‘ചിരിച്ച് ചിരിച്ച് മടുത്തു, കുറച്ച് വൈകിപ്പോയി’; കീർത്തിയുടെ ഓണാഘോഷത്തിൽ അപ്രതീക്ഷിത അതിഥിയായി നാനി, ചിത്രങ്ങൾ വൈറൽ

ഓണം ആഘോഷങ്ങളൊക്കെ കഴിഞ്ഞെങ്കിലും സോഷ്യൽ മീഡിയയിലൂടെ ഫോട്ടോ പങ്കുവയ്ക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടില്ല. നടി കീർത്തി സുരേഷ് ആണിപ്പോൾ ഓണാഘോഷ ചിത്രങ്ങളുമായെത്തിയിരിക്കുന്നത്. ഭർത്താവ് ആന്റണിയ്ക്കും മറ്റു കുടുംബാംഗങ്ങൾക്കുമൊപ്പമായിരുന്നു കീർത്തിയുടെ ഓണാഘോഷം.
“എന്റെ ഏറ്റവും പ്രിയപ്പെട്ടവർക്കൊപ്പം അതിമനോഹരമായ ഒരു ഓണം. ഒരുപാട് സദ്യ കഴിച്ചു. ചിരിച്ച് ചിരിച്ച് മടുത്തു. പിന്നെ ഈ വിശേഷങ്ങളെല്ലാം ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാൻ കുറച്ചു വൈകി. അതറിയാമല്ലോ.”- എന്നാണ് ചിത്രങ്ങൾക്കൊപ്പം കീർത്തി കുറിച്ചിരിക്കുന്നത്. ഓണാഘോഷത്തിനിടെ തെലുങ്ക് സൂപ്പർ താരവും കീർത്തിയുടെ അടുത്ത സുഹൃത്തുമായ നാനിയും വിഡിയോ കോളിൽ എത്തിയിരുന്നു.
നാനിക്കൊപ്പമുള്ള ചിത്രവും കീർത്തി പങ്കുവച്ചിട്ടുണ്ട്. നാനിക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യ അഞ്ജനയെയും വിഡിയോ കോളിൽ കാണാം. കേരള സാരിയും ഓഫ് വൈറ്റ് കുർത്തിയുമായിരുന്നു കീർത്തിയുടെ ഓണം ലുക്ക്. കീർത്തിയുടെ വളർത്തു നായകളെയും ഓണം തീമിലുള്ള വസ്ത്രം ധരിപ്പിച്ചിരുന്നു.
കാർത്തിക് സുബ്ബരാജിന്റെ ‘ദോറോത്തി’, നാനി നായകനായെത്തുന്ന ‘പാരഡൈസ്’ എന്നിവയാണ് കീർത്തിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.



