Cinema

മോഹൻലാലിന്റെ നായികയായി അരങ്ങേറ്റം; മമ്മൂട്ടിയുടെ പ്രിയങ്കരി ചന്ദ്രികയായി തിളങ്ങി നടി ചിത്രയുടെ ഓർമകൾ

മലയാളികളുടെ പ്രിയനടൻ മമ്മൂട്ടിയുടെ നായികയായി ‘അമരം’ സിനിമയിലെ ചന്ദ്രിക എന്ന കഥാപാത്രത്തിലൂടെ മലയാളി മനസ്സിൽ ഇടംനേടിയ നടിയാണ് ചിത്ര. ജീവനുതുല്യം സ്നേഹിച്ച പുരുഷനെ ഉപേക്ഷിച്ച് മറ്റൊരാൾക്ക് മുന്നിൽ താലി കെട്ടാൻ നിന്നു കൊടുക്കേണ്ടി വന്ന ചന്ദ്രികയുടെ വേദന പ്രേക്ഷകരുടെ കണ്ണുനനയിപ്പിച്ച ഒന്നായിരുന്നു. ‘മുക്തി’, ‘പഞ്ചാഗ്നി’ തുടങ്ങി ഒട്ടനവധി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത ചിത്ര മലയാളിത്തം നിറഞ്ഞ മുഖത്തിന് ഉടമയാണെങ്കിലും, യഥാർത്ഥത്തിൽ തമിഴനായ റെയിൽവേ എൻജിനീയർ മാധവന്റെയും മലയാളിയായ ദേവിയുടെയും മകളായി കൊച്ചിയിലാണ് ജനിച്ചത്.

വീട്ടിലെ മൂന്ന് പെൺമക്കളിൽ നടുവിലത്തെ കുട്ടിയായിരുന്ന ശ്രുതി ചിത്ര, പിന്നീട് സിനിമയിലെത്തിയപ്പോഴാണ് ‘ചിത്ര’ എന്ന പേര് സ്വീകരിച്ചത്. അച്ഛന്റെ ജോലി സംബന്ധമായി കുട്ടിക്കാലത്ത് ചെന്നൈയിലേക്ക് താമസം മാറിയ അവർ ഐ.സി.എഫ് ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുമ്പോൾ തന്നെ സിനിമയിലേക്ക് വന്നു. പത്താം ക്ലാസിനപ്പുറം പഠനം തുടരാൻ കഴിയാത്ത വിധം സിനിമ അവരെ തിരക്കിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

ബാലതാരമായി ചെറിയ വേഷങ്ങളിൽ അഭിനയമാരംഭിച്ച ചിത്ര, 1975-ൽ ‘കല്യാണപ്പന്തൽ’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ തുടക്കം കുറിക്കുന്നത്. തുടർന്ന് ‘ആട്ടക്കലാശം’ എന്ന സിനിമയിൽ മോഹൻലാലിന്റെ നായികയായി എത്തിയതോടെ അവരുടെ കരിയർ വഴിമാറി. മോഹൻലാലും ചിത്രയും ഒരേ ദിവസമാണ് ജനിച്ചതെന്ന യാദൃച്ഛികതയും ആ ചിത്രത്തിന്റെ വിജയം പ്രവചിച്ച ജാതകവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ചിത്രത്തിലെ ‘നാണമാകുന്നു… മേനി നോവുന്നു’ എന്ന ഗാനം വലിയ തരംഗമായി മാറി.

മലയാളത്തിനു പുറമെ തമിഴ് സിനിമകളിലും ചിത്ര സജീവമായിരുന്നു. മൈലാപ്പൂർ അമ്പലത്തിൽ വെച്ച് യാദൃശ്ചികമായി സംവിധായകന്‍ കെ.ബാലചന്ദറിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ‘അപൂർവരാഗങ്ങൾ’ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. ഫസ്റ്റ് ടേക്കിൽ തന്നെ ഭാവങ്ങൾ ചോരാതെ അഭിനയിച്ച ആ ഏഴുവയസ്സുകാരി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ തിരക്കുള്ള നടിയായി മാറി. തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും നൂറിലേറെ സിനിമകളിൽ അവർ അഭിനയിച്ചു.

അമരത്തിലെ ചന്ദ്രിക എന്ന കഥാപാത്രം ചിത്രയുടെ അഭിനയജീവിതത്തിലെ ഏറ്റവും വലിയ വഴിതിരിവായിരുന്നു. മിതത്വം നിറഞ്ഞ ഭാവചലനങ്ങളിലൂടെയും നോട്ടം കൊണ്ടും ആ കഥാപാത്രത്തെ അവർ അനശ്വരമാക്കി. പിന്നീട് അത്രത്തോളം ശക്തമായ വേഷങ്ങൾ ലഭിച്ചില്ലെങ്കിലും രണ്ട് പതിറ്റാണ്ടോളം തെന്നിന്ത്യൻ സിനിമയിലും സീരിയലുകളിലും സജീവമായിരുന്ന ചിത്ര, തന്റെ 56-ാം വയസ്സിലാണ് സിനിമാലോകത്തെയും ആരാധകരെയും കണ്ണീരിലാഴ്ത്തി വിടവാങ്ങിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button