്പിക്കുന്നത്. സിനിമ കാണാൻ ആഗ്രഹിക്കുന്നവർക്ക് വാഹന സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഒരു കല്യാണവും അതിനു ശേഷം ഉണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥാതന്തു.അനഘ നാരായണനാണ് ചിത്രത്തില്‍ അര്‍ജുന്‍ അശോകന്റെ നായികയായി എത്തുന്നത്.

ക്രിയേറ്റീവ് ഫിഷിന്റെ ബാനറില്‍ വിപിന്‍ പവിത്രന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അനീഷ് കൊടുവള്ളിയാണ്.

സിനിമയെ കുറിച്ച് നായകൾ അർജുൻ അശോകൻ പറഞ്ഞത് ഇങ്ങനെ “അൻപോട് കണ്മണി സിനിമയിൽ പറഞ്ഞു പോകുന്നത് പുതിയതായി കല്യാണം കഴിഞ്ഞ കപ്പിൾസിന്റെ അവസ്ഥയാണ്. ഒരു പെൺകുട്ടി പുതിയ വീട്ടിലേക്കാണ് വന്നു കയറുന്നത്. അവിടത്തെ അന്തരീക്ഷവുമായി ഒത്തുചേരാൻ സമയമെടുക്കും. ഏറ്റവും കൂടുതൽ പ്രശ്‌നമുണ്ടാകുന്നത് ചിലപ്പോൾ നാട്ടുകാരായിരിക്കും. വന്നു കേറി രണ്ടാഴ്ച്ച കഴിയുമ്പോൾ തന്നെ വിശേഷമായില്ലേ എന്ന ചോദ്യങ്ങളുണ്ടാകും. എന്താണ് വിശേഷം ആകാത്തത്, കുട്ടിയുടെ കുഴപ്പമാണോ എന്നതുപോലെയുള്ള ചോദ്യങ്ങളാകും.

ഈ പ്രശ്നങ്ങൾ ആദ്യം ബാധിച്ചു തുടങ്ങുന്നത് ആ വീട്ടിലെ അമ്മയെ ആയിരിക്കും. അമ്മ വന്ന് ആ പ്രഷർ തീർക്കുന്നത് വീട്ടിലായിരിക്കും. അപ്പോൾ ഭാര്യയായിരിക്കും ഭർത്താവിന്റെ അടുത്ത് വന്ന് ആ പ്രഷർ തീർക്കുക. കാരണം ആ ഭാര്യയ്ക്ക് അവിടെ വേറെ ആരുമില്ല ഇത് പറയാൻ. ഇങ്ങനെ ഒരു പശ്ചാത്തലത്തിൽ പോകുന്ന കഥയാണ് അൻപോട് കണ്മണി. ഒരു കുട്ടിയ്ക്ക് വേണ്ടിയുള്ള ഓട്ടമാണ് സിനിമ. സിനിമയുടെ റൈറ്റർക്ക് ജീവിതത്തിൽ നടന്ന ഒരു സംഭവമാണ്. അത് സബ്‌ജക്റ്റാക്കി അദ്ദേഹം ചെയ്തതാണ്. അദ്ദേഹം അത് മൂന്നാല് വർഷം അനുഭവിച്ചതാണ്. നമ്മൾ രണ്ടര മണിക്കൂറിൽ അത് കാണിക്കുന്നു”.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button